kerala

‘കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തം’: പി. വി അബ്ദുൽ വഹാബ്‌ എം.പി

By webdesk14

July 10, 2025

ലണ്ടൻ: – കേരളത്തിലെ ഇടതുപക്ഷ ഭരണം സമസ്തമേഖലയിലും പരാജയമാണെന്നും ജനങ്ങൾക്കിടയിലെ ഭരണ വിരുദ്ധ വികാരമാണു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്‌ ഫലം നൽകുന്ന സൂചനയെന്നും പി. വി അബ്ദുൽ വഹാബ്‌ എം. പി. അഭിപ്രായപ്പെട്ടു.

ഹ്രസ്വ സന്ദർശനാർത്ഥം ലണ്ടനിലെത്തിയ അബ്ദുൽ വഹാബ്‌ എം. പിക്ക്‌ ബ്രിട്ടൻ കെ. എം.സി. സി നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന പഞ്ചായത്ത്‌ മുൻസിപ്പൽ തിരഞ്ഞെടുപ്പിലും തുടർന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും യു. ഡി. എഫ്‌. ശക്തമായി തിരിച്‌ വരുമെന്നും അതിനായി യു. ഡി. എഫിലെ മുഴുവൻ ഘടകങ്ങളും കർമ്മനിരതരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ ആരോഗ്യവകുപ്പ്‌ സമ്പൂർണ്ണ പരാജയമായതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോർജ്ജ്‌, തന്റെ മന്ത്രി സ്ഥാനം രാജി വെച്ചൊഴിയണമെന്ന് ബ്രിട്ടൻ കെ.എം. സി. സി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യോഗത്തിൽ ബ്രിട്ടൻ കെ. എം.സി.സി ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട അദ്ധ്യക്ഷം വഹിച്ചു. അശ്രഫ്‌ കീഴൽ, പി. എം. നാസർ, മുദസ്സിർ, മഹ്ബൂബ്‌ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സഫീർ പേരാമ്പ്ര സ്വാഗതവും നുജൂം ഇരീലോട്ട്‌ നന്ദിയും പറഞ്ഞു.