ഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ വലിയ ആഹ്ലാദപ്രകടനം നടത്തുന്ന റിപ്പബ്ലിക്ക് ടി. വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത്. പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്. ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

2019 ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. രാജ്യത്തെ നടുക്കിയ, നിരവധി പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചു. അര്‍ണബിനെ കപട രാജ്യസ്‌നേഹിയെന്ന് വിളിച്ചും ട്വീറ്റുകള്‍ വരുന്നുണ്ട്.

2019 ഫെബ്രുവരി പതിനാലിന് പുല്‍വാമ ആക്രമണം നടന്ന ദിവസം വൈകീട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ ഈ വര്‍ഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മറ്റെല്ലാവരേക്കാളും 20 മിനിറ്റ് മുന്‍പിലാണ് തങ്ങളെന്നാണ് അര്‍ണബ് പറയുന്നത്. ‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അര്‍ണബ് പറയുന്നുണ്ട്. ഈ ചാറ്റില്‍ മോദിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.