ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ലഫ്റ്റനന്റ് ഗവര്‍ണറുടെയും വസതികള്‍ക്ക് മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങിയ രാഘവ് ചദ്ദ, അതിഷി അടക്കം നാല് ആം ആദ്മി പാര്‍ട്ടി നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അമിത് ഷായ്‌ക്കെതിരേ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്താന്‍ ആം ആദ്മി നേതാക്കള്‍ പദ്ധതിയിട്ടിരുന്നു.

ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ വസതിക്ക് സമീപത്തുനിന്നാണ് അതിഷിയെ കസ്റ്റഡില്‍ എടുത്തത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്താനാണ് അവര്‍ പദ്ധതിയിട്ടിരുന്നത്. ഇവരെ കൂടാതെ സഞ്ജീവ് ഝാ, കുല്‍ദീപ് കുമാര്‍ എന്നിവരെ അവരുടെ മണ്ഡലങ്ങളില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു.

അമിത് ഷായുടെ വസതിക്ക് പുറത്ത് പ്രകടനം നടത്തണമെന്ന രാഘവ് ചദ്ദയുടെ ആവശ്യം നേരത്തെ ഡല്‍ഹി പോലീസ് നിരസിച്ചിരുന്നു. കോവിഡ് സ്ഥിതിഗതികള്‍ കണക്കിലെടുത്താണ് ചദ്ദയുടെ ആവശ്യം നിരസിച്ചത്. ആഭ്യന്തരമന്ത്രിയുടെ വസതിക്ക് പുറത്ത് ഒരുതരത്തിലുള്ള ഒത്തുചേരലും അനുവദനീയമല്ലെന്ന് പോലീസ് അറിയിച്ചു. മാത്രമല്ല, ഡല്‍ഹിയില്‍ 144 പ്രാബല്യത്തിലുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസില്‍ നിന്ന് ചദ്ദയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

നോര്‍ത്ത് ഡല്‍ഹി, സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 2,500 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.