കെ.പി നൗഷാദ് അലി

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തതായാണ് വാര്‍ത്ത. ഉത്തരേന്ത്യന്‍ പൊലീസിനു പഠിക്കുന്ന പിണറായി പൊലീസിന്റെ ഈ ചെയ്തിയില്‍ സംശയത്തിന്റെ നിഴല്‍ പരന്നിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്ന സന്ദര്‍ഭങ്ങളിലെല്ലാം ശ്രദ്ധ തിരിച്ചുവിടാന്‍ ഇത്തരം ചില ഗിമ്മിക്കുകള്‍ പുറത്തിറക്കാറുണ്ട്. അത്തരത്തിലൊന്നാണോ ഇതെന്ന സംശയവും ബലപ്പെട്ടുവരികയാണ്. മഞ്ചക്കണ്ടി ഏറ്റുമുട്ടല്‍ കൊല നടന്ന വാര്‍ഷികത്തില്‍ മാവോയിസ്റ്റുകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായും വനം വകുപ്പ് ഓഫീസ്, പൊലീസ്‌സ്റ്റേഷന്‍ എന്നിവ ആക്രമിക്കാന്‍ പദ്ധിതിയിട്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും പൊലീസ് പറയുന്നു. അതേസമയം, തന്റെ സഹോദരന്റെ കൊലപാതകത്തിന് സമാനമായ സംഭവം തന്നെയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും വൈത്തിരിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി ജലീലിന്റെ സഹോദരനുമായ സി.പി റഷീദ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നപ്പോള്‍ സി.പി ജലീല്‍ വെടിയുതിര്‍ത്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമായത്. എഫ്.ഐ.ആറില്‍ വന്നത് മാവോയിസ്റ്റുകള്‍ നേരിട്ട് വെടിയുതിര്‍ത്തെന്നും സുരക്ഷ മുന്‍നിര്‍ത്തി വെടിവെക്കേണ്ടി വന്നു എന്നുമാണ്. എന്നാല്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തില്ലെന്നും അവര്‍ തോക്ക് ഉപയോഗിച്ചില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നു. കേരള സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് പൊളിറ്റിക്കല്‍ ക്രൈസിസ് ഉണ്ടാകുമ്പോള്‍ മാവോയിസ്റ്റുകളെ വളഞ്ഞിട്ട് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന തന്ത്രം ആവിഷ്‌ക്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ ഏറ്റുമുട്ടലിന് പേരുകേട്ട ഉത്തര്‍പ്രദേശ് പൊലീസിന്റെ പാതയാണ് ഇപ്പോള്‍ കേരള പൊലീസും അനുവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ ഇത്തരം വ്യാജ സംഭവങ്ങള്‍ സൃഷ്ടിക്കുകയും തങ്ങള്‍ക്കെതിരെ ഉയരുന്ന കൈകള്‍ ബന്ധിപ്പിക്കാന്‍ കരിനിയമങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്നതില്‍ സംഘ്പരിവാറിനൊപ്പംതന്നെയാണ് പിണറായിയുടെയും സഞ്ചാരം. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീടു സന്ദര്‍ശിക്കാന്‍ പുറപ്പെട്ട പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റുചെയ്തിട്ട് നാളേറെയായി. യു.എ. പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അന്യായമായി തുറങ്കിലടക്കപ്പെട്ട ആ ചെറുപ്പക്കാരന്‍ ജനാധിപത്യ വിശ്വാസികളുടെ മനസ്സിലെ വലിയ വേദനയായി മാറിയിരിക്കുന്നു. ഇനിയെത്രനാള്‍ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഈ വിഷയമുയര്‍ത്തി വലിയ പ്രതീക്ഷയോടെ പിണറായി വിജയനെ ചോദ്യവുമായി സമീപിച്ച പത്രപ്രവര്‍ത്തകര്‍ക്ക് ഒന്നും ചെയ്യാനില്ല എന്ന നിര്‍വികാരമായ മറുപടിയാണ് ലഭിച്ചത്. എന്‍.ഡി.എ കേരള നേതാവ് ദുബൈയില്‍ പണമിടപാട് കേസില്‍ അറസ്റ്റിലായപ്പോള്‍ അടിയന്തിരമായി വിദേശകാര്യ സഹമന്ത്രി ജയശങ്കറിന് കത്തെഴുതിയതും കോണ്‍സുലേറ്റില്‍ ഇടപെടല്‍ നടത്തിയതും ഇതേ കേരള മുഖ്യമന്ത്രിയായിരുന്നു. ചില വിഷയങ്ങളില്‍ തന്റെ നിലപാട് ‘അയ് മൂന്ന് പയ്മൂന്ന്’ ആണെന്ന് പിണറായി വ്യക്തമായി പറയുകയാണ്.

അനിശ്ചിതത്വംനിറഞ്ഞ പ്രവചനാതീതമായ വഴികളിലൂടെ സഞ്ചരിക്കാനാണ് ദേശീയ രാഷ്ട്രീയത്തില്‍ സി.പി.എം നിര്‍ബന്ധിതമായിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബംഗാളിലും ത്രിപുരയിലും നാലാമതും മൂന്നാം സ്ഥാനത്തും മത്സരമവസാനിപ്പിക്കേണ്ടിവന്നു. കേരളത്തെ മാത്രം ആശ്രയിച്ചു മുന്നോട്ട് പോകേണ്ട സ്ഥിതിയാണ് സി.പി.എമ്മിനു മുന്നിലുള്ളത്. പ്രാഗല്‍ഭ്യംകൊണ്ട് ദേശീയ ശ്രദ്ധ തന്നിലേക്കാകര്‍ഷിച്ചുനിര്‍ത്തിയിരുന്ന ഇ.എം. എസിനുശേഷം അവശേഷിക്കുന്ന ഏക സംസ്ഥാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന പദവി പിണറായി വിജയനെയും വെള്ളി വെളിച്ചത്തില്‍ നിര്‍ത്തുന്നുണ്ട്. സി.പി.എമ്മിനകത്ത് പിണറായിക്കും കേരള ബ്രാന്‍ഡിനും ലഭിച്ച പ്രാമുഖ്യം ശീലമില്ലാത്ത പല വഴികളും രീതികളുമൊക്കെ നിശബ്ദം സഹിക്കാന്‍ ആ പാര്‍ട്ടിയെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. ബംഗാളും ത്രിപുരയും മുതല്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ വരെ കോണ്‍ഗ്രസുമായി ചേര്‍ന്നുപോകുമ്പോഴും കേരളത്തില്‍ കോണ്‍ഗ്രസിനെ എതിരിടാന്‍ ബി.ജെ.പി പഥ്യമാണ് എന്ന തോന്നല്‍ അതിന്റെ ഉദാഹരണമാണ്. 2016ല്‍ ഇടതു സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ബി.ജെ.പി നേതാവായ കെ. സുരേന്ദ്രന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു.

‘വലിയ തോതില്‍ മുസ്‌ലിം വോട്ട് പിണറായിയും എല്‍.ഡി.എഫും സ്വന്തമാക്കിയിട്ടുണ്ട്. ചില മുസ്‌ലിം ഗ്രൂപ്പുകള്‍ ചരടുവലിക്കുന്ന ഗെയ്ല്‍, ദേശീയപാത വിരുദ്ധ സമരങ്ങളെ പരാജയപ്പെടുത്തുന്നപക്ഷം പിണറായി കരുത്തുറ്റ ഭരണാധികാരിയായി വിലയിരുത്തപ്പെടും’. ഗെയില്‍ വിരുദ്ധ സമരത്തെ പിണറായി ചോരയില്‍ മുക്കിയെങ്കിലും ദേശീയപാത അതോറിറ്റിയുടെ മെല്ലെപ്പോക്ക് കാരണം സര്‍ട്ടിഫിക്കറ്റ് പൂര്‍ണ്ണമായിട്ടില്ല. ഇടതുപക്ഷ ഭരണത്തില്‍നിന്നും പ്രതീക്ഷിക്കാത്ത നിലപാടുകളുമായി കേന്ദ്ര രീതികളുടെ ചുവരെഴുത്ത് വായിച്ചാണ് കഴിഞ്ഞ നാലര വര്‍ഷം കേരളം മുന്നോട്ട് നീങ്ങിയിട്ടുള്ളത്.

കൊളോണിയല്‍ വാഴ്ചക്കാലത്ത് ബ്രിട്ടീഷ് സൂചകങ്ങള്‍ക്കെതിരെ ഉയരുന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും രാജ്യദ്രോഹ കുറ്റം ചാര്‍ത്തുന്നത് പതിവായിരുന്നു. സമാനമായി ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ് സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവും സജീവമായ കാലമാണിത്. 2019 ല്‍ 35, 36 വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് യു.എ. പി.എ ഭേദഗതി ചെയ്തതോടെ കേന്ദ്ര സര്‍ക്കാറിന് അനിയന്ത്രിതമായ അധികാരങ്ങള്‍ കൈവന്നു. സര്‍ക്കാര്‍ നയങ്ങളെയും അധികാര കേന്ദ്രങ്ങളെയും വിമര്‍ശിക്കുന്നവരെയും പ്രതിഷേധകരെയും രാജ്യദ്രോഹകേസിലും യു.എ.പി.എയിലും പെടുത്തുക എന്നത് യു.പി പോലുള്ള സംസ്ഥാനങ്ങളും കേന്ദ്ര ആഭ്യന്തര വകുപ്പും നിര്‍ബാധം തുടരുകയാണ്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളില്‍ 165 ശതമാനത്തിന്റെയും യു.എ.പി.എ കേസുകളില്‍ 33 ശതമാനത്തിന്റെയും വര്‍ധനവ് രാജ്യത്തുണ്ടായി.

രാജ്യദ്രോഹ വകുപ്പുകളില്‍ ജാമ്യം നല്‍കാന്‍ കോടതി പ്രത്യക്ഷമായി വിമുഖത കാട്ടാറുണ്ട്. യു.എ.പി.എ കേസില്‍ ജാമ്യം ലഭിക്കണമെങ്കില്‍ പ്രതി നിരപരാധിയാണെന്ന് മതിയായ കാരണങ്ങളാല്‍ ജഡ്ജിക്ക് ബോധ്യം വരണം. എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളും പുതിയ കാലത്ത് വാര്‍ത്തയല്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ യു.പിയില്‍ മാത്രം 120 പേരാണ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടത്. അലനും താഹയും കോഴിക്കോട്‌നിന്നും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ യു.എ.പി.എ ചുമത്താന്‍ കേരള പൊലീസ് പറഞ്ഞ കാരണങ്ങളിലൊന്ന് അറസ്റ്റു വേളയില്‍ തീവ്ര ഇടതു മുദ്രാവാക്യം മുഴക്കിയെന്നാണ്. അസമില്‍ പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തതിന് യു.എ.പി.എ ചുമത്തപ്പെട്ട കൃഷക് മുക്തി സന്‍ഗ്രാം സമിതിക്കാര്‍ക്കെതിരെയുള്ള കുറ്റപത്രത്തിലെ പ്രധാന ചാര്‍ജ്ജുകള്‍ അവര്‍ പരസ്പരം കോമ്രേഡ്, ലാല്‍സലാം, ഇങ്ക്വിലാബ് സിന്ദാബാദ് എന്നിവ ഉപയോഗിക്കാറുണ്ട് എന്നായിരുന്നു. അസമിലെയും കേരളത്തിലെയും പൊലീസിങിലെ സാമ്യങ്ങള്‍ ഒട്ടും യാദൃച്ഛികമല്ല.

യു.എ.പി.എക്കെതിരായ സി.പി.എം ദേശീയ നിലപാടുകള്‍ പാര്‍ട്ടിക്കകത്തെ വരേണ്യ ഘടകമായ കേരളത്തിന് ബാധകമായിരുന്നില്ല. മുഖ്യമന്ത്രിയുടെ ഇംഗിതമറിഞ്ഞെന്നോണം സി. പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി താമരശ്ശേരിയിലെ ഒരു പൊതുയോഗത്തില്‍ അലനും താഹക്കുമെതിരായ യു.എ.പി.എയെ ന്യായീകരിച്ചത് കേരളത്തിലെ ഇസ്‌ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ്. നാളിതുവരെ ആര്‍.എസ്.എസുകാര്‍ പരസ്യമായി പറയാന്‍ തയ്യാറാവാത്തത് പ്രസംഗിച്ച സി.പി.എം നേതാവ് തന്റെ വാദത്തിന്റെ യുക്തിയും തെളിവും വിശദീകരിക്കാന്‍ തയ്യാറായതുമില്ല. മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനങ്ങളോടും കടുത്ത അസഹിഷ്ണുത കേരള ഭരണം പുലര്‍ത്തുന്നു. 2019 ജൂണില്‍ പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ കണക്കനുസരിച്ച് 119 പേര്‍ക്കെതിരെയാണ് തനിക്കെതിരില്‍ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിനു കേസെടുത്തിട്ടുള്ളത്. 29 സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടികളുണ്ടായി. മാറുന്ന ശൈലികളോട് വേറിട്ടല്ല, ചേര്‍ന്ന് തന്നെയാണ് കേരളം നടക്കുന്നത്.

അടിയന്തിരാവസ്ഥക്ക് നാലര പതിറ്റാണ്ടിന്റെ പഴക്കമുള്ളപ്പോഴും കമ്യൂണിസ്റ്റ് കാല്‍പനികതകള്‍ക്ക് രാജനും ഈച്ചരവാര്യരുമൊക്കെ ഇന്നും പറഞ്ഞു മതിവരാത്ത വിഷയങ്ങളാണ്. പോയ ഒരുപാട് തലമുറകളുടെ പൊതുബോധത്തെ സ്വാധീനിക്കാനും ഈ വിഷയം സി.പി.എമ്മിനെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനുശേഷം ഏഴു പേരെയാണ് മാവോയിസ്റ്റ് മുദ്ര കുത്തി വെടിവെച്ചു കൊന്നത്. നിലമ്പൂരില്‍ രണ്ടും വൈത്തിരിയില്‍ ഒന്നും അട്ടപ്പാടിയില്‍ നാലും ജീവനുകള്‍ പൊലിഞ്ഞു. പോയിന്റ് ബ്ലാങ്കിലും കഴുത്തിനു പുറകിലുമൊക്കെയാണ് വെടിയുതിര്‍ത്തതെങ്കിലും ഉത്തര്‍പ്രദേശിനു സമാനമായി ഏറ്റുമുട്ടല്‍ കൊലകള്‍ എന്നു തന്നെയാണ് കേരള പൊലീസിന്റെയും ഭാഷ്യം. രാജ്യത്ത് മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും ദുര്‍ബലമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പൊലീസിന്റെ മാറുന്ന മുഖവും രീതികളും പരീക്ഷിക്കാനുള്ള മണ്ണായി കേരളത്തെ മാറ്റുകയാണ്. വികാസ് ദുബെ സംഘവും യു.പി പൊലീസുമായുള്ള ഏറ്റുമുട്ടലിനുശേഷം നടന്ന തുടര്‍ കൊലകളെ തുടര്‍ന്ന് ഭരണഘടന മൂല്യങ്ങള്‍ യു.പി സര്‍ക്കാര്‍ കാറ്റില്‍ പറത്തുന്നുവെന്ന വിമര്‍ശനവുമായി സി. പി.എം ദേശീയ നേതൃത്വം രംഗത്തുവന്നിരുന്നു.

ഒന്നര ഡസനിലധികം തവണ നീട്ടിവെച്ച ലാവലിന്‍ കേസ് വീണ്ടും നീട്ടാന്‍ സി.ബി.ഐ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമ്പോള്‍, മറു വശത്ത് രാഹുല്‍ ഗാന്ധിയുടെ ഓണ്‍ലൈന്‍ ഉദ്ഘാടനങ്ങള്‍പോലും സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ തടയുകയാണ്. എല്ലാ വിലക്കുകളും കീഴ്‌വഴക്കങ്ങളും കാറ്റില്‍പറത്തി തുടര്‍ച്ചയായി സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനങ്ങളില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് എയ്ഡഡ് വിദ്യാലയങ്ങളില്‍ പതാകയുയര്‍ത്തി മടങ്ങുന്നതും ഇതേ കേരളത്തിലാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ന്യൂ മാഹിയിലെ വേദി ബോംബ്‌വെച്ച് തകര്‍ത്ത കേസും പാലത്തായി പീഡനവും ജലരേഖയാവുന്നതും സന്നിധാനത്തെ പൊലീസ് നിയന്ത്രണം ആര്‍.എസ്.എസ് നേതാക്കള്‍ കൈയാളുന്നതും സംസ്ഥാനത്തെ ആര്‍.എസ്.എസ് അതിക്രമങ്ങളോടുള്ള മൃദു രീതികളും അന്തര്‍ധാരയുടെ ഇഴയടുപ്പം വിളിച്ചോതുന്നതാണ്. ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക സംസ്ഥാന ഭരണം നിലനിര്‍ത്താനുള്ള ത്വരയും കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായുള്ള പരീക്ഷണങ്ങളും പൊതു ലക്ഷ്യത്തിനായി കൈകള്‍ കോര്‍ക്കുന്ന രാഷട്രീയ സങ്കീര്‍ണ്ണതകള്‍ മതേതര ജനാധിപത്യവിശ്വാസികളെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ പ്രേരിപ്പിക്കേണ്ടതുണ്ട്.
(കെ.പി.സി.സി സെക്രട്ടറിയാണ് ലേഖകന്‍)