ന്യൂഡല്‍ഹി: ജിയോ സിം മൊബൈല്‍ ലോകം അടക്കിവാഴുമോ എന്ന പേടിയില്‍ വന്‍ ഓഫറുകളുമായി രംഗത്തെത്തുകയാണ് മറ്റു മൊബൈല്‍ കമ്പനികള്‍. ഐഡിയക്കും വൊഡാഫോണിനും പിന്നാലെ കിടിലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്‌ എയര്‍ടെലാണ്. 259 രൂപക്ക് 10ജിബിയാണ്( 3ജി/4ജി)എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. പുതിയ 4ജി ഹാന്റ്‌സെറ്റ് എടുക്കുന്നവര്‍ക്കാണ് ഈ ഓഫര്‍ നല്‍കുന്നതെന്ന് കമ്പനി അറിയിച്ചു.

10 ജിബിയില്‍ ഒരു ജിബി ഹാന്‍ഡ്‌സെറ്റില്‍ സിം ആക്ടിവാകുന്ന മുറക്ക് ലഭിക്കും. ബാക്കി 9 ജിബി മൈ എയര്‍ടെല്‍ ആപ് മുഖേനയാണ് ലഭിക്കുക. 28 ദിവസത്തേക്കാണ് ഈ ഓഫര്‍. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആഴ്ചയാണ് ഈ ഓഫര്‍ കൊടുത്തതെങ്കിലും വിജയമെന്ന് കണ്ടെതിനെ തുടര്‍ന്ന് മറ്റു സര്‍ക്കിളുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഇന്ത്യയിലാകമാനം 18 സര്‍ക്കിളുകളാണ് എയര്‍ടെലിനുള്ളത്.