അബ്ദുല്ല വാവൂര്‍

ക്ലാസ്മുറികള്‍ മാത്രമല്ല പുറത്ത് സമൂഹത്തെ പരിവര്‍ത്തിപ്പിച്ചതിലും അധ്യാപകര്‍ക്ക് പങ്കുണ്ട്. ദേശീയ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലും ഗാന്ധിയന്‍ ആശയ പ്രചാരണങ്ങളിലും നവോത്ഥാന പരിഷ്‌കരണ സംരംഭങ്ങളിലും സാക്ഷരതാപ്രസ്ഥാനങ്ങളിലും അധ്യാപകര്‍ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്.
ഗുരുകുലത്തിലെ ‘ഗുരു’വില്‍നിന്ന് ഇന്നത്തെ മെന്ററിലേക്കുള്ള അധ്യാപകന്റെ സഞ്ചാരത്തിന് നിരവധി പരിഷ്‌കാരങ്ങളുടെ അകമ്പടിയുണ്ട്. ഓരോ ഗ്രാമത്തിലെയും നാട്ടു ചൈതന്യമായിരുന്നു ഒരുകാലത്ത് അവിടുത്തെ അധ്യാപകന്‍. ആ അധ്യാപകനെ ചുറ്റിപ്പറ്റിയായിരുന്നു ആ നാടിന്റെ ചലനം. തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളെ മാത്രമല്ല രക്ഷിതാക്കളുടെയും നാട്ടുകാരുടേയുമൊക്കെ ഗുരു സ്ഥാനം വഹിച്ചിരുന്നത് അധ്യാപകര്‍ തന്നെയായിരുന്നു. അറിവുകൊണ്ടും ആകര്‍ഷകത്വം കൊണ്ടും കുലീനതകൊണ്ടും അധ്യാപക വൃത്തിയെ സമൂഹം ആദരിച്ചിരുന്നു. അധ്യാപനം തൊഴിലായി മാറിയതോടെ സമൂഹം നല്‍കിയ പരിഗണനക്ക് മാറ്റംവന്നു. ഒരു സമയത്ത് ഏറ്റവും മികവുള്ള മിടുക്കരും സമര്‍ത്ഥരുമായവരുടെ ജീവിതാഭിലാഷം അധ്യാപകനാവുക എന്നായിരുന്നു . അതുകൊണ്ട് തന്നെ സര്‍ഗ പ്രതിഭകളായ അധ്യാപകര്‍ ധാരാളം ഉണ്ടായിരുന്നു. എന്‍ജിനീയറിങിനും മെഡിസിനും പാരാമെഡിക്കലിനും പ്രവേശനം കിട്ടാത്തവരുടെ അവസാനത്തെ അജണ്ടയാണ് ഇന്ന് അധ്യാപക വൃത്തി. പുരുഷന്മാരെക്കാളും സ്ത്രീകളാണ് ഈ മേഖലയിലുള്ളത്.

അധ്യാപകരുടെ സേവന വേതന വ്യവസ്ഥകള്‍ അധ്യാപക സംഘങ്ങളുടെ ഇടപെടല്‍ കൊണ്ട് കാലോചിതമായി മാറി മാറി വന്ന സര്‍ക്കാരുകള്‍ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. 1957ലെ വിദ്യാഭ്യാസ ബില്ലും തുടര്‍ന്ന് നിലവില്‍ വന്ന കേരള വിദ്യാഭ്യാസ ചട്ടവും കേരളത്തില്‍ സ്വകാര്യ മേഖലയിലെ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കാന്‍ വ്യവസ്ഥ ചെയ്തു. സ്വകാര്യ കോളജ് അധ്യാപകര്‍ക്ക് ശമ്പളം കിട്ടണമെങ്കില്‍ മാനേജരുടെ പറമ്പിലെ തേങ്ങ പറിക്കണമെന്ന അവസ്ഥ സി.എച്ച് മുഹമ്മദ് കോയ മാറ്റി അവര്‍ക്ക് ഡയറക്റ്റ് പേമെന്റ് ഏര്‍പ്പെടുത്തി. കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുന്ന അധ്യാപകര്‍ക്ക് സംരക്ഷണം നല്‍കി സി.എച്ച്. എക്കാലവും അധ്യാപക സമൂഹം ഓര്‍മ്മിക്കുന്ന പരിഷ്‌കരണമാണ് ഇ.ടി മുഹമ്മദ് ബഷീര്‍ നടപ്പാക്കിയത്. പരമ്പരാഗത അധ്യാപന രീതി മാറ്റി മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കാന്‍ അധ്യാപകന് വഴികാട്ടിയത് അദ്ദേഹമാണ്.

കുട്ടി ഒഴിഞ്ഞ പാത്രമാണെന്നും അതിലേക്ക് അറിവ് കുത്തിനിറക്കുകയാണ് അധ്യാപകനെന്നും എല്ലാ അറിവിന്റെയും കേദാരമാണ് അധ്യാപകനെന്നും വിദ്യാഭ്യാസ കാര്യത്തില്‍ അധ്യാപകനും പാഠപുസ്തകവും അവസാന വാക്കാണെന്നുമുള്ള പരമ്പരാഗത കാഴ്ചപ്പാടുകളെ മാറ്റി, കുട്ടി നേരത്തെ സാമാന്യം അറിവ് സ്വായത്തമാക്കിയിട്ടുണ്ടെന്നും സിലബസ്സിനകത്ത് കുട്ടിയെ തളച്ചിടാതെ പുറത്തുള്ള അറിവിന്റെ വിശാല ചക്രവാളത്തിലേക്ക് നയിക്കുകയാണ് ടീച്ചര്‍ വേണ്ടതെന്നുമുള്ള നവീനമായ കാഴ്ചപ്പാടുകളെ സ്വാംശീകരിക്കാന്‍ ഇക്കാലയളവില്‍ കേരളത്തിലെ അധ്യാപകര്‍ക്ക് കഴിഞ്ഞു. അധ്യാപക കേന്ദ്രീകൃത ക്ലാസ് മുറികളില്‍നിന്ന് കുട്ടിക്കിടമുള്ള ശിശുകേന്ദ്രീകൃത ക്ലാസുമുറികളിലേക്ക് കേരളം മാറി. പഠന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമീപസ്ഥ വികാസ മണ്ഡലത്തില്‍നിന്ന് കുട്ടിക്ക് കൈത്താങ്ങാവുന്ന സ്‌കഫോള്‍ഡറും ഫെസിലിറ്റേറ്ററും മെന്ററുമൊക്കെയായി അധ്യാപകന്‍ മാറി. 2011-16 കാലയളവ് കേരളത്തിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം എക്കാലത്തും സ്മരിക്കപ്പെടുന്ന കാലഘട്ടമാണ്.

പി.കെ അബ്ദുറബ്ബ് മന്ത്രിയായ ഈ വേളയിലാണ് അധ്യാപക മേഖലയിലെ നിശബ്ദ വിപ്ലവം എന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ട അധ്യാപക പാക്കേജ് ഉണ്ടായത്. അതുവരെ ജോലി യില്‍നിന്ന് പുറത്തുപോയവരെ തിരിച്ചുകൊണ്ട്‌വന്ന് പുനര്‍നിയമനം നല്‍കി. മൂവായിരത്തില്‍പരം അധ്യാപകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. ലോകത്തിലെ ഏറ്റവും ഉത്തരവാദപ്പെട്ട ജോലികളില്‍ ഒന്നാണ് അധ്യാപകരുടേത്. ശിലയില്‍ ഉളി കൊണ്ടെന്നതുപോലെ അധ്യാപകരുടെ വാക്കുകള്‍ ചില കുട്ടികളുടെയെങ്കിലും മസ്തിഷ്‌കത്തില്‍ രേഖപ്പെട്ടുകിടക്കും. അത്‌കൊണ്ട് അധ്യാപകര്‍ വാക്കുകള്‍ സൂക്ഷിച്ചേ ഉപയോഗിക്കാവൂ. അധ്യാപകരുടെ വാക്കുകളും ആശയങ്ങളും ഏതു കാലത്തും ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന ബോധമാണ് അധ്യാപകരില്‍ ഉണ്ടായിരിക്കേണ്ട സവിശേഷ ഗുണം. അത്തരം അധ്യാപകര്‍ കുട്ടികളുടെ കണ്ണില്‍ കാഴ്ചകള്‍ കുത്തിനിറക്കാന്‍ മുതിരില്ല. അവരില്‍ സ്വതേയുള്ള കാഴ്ച ശക്തിക്ക് തെളിമ കൂട്ടികൊടുക്കുകയും അവരില്‍നിന്ന് പുതിയ കാഴ്ചകള്‍ സ്വീകരിക്കുകയും ചെയ്യുന്ന അവര്‍ കുട്ടിയോടൊപ്പം സുഹൃത്തിനെപ്പോലെ നടക്കും. കുട്ടിയോടൊപ്പം പഠിക്കും. കുട്ടിയോടൊപ്പം കാഴ്ചകളെ പുതുക്കും. ഭൂതത്തിലും ഭാവിയിലും വര്‍ത്തമാനത്തിലും അവരുടെ കാലുകള്‍ ഉറച്ചുപോകില്ല. അവര്‍ കാടുകള്‍ വെട്ടി നശിപ്പിക്കില്ല. പകരം മരുഭൂമികളില്‍ ജലസേചനം നടത്തും. കുട്ടികളില്‍ വിശാലത വളര്‍ത്താന്‍ പരമ്പരാഗത രീതിയില്‍നിന്നും അധ്യാപകര്‍ മാറിചിന്തിക്കണം. സിലബസ്സിലും പാഠ ഭാഗങ്ങള്‍ തീര്‍ക്കുന്നതിലും ശ്രദ്ധയൂന്നുന്ന അധ്യാപകന്‍ കുട്ടിയുടെ സമഗ്ര വികാസം പരീക്ഷയിലെ ഉയര്‍ന്ന സ്‌കോറുകളില്‍ മാത്രം കാണരുത്.