പൊന്നാനി: അനുവിന്റെ ആത്മഹത്യ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കൊലപാതകമാണെന്നും ആയുധംകൊണ്ട് കൊലചെയ്യുന്ന സിപിഎം അധികാരം കൊണ്ട് കൊല ചെയ്യുകയാണെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസ്. ഈ ക്രൂരതേയെയും നിസ്സാരവത്കരിക്കാന്‍ ആത്മാഭിമാനമുള്ള ഒരു മനുഷ്യജീവിക്കും സാധിക്കില്ല.

ദിനരാത്രങ്ങള്‍ കഷ്ടപ്പെട്ട് പട്ടിണിയോട് മല്ലിട്ട് നിരവധി പരീക്ഷകള്‍ എഴുതിയാണ് അവര്‍ റാങ്ക് ലിസ്റ്റില്‍ ഇടം പിടിക്കുന്നത്. ഇത്രയധികം ദുഷ്‌കരമായ കടമ്പ കടന്ന് നിയമനത്തിനായി കാത്തു നിന്നവര്‍ക്ക് കാണേണ്ടി വന്നത് ഈ സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളാണ്.

തനിക്ക് ലഭിക്കേണ്ട തന്റെ അവകാശമായ കസേരയില്‍ മന്ത്രി ബന്ധുവും, പാര്‍ട്ടി മിത്രങ്ങളും കയറിയിരിക്കുമ്പോള്‍ അത് നോക്കിനില്‍ക്കുന്ന ഏത് ഉദ്ദ്യോഗര്‍ത്ഥിയുടെ ഹൃദയമാണ് പിടഞ്ഞു പോകാതിരിക്കുക?

ഇത് കൊലപാതാകമാണ്. പ്രതി സര്‍ക്കാര്‍ തന്നെയാണ്. സര്‍ക്കാര്‍ മാത്രമാണന്നും. പി എസ് സി ചെയര്‍മാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെയര്‍മാന്റെ വസതിയിലേക്ക് നടത്തിയ എം എസ് എഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ് അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി വി.കെ.എം ഷാഫി മുഖ്യപ്രഭാഷണം നടത്തി. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാരിസ് പൂക്കോട്ടൂര്‍, സംസ്ഥാന സെക്രട്ടറി അഷ്ഹര്‍ പെരുമുക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ്, കെ.എം ഇസ്മായില്‍, റാഷിദ് കോക്കൂര്‍, ഫര്‍ഹാന്‍ ബിയ്യം, നദീം ഒളാട്ട്, എ വി നബീല്‍ എന്നിവര്‍ സംസാരിച്ചു.