പാരീസ്: ഫുട്‌ബോളില്‍ വീണ്ടും ചരിത്ര മുഹൂര്‍ത്തം കുറിച്ച് പാരീസ് സെയ്ന്റ് ജര്‍മന്‍ സ്‌ട്രൈക്കര്‍ എയ്ഞ്ചല്‍ ഡീ മരിയ. ആരാധകരെ എന്നും ആവേശം കൊള്ളിച്ച ഡീ മരിയ കളത്തില്‍ വീണ്ടും വിസ്മയം തീര്‍ത്തിരിക്കുകയാണ്. ഫുട്‌ബോള്‍ ചരിത്രത്തില്‍ അപൂര്‍വമായി മാത്രം പിറന്നിട്ടുള്ള കോര്‍ണര്‍ കിക്ക് ഗോള്‍ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഫ്രഞ്ച് ലീഗ് വണ്ണില്‍ നിമെസിനെതിരെയാണ് ഡീ മരിയ കോര്‍ണര്‍ കിക്ക് നേരിട്ട് വലയിലെത്തിച്ചത്.

മരിയയുടെ മഴവില്ലിന് മുന്നില്‍ നിമെസ് പ്രതിരോധതാരങ്ങള്‍ക്കും ഗോളിക്കും കാഴ്ച്ചക്കാരാകാനേ കഴിഞ്ഞുള്ളൂ. കോര്‍ണറില്‍ നിന്നും മരിയ എടുത്ത കിക്ക് വില്ലുപോലെ വളഞ്ഞ് ഗോള്‍ പോസ്റ്റിന് ഉളളിലേക്ക് കയറുകയായിരുന്നു. ഫുട്‌ബോള്‍ ലോകത്ത് അപൂര്‍വ്വമായി മാത്രം കണ്ടിട്ടുള്ള കാഴ്ച്ചയില്‍ ലോകം തന്നെ അമ്പരന്നുപോയി.

പുതിയ സീസണില്‍ മരിയയുടെ ആദ്യ ഗോളാണിത്. മരിയയെ കൂടാതെ നെയ്മറും എംബാപ്പെയും കവാനിയും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ പി.എസ്.ജി 4-2ന് വിജയിച്ചു. ലോകകപ്പിലും മനോഹരമായൊരു ഗോള്‍ ഡീ മരിയ സ്വന്തമാക്കിയിരുന്നു. എന്നാല്‍, അര്‍ജന്റീനയുടെ മോശം പ്രകടനം ഡീ മരിയയുടെ ലോകകപ്പ് ഓര്‍മ്മകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്.