ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനും സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറുമായിരുന്ന രാകേഷ് അസ്താനക്കെതിരെ തെളിവുകള്‍ നിരത്തി സിബിഐ ഉദ്യോഗസ്ഥന്‍ രംഗത്ത്. മോയിന്‍ ഖുറേഷി കേസില്‍ ആരോപണവിധേയനായ അസ്താനക്കെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി എ.കെ ബസ്സി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ഖുറേഷി കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ടാണ് ബസ്സി പരമോന്നത നീതിപീഠത്തെ സമീപിച്ചത്. അസ്താനക്കെതിരായ കേസ് അന്വേഷിക്കവെ പോര്‍ട്ട് ബ്ലെയറിലേക്ക് സ്ഥലം മാറ്റപ്പെട്ട വ്യക്തിയാണ് ബസ്സി. എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നവര്‍ക്ക് 3.3 കോടി രൂപ കൈക്കൂലി നല്‍കിയതിന് വാട്‌സ്ആപ്പ് സന്ദേശങ്ങളും ഫോണ്‍കോളുകളും തെളിവുണ്ടെന്നാണ് ബസ്സി കോടതിയെ ബോധിപ്പിച്ചത്.

ഇടക്കാല സിബിഐ മേധാവിയായി എം നാഗേശ്വര്‍ റാവു ചുമതലയേറ്റ ഉടന്‍ അസ്താനക്കെതിരെ കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റിയിരുന്നു. സംഘത്തിലുണ്ടായിരുന്ന ശര്‍മയെ സിബിഐ മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സി(എംഡിഎംഎ)യിലേക്കും ബസ്സിയെ ആന്റമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ലെയര്‍ സിബിഐ ഓഫീസിലേക്കുമാണ് സ്ഥലം മാറ്റിയത്.