kerala

രാജ്യ വിരുദ്ധ പരാമര്‍ശം; അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

By webdesk18

May 28, 2025

രാജ്യ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ സംവിധായകന്‍ അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് അഖില്‍ മാരാരോട് ഹൈക്കോടതി നിര്‍ദേശിച്ചു. കൊട്ടാരക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. അഖിലിനെ മെയ് 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അഖില്‍ മാരാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്.

സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ അഭിപ്രായ പ്രകടനം നടത്തിയെന്ന് ആരോപിച്ച് ബിജെപി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയില്‍ കൊട്ടാരക്കര പൊലീസാണ് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തത്. മൂന്നാം കക്ഷി ഇടപെടലിനെ തുടര്‍ന്ന് പാകിസ്താനെതിരായ പോരാട്ടത്തില്‍ നിന്ന് ഇന്ത്യ പിന്നോട്ട് പോയെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. ഇതിനെ തുടര്‍ന്ന് ബിജെപി-ആര്‍എസ്എസ് അനുകൂലികള്‍ അഖില്‍ മാരാര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് പരാതി നല്‍കിയത്.

എന്നാല്‍, ഇന്ത്യയുടെ അഖണ്ഡതയെയോ ഐക്യത്തെയോ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ താന്‍ നടത്തിയിട്ടില്ലെന്നും രാഷ്ട്രീയവിശകലനം മാത്രമാണ് നടത്തിയതെന്നുമാണ് അഖില്‍ മാരാരുടെ വാദം.