X
    Categories: CultureMoreNewsViews

ആലപ്പാട്ടെ കരിമണല്‍ ഖനനം: ഇടതു മുന്നണിയില്‍ ഭിന്നത

കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടതു മുന്നണിയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എമ്മും പിന്തുണച്ച് സി.പി.ഐയും രംഗത്തെത്തിയതോടെയാണ് മുന്നണിയിലെ രണ്ടു പ്രബല കക്ഷികള്‍ രണ്ട് ചേരിയായി മാറിയത്. ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ഹൈജാക്ക് ചയ്യുന്നതിന് ആരെയും അനുവദിക്കരുതെന്നും സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്കു തയ്യാറാവണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് ആവശ്യപ്പെട്ടിരുന്നു. തൊട്ടു പിന്നാലെ സമരക്കാരുമായി ഈ മാസം 16ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെ സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രംഗത്തെത്തിയതോടെയാണ് സി.പി.എം – സി.പി.ഐ പരസ്യ ഏറ്റുമുട്ടലിന് വഴിയൊരുങ്ങിയത്. സമരത്തിനു പിന്നില്‍ മലപ്പുറത്തുനിന്നുള്ളവരാണെന്നും ഖനനം നിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ ഒരുക്കമല്ലെന്നുമാണ് ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

നിയമങ്ങള്‍ പാലിച്ച് ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനം നടക്കുന്നതെന്ന് ജയരാജന്‍ വാദിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആ പ്രദേശത്തുകാരല്ല. സമരത്തിനു പിന്നില്‍ മലപ്പുറം ജില്ലയില്‍നിന്നുള്ള ചിലരാണ്. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. പതിനാറര കിലോമീറ്റര്‍ കടലോരത്താണ് ഖനനം നടക്കുന്നത്. ഇതിനെ പ്ലോട്ടുകളായി തിരിച്ച് നാല് പ്ലോട്ടുകള്‍ ഐ.ആര്‍.ഇക്കും നാല് പ്ലോട്ടുകള്‍ കെ.എം.എം.എല്ലിനുമാണ് ഖനനത്തിനു നല്‍കിയിരിക്കുന്നത്. നാലു പ്ലോട്ടില്‍ ഒന്നില്‍ മാത്രമേ ഐ.ആര്‍ഇ ഖനനം ആരംഭിച്ചിട്ടുള്ളൂ. പതിനാറര കിലോമീറ്ററില്‍ പതിനാറ് കിലോമീറ്ററിലും കടല്‍ ഭിത്തിയുണ്ട്. കടലാക്രമണത്തില്‍നിന്ന് ഇത് കരയെ സംരക്ഷിക്കും. അറേബ്യന്‍ രാജ്യങ്ങളില്‍ പെട്രോളും ഡീസലും ലഭിക്കുന്നതു പോലെ കടലു തരുന്ന സമ്പത്താണ് കരിമണലും. അത് പൂര്‍ണമായി സംസ്‌കരിച്ചെടുത്താല്‍ നല്ല വിലയുള്ള ഉത്പന്നമാക്കി മാറ്റാനാകും. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 240ല്‍ പരം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 2000ത്തില്‍ പരം കുടുംബങ്ങള്‍ തങ്ങളുടെ ഭൂമി കരിമണല്‍ ഖനനത്തിന് ലീസിന് കൊടുത്തിട്ടുണ്ട്. ജനങ്ങള്‍ സഹകരിക്കുന്നത് മൂലമാണ് ഖനനം നടക്കുന്നത്. സമരത്തിനു പിന്നില്‍ പ്രദേശത്തുകാരല്ല. മലപ്പുറത്തുനിന്നുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. മണല്‍ മാഫിയയാണോ സമരത്തിനു പിന്നിലെന്നും സംശയമുണ്ട്.
ഖനനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കും. എന്നാല്‍ അതിനു വേണ്ടി ഖനനം നിര്‍ത്തില്ല. ഒരിക്കല്‍ നിര്‍ത്തിയാല്‍ പിന്നീട് പുനരാരംഭിക്കാന്‍ കഴിയില്ല. സമരക്കാരുടെ ആവശ്യമെന്തെന്ന് മനസിലാകുന്നില്ല. ഒരുപാട് തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ് കമ്പനി. സമരത്തിനുപിന്നില്‍ സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണോയെന്ന് പരിശോധിക്കണം. ആലപ്പാട് തീരം തകര്‍ത്തത് കരിമണല്‍ ഖനനമല്ല. സൂനാമിയാണ്. ഖനനം മൂലമാണെന്ന് പറഞ്ഞുപരത്തുന്നത് ബോധപൂര്‍വ്വമാണെന്നും ജയരാജന്‍ വാദിച്ചു.

ഖനനം നിയമപരമാണെന്ന് അതുനടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് (ഐ.ആര്‍.ഇ) സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ആലപ്പാട്ടെ പ്രശ്‌നത്തില്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലേയും ആവര്‍ത്തിച്ചു. മന്ത്രി ഇ.പി ജയരാജന്റെ വാദം തള്ളിയ കാനം, ജനങ്ങള മറന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കുമെന്ന ചോദ്യവും ഉന്നയിച്ചു. പൊതുമേഖലാ കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ട് എന്നു വച്ച് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല അത്. ഭൂമി നഷ്ടപ്പെടുന്നു. അവര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല, അതാണ് ആലപ്പാടുകാരുടെ പരാതി. ജനകീയ വിഷയങ്ങളില്‍ സി.പി.ഐ എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ കാനം, സി.പി.എമ്മിന്റെ നിലപാട് പരിസ്ഥിതി വിരുദ്ധമാണെന്ന് പറയാതെ പറയുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: