X

ഇന്ധന നികുതി പിന്‍വലിച്ചു; ജനകീയ പ്രക്ഷേഭത്തിന് മുമ്പില്‍ മുട്ടുമടക്കി ഫ്രഞ്ച് ഭരണകൂടം

പാരിസ്: ആഴ്ചകള്‍ നീണ്ട അക്രമാസക്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഫ്രാന്‍സ് ഇന്ധന നികുതി പിന്‍വലിച്ചു. ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി അടുത്ത വര്‍ഷത്തെ ബജറ്റില്‍നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അധിക നികുതി ആറ് മാസത്തേക്ക് മരവപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ പിന്‍ന്മാറാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

വാഹനങ്ങള്‍ക്ക് കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കവും ഉപേക്ഷിച്ചതായി പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ് പറഞ്ഞു.

വില വര്‍ധനക്ക് കാരണമായ ഇന്ധന നികുതിക്കെതിരെ നടന്ന പ്രതിഷേധ പരിപാടികളില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടിയന്തരാവസ്ഥയെക്കുറിച്ചു പോലും ഫ്രാന്‍സ് ആലോചിച്ചു.

രാജ്യത്തിന്റെ ക്രമസമാധാനം തകര്‍ക്കുന്ന അവസ്ഥയിലേക്ക് പ്രതിഷേധങ്ങള്‍ മാറിയതോടെയാണ് അധിക നികുതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചത്. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ക്ക് ഇന്ധന വില വര്‍ധന മങ്ങലേല്‍പ്പിച്ചു. ഭരണകൂടത്തിന്റ പരിഷ്‌കരണ നയങ്ങളോട് എതിര്‍പ്പുള്ളവരാണ് പ്രതിഷേധങ്ങള്‍ക്കു പിന്നിലെന്ന് മക്രോണ്‍ ആരോപിച്ചിരുന്നു.

chandrika: