X
    Categories: MoreViews

മലപ്പുറത്തോട് കേന്ദ്രം അനീതി കാട്ടുന്നു; എ.കെ ആന്റണി

 

ന്യൂഡല്‍ഹി : അനുകൂല സാഹചര്യങ്ങള്‍ നിലവില്‍ ഉണ്ടായിട്ടും കോഴിക്കോട് വിമാനതാവളത്തോട് കാണിക്കുന്ന അവഗണന നീതികരിക്കാനാവില്ലെന്നും ഉടനടി തീരുമാനം വേണമെന്നതാണ് ആവശ്യമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ.കെ.ആന്റണി പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കരുത് റെയില്‍വേ ഭൂപടത്തില്‍ നിന്ന് മലപ്പുറത്തെ മായ്ച്ചു കളയരുത് എന്നീ ആവശ്യങ്ങളുമായ് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലെല്ലാം മലപ്പുറത്തോട് വലിയ അനീതി കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് ഒരു പ്രത്യേക രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരിപ്പൂരിനെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യു.പി.എ ഭരണകാലത്ത് ചില ഉദ്യോഗസ്ഥര്‍ കരിപ്പൂരിനെതിരായി ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയെടുക്കുമ്പോള്‍ ഗവണ്‍മെന്റ് അതിനെ അവഗണിക്കുകയായിരുന്നു. ഇന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് അത്തരം റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കി എടുപ്പിക്കാലാണ് ഗവണ്‍മെന്റ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നഷ്ടങ്ങളുടെ കണക്ക് പറയുമ്പോഴും നിലവിലുള്ള റെയില്‍വേ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കാതെ ആയിരക്കണക്കിന് കോടി രൂപ വായ്പയെടുത്ത് അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് ബുള്ളറ്റ് ട്രയിന്‍ ഓടിക്കാനാണ് മോഡി ഗവണ്‍മെന്റ് ശ്രമിക്കുന്നതെന്നും ചടങ്ങില്‍ പ്രസംഗിച്ച മുന്‍ വ്യോമയാന മന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ് , എം.കെ.രാഘവന്‍, എം.ഐ.ഷാനവാസ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്‍.കെ.പ്രേമചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ്‌സ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തര്‍, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്, ഹസന്‍ പൊന്നേത്ത്, പി. നിധീഷ്, പി.കെ.നൗഫല്‍ ബാബു, സി.കെ.ഹാരിസ് എന്നിവര്‍ പ്രസംഗിച്ചു.

chandrika: