X

അര്‍ദക്ക് ഹാട്രിക്ക്; തകര്‍പ്പന്‍ ജയത്തോടെ ബാര്‍സ

മാഡ്രിഡ്: അര്‍ദ തുറാന്റെ ഹാട്രിക്ക് മികവില്‍ ബാര്‍സലോണക്ക് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടായ നൗകാംപില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറുഷ്യ മോണ്‍ചെന്‍ഗ്ലാദ്ബാഷിനെതിരെ എതിരില്ലാത്ത നാലു ഗോളിനാണ് ബാര്‍സ ജയിച്ചു കയറിയത്. മറ്റൊരു മത്സരത്തില്‍ ലൂകാസ് പെരസിന്റെ ഹാട്രിക് മികവില്‍ ആര്‍സനല്‍ എഫ്.സി ബേസലിനെ ഒന്നിനെതിരെ നാലു ഗോളിന് വീഴ്ത്തി. ബയേണ്‍ മ്യൂണിക്ക് അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തിയപ്പോള്‍ സ്വന്തം ഗ്രൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി സമനില വഴങ്ങി. ബേസിക്തസിനെ ഡൈനാമോ കീവ് അരഡസന്‍ ഗോളുകള്‍ക്ക് മുക്കി.

കഴിഞ്ഞ വാരാന്ത്യത്തിലെ എല്‍ക്ലാസിക്കോയില്‍ സമനില വഴങ്ങിയ ബാര്‍സ വ്യക്തമായ ആധിപത്യത്തോടെയാണ് ഗ്ലാദ്ബാഷിനെ നേരിട്ടത്. 16-ാം മിനുട്ടില്‍ അര്‍ദ തുറാനുമായുള്ള നീക്കത്തിനൊടുവില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് ബാര്‍സയുടെ ആദ്യ ഗോള്‍ നേടിയത്. 50-ാം മിനുട്ടില്‍ ഹെഡ്ഡറിലൂടെ തുറാന്‍ തന്റെ ആദ്യ ഗോള്‍ നേടി. 53-ാം മിനുട്ടില്‍ അലക്‌സ് വിദാലിന്റെ പാസില്‍ നിന്ന് തുറാന്‍ സ്‌കോര്‍ 3-0 ആക്കി. 67-ാം മിനുട്ടില്‍ തുര്‍ക്കി താരം ചാമ്പ്യന്‍സ് ലീഗ് കരിയറിലെ തന്റെ ആദ്യ ഹാട്രിക് പൂര്‍ത്തിയാക്കി.

ബാര്‍സ ഉള്‍പ്പെടുന്ന സി ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ട് ഘട്ടത്തില്‍ സ്ഥാനമുറപ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റിയെ കെല്‍റ്റിക് ആണ് 1-1 സമനിലയില്‍ തളച്ചത്. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ 4-ാം മിനുട്ടില്‍ പാട്രിക് റോബര്‍ട്ട്‌സിലൂടെ സ്‌കോട്ടിഷ് ക്ലബ്ബ് ലീഡെടുത്തെങ്കിലും 8-ാം മിനുട്ടില്‍ കെലിച്ചി ഇഹ്യാനാച്ചോ നീലപ്പടയെ ഒപ്പമെത്തിക്കുകയായിരുന്നു.

ഗ്രൂപ്പ് എയില്‍ നിന്ന് ചാമ്പ്യന്മാരായി നോക്കൗട്ടുറപ്പിച്ച ആര്‍സനല്‍ എവേ മത്സരത്തിലാണ് തകര്‍പ്പന്‍ ജയം നേടിയത്. 8-ാം തന്നെ മിനുട്ടില്‍ ലൂകാസ് പെരസിലൂടെ അവര്‍ മുന്നിലെത്തി. 16-ാം മിനുട്ടില്‍ മികച്ച പാസിങിനൊടുവില്‍ റീബൗണ്ടില്‍ നിന്ന് സ്പാനിഷ് താരം ലീഡുയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ താരം ഹാട്രിക് പൂര്‍ത്തിയാക്കി. 54-ാം മിനുട്ടില്‍ അലക്‌സ് ഇവോബി ഗണ്ണേഴ്‌സിന്റെ നേട്ടം നാലാക്കി ഉയര്‍ത്തിയപ്പോള്‍ 78-ാം മിനുട്ടില്‍ സെയ്ദു ദൗംബിയ ആണ് ആതിഥേയരുടെ ആശ്വാസ ഗോള്‍ നേടിയത്.

അലയന്‍സ് അറീനയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 28-ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കിയുടെ ഗോളാണ് ബയേണിന് ജയം സമ്മാനിച്ചത്. തോറ്റെങ്കിലും ഗ്രൂപ്പ് ഡിയില്‍ നിന്ന് ചാമ്പ്യന്മാരായി അത്‌ലറ്റികോയും രണ്ടാ സ്ഥാനക്കാരായി ബയേണും മുന്നേറി.

ടീമിലെ പകുതിയിലധികം പേര്‍ സ്‌കോര്‍ ഷീറ്റില്‍ ഇടംനേടിയ മത്സരത്തില്‍ എതിരില്ലാത്ത ആറു ഗോളിനാണ് ഡൈനാമോ കീവ് ബേസിക്തസിനെ തകര്‍ത്തത്.

chandrika: