X

ഭീകരവാദത്തിനെതിരെ പോരാടുമെന്ന് എമിറേറ്റ്‌സ് ഫത്‌വാ കൗണ്‍സില്‍

 

ലോകത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടങ്ങള്‍ നടത്തുമെന്ന് എമിറേറ്റ്സ് ഫത്വ കൗണ്‍സില്‍. ഭീകരവാദത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും തെറ്റായ സന്ദേശങ്ങളും ക്രമവിരുദ്ധമായ ഫത്വകളും പുറപ്പടുവിച്ച് മുസ്ലിം സമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന പ്രവണതകള്‍ക്കെതിരേയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുമെന്നും എമിറേറ്റ്സ് ഫത്വ കൗണ്‍സില്‍ അറിയിച്ചു. യഥാര്‍ഥ ഇസ്ലാമിക ദര്‍ശനങ്ങളുടെ പ്രചാരണത്തിലൂടെ ലോകമിന്ന് അഭിമുഖീകരിക്കുന്ന ഭീകരവാദത്തിനും തീവ്രനിലപാടുകള്‍ക്കുമെതിരേ പ്രവര്‍ത്തിക്കാനാണ് കൗണ്‍സില്‍ ആദ്യ യോഗം തീരുമാനിച്ചതെന്ന് ഇസ്ലാമിക സമൂഹത്തിന്റെ സമാധാനം ലക്ഷ്യമിട്ടുകൊണ്ടുള്ള ഫോറത്തിന്റെ ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ ബയ പറഞ്ഞു.

തെറ്റായ ഫത്വകള്‍ ഇസ്ലാമിന്റെ തത്ത്വങ്ങളെ കാറ്റില്‍പ്പറത്തി സമൂഹത്തില്‍ സുഖകരമല്ലാത്ത അന്തരീക്ഷമുണ്ടാക്കുന്നതിന് കാരണമായിട്ടുണ്ട്. രാഷ്ട്രങ്ങളുടെ നാശത്തിനും രക്തച്ചൊരിച്ചിലുകള്‍ക്കും ഇത് കാരണമായിട്ടുണ്ട്. കൃത്യതയോടെയുള്ള ഇടപെടല്‍കൊണ്ട് മാത്രമേ ഇതിനെ ഇതില്ലാതാക്കാന്‍ കഴിയുള്ളുവെന്നും ശൈഖ് ബിന്‍ ബയ പറഞ്ഞു. തെറ്റായ ഫത്വകള്‍ നിയന്ത്രിക്കാനും ഇസ്ലാമിക ദര്‍ശനങ്ങള്‍ സത്യസന്ധമായി സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി കഴിഞ്ഞ മാസമാണ് യു.എ.ഇ. കാബിനറ്റ് യു.എ.ഇ. ഫത്വ കൗണ്‍സിലിനെ നിയോഗിച്ചത്. മതസംഹിതകളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് കുഴപ്പം സൃഷ്ടിക്കുന്നതിനെതിരേ നിയമപരമായ സംവിധാനമുണ്ടാക്കിയ ആദ്യ അറബ് രാജ്യവും യു.എ.ഇ.യാണ്.

chandrika: