X

എ.കെ ബാലന്റെ പ്രസ്താവന അപകടകരം; പിന്‍വലിച്ച് മാപ്പ് പറയണം: എം.കെ മുനീര്‍

തിരുവനന്തപുരം: ഏകദൈവ വിശ്വാസികളായ മുസ്‌ലിംകള്‍ എന്തിനാണ് ബഹുദൈവ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു വിഷയത്തില്‍ ഇടപെടുന്നതെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവന അങ്ങേയറ്റം അപകടകരവും മതേതര നിലപാടിനോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.

അയ്യപ്പ ഭക്തരെ എരുമേലി പള്ളിയില്‍ ഇനി പേട്ട തുള്ളാന്‍ ഏകദൈവ വിശ്വാസികളായ മുസ്‌ലിംകള്‍ അനുവദിക്കേണ്ട എന്ന സന്ദേശമാണ് എ.കെ ബാലന്റെ പ്രസ്താവനയില്‍ ഒളിഞ്ഞിരിക്കുന്നത്. വിശ്വാസങ്ങളുടെ പേരില്‍ എരുമേലിയില്‍ വിശ്വാസികള്‍ രണ്ട് ചേരിയായി നില്‍ക്കണമെന്നാണോ എ.കെ ബാലന്‍ പറയുന്നതെന്ന് മുനീര്‍ ചോദിച്ചു. മതാടിസ്ഥാനത്തിലാണ് വിഷയങ്ങളെ സമീപിക്കേണ്ടതെങ്കില്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശരീഅത്ത് വിഷയത്തില്‍ ഇടപെടാനുള്ള അവകാശം ഉണ്ടായിരുന്നോ. ശബരിമലയില്‍ നിന്നും മറ്റ് മതസ്ഥരെ അകറ്റുന്ന എ.കെ ബാലന്റെ പ്രസ്താവനയും അയോധ്യയില്‍ നിന്നും മുസ്‌ലിം സമൂഹത്തിലുള്ളവരെ ആട്ടിയോടിക്കാന്‍ ബി.ജെ.പി നടത്തുന്ന ശ്രമവും തമ്മില്‍ എന്താണ് വ്യത്യാസമെന്നും മുനീര്‍ ചോദിച്ചു.

അയ്യപ്പ വിശ്വാസികളുടെ ഇടയില്‍ വാവര് സ്വാമിയുടെ സ്ഥാനം, എരുമേലി പള്ളിയിലെ പേട്ട തുള്ളല്‍, ഇതൊക്കെ സംസ്‌കാരത്തിന്റെ സമന്വയമാണ്. കേരളത്തിന്റെ മാനവികതയുടേയും മതേതരത്വത്തിന്റേയും പ്രതീകമായി ശബരിമല മാറുന്നത് അതുകൊണ്ടാണ്. സാഹോദര്യത്തിലും സാമാധാനത്തിലും കഴിയുന്ന കേരളീയ സമൂഹത്തെ വര്‍ഗീയവും ജാതിയവുമായി കഷ്ണം കഷ്ണമാക്കാനുള്ള ശ്രമം ബാലന്റെ പ്രസ്താവനയിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതു തന്നെയാണ് നവോത്ഥാനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചു കൂട്ടിയ യോഗത്തിലുമുണ്ടായത്. നവോത്ഥാനത്തിന് ഒരു മതവിഭാഗം മതി, അല്ലെങ്കില്‍ മതത്തിലെ ചില ഘടകങ്ങള്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്.

എ.കെ ബാലന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാത്തതുകൊണ്ടാണ് തെറ്റിദ്ധാരണയെന്നും എല്ലാ സമൂഹത്തിന്റേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കുകയെന്നത് മുസ്‌ലിംകളുടെ മതപരമായ കടമയാണെന്നും മുനീര്‍ ഓര്‍മിപ്പിച്ചു.

chandrika: