X

ഹിന്ദി അടിച്ചേല്‍പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് സിദ്ധരാമയ്യ; അമിത്ഷായുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം

ബംഗളൂരു: ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷക്ക് സാധിക്കുമെന്നും മാതൃഭാഷക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റിന് പിന്നാലെ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തി.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വ്യക്തമാക്കി. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്നും ഹിന്ദി ദിനാചരണത്തെ എതിര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ചോദിച്ചു. പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനുള്ള നീക്കമാണോ കേന്ദ്രം നടത്തുന്നതെന്ന ചോദ്യവുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും രംഗത്തെത്തി. അധികാരത്തില്‍ എത്തിയത് മുതല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന അമിത് ഷാ പിന്‍വലിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

സംസ്‌കാരവൈവിധ്യത്തെ അംഗീകരിക്കാത്ത ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

web desk 1: