Connect with us

Video Stories

മഹിതമായൊരു പാരമ്പര്യത്തിന്റെ ദാരുണാന്ത്യം

Published

on


അവ്ജിത് പഥക്


ജെ.എന്‍.യു ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സമാധാനപരമായ മാര്‍ച്ചില്‍ പങ്കെടുത്തതിന് കുറ്റപത്രം നല്‍കപ്പെട്ട 48 അധ്യാപകരില്‍ പെട്ട ഒരാളാണെങ്കിലും ഈ കുറിപ്പ് സര്‍വകലാശാലയുടെ ചട്ട-നിയമ വ്യാഖ്യാനങ്ങളുടെ അര്‍ത്ഥവിചാരങ്ങളെക്കുറിച്ചോ അതല്ലെങ്കില്‍ നിലവിലുള്ള അച്ചടക്ക-ശിക്ഷാസംവിധാനത്തെ സംബന്ധിച്ചോ അല്ല. മറിച്ച്, എന്റെ തികച്ചും സ്വകാര്യമായ വേദനയെയും നഷ്ടത്തെയും അവയുടെ വസ്തുനിഷ്ഠമായ കാരണങ്ങളെയുംകുറിച്ച് മാത്രമാണ്. ഒരു സ്വകാര്യാനുഭവം പങ്കുവെച്ച്‌കൊണ്ട് തന്നെ തുടങ്ങാം. കഴിഞ്ഞദിവസം ഒരു സുഹൃത്ത് തന്റെ മകള്‍ക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് ജെ.എന്‍.യു പരിഗണിച്ചുകൂടെ എന്നാരാഞ്ഞപ്പോള്‍ നിസ്സന്ദേഹമായാണ് മറുപടി നല്‍കിയത്, ‘വേണ്ട, അവിടെ വേണ്ട’. ഇന്നലെവരെ എന്റെ ആവേശമായിരുന്ന ഈ സര്‍വകലാശാലയെക്കുറിച്ച് ഞാനിങ്ങനെ പറയുന്നത് ഇതാദ്യമായാണ്. മുമ്പൊക്കെ ഞാന്‍ ജനങ്ങളോട് ജെ.എന്‍.യുവിനെക്കുറിച്ച് വാചാലനായിരുന്നത് ഇപ്രകാരമായിരുന്നു: ജെ. എന്‍.യു ഒരു സ്വപ്‌നവും പദ്ധതിയും പരീക്ഷണവുമാണ്-മികവും സമത്വവും ഇഴചേരുന്ന, വിമര്‍ശനചിന്തകളുടെ വളര്‍ച്ചക്കും വിമോചനാശയങ്ങള്‍ക്കും ബദല്‍ ജീവിത പ്രയോഗങ്ങള്‍ക്കും തികച്ചും അനുകൂലമായ ഒരു സര്‍ഗാത്മക ഇടം.
പക്ഷേ, ഇന്നെനിക്ക് ഈ വിശ്വാസങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ നിഖില മേഖലകളിലേക്കും ഭയത്തിന്റെ മന:ശാസ്ത്രമോ അതല്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്ന സര്‍ക്കുലറുകളോ കടന്നാക്രമണം നടത്തുന്ന ഒരു സര്‍വകലാശാലയിലേക്ക് തന്റെ മകളെ പറഞ്ഞു വിടാന്‍ എനിക്കെങ്ങിനെ എന്റെ സുഹൃത്തിനോടു പറയാന്‍ കഴിയും? തികച്ചും ഏകമാനമായ അക്കാദമിക് കൗണ്‍ സില്‍ യോഗത്തില്‍ വിയോജിപ്പിന്റെ ശബ്ദമുള മുതിര്‍ന്ന പ്രൊഫസര്‍ അപമാനിക്കപ്പെടുകയും മറ്റുള്ളവര്‍ മൗനം പാലിക്കുകയും ചെയ്യുമ്പോള്‍ അതൊരു വ്യക്തമായ സന്ദേശം നല്‍കുന്നുണ്ട്: ‘കൃത്യനിര്‍വഹണത്തിന് ചുമതലപ്പെട്ട അധികാരികളെ’ ചോദ്യം ചെയ്യരുത്. അനുഭവസമ്പത്തുള്ള ധാരാളം സീനിയര്‍ പ്രഫസര്‍മാര്‍ ഉണ്ടായിരിക്കെ, ഒട്ടും അനുഭവ പരിജ്ഞാനമില്ലാത്ത ജൂനിയര്‍ അധ്യാപകന്‍ സര്‍വകലാശാലയുടെ സാമൂഹ്യ ശാസ്ത്ര വിഭാഗത്തില്‍ ഡീനായി അവരോധിതനാവുമ്പോള്‍, സ്ഥാപന നിയമങ്ങള്‍ക്കോ, അക്കാദമിക കീഴ്‌വഴക്കങ്ങള്‍ക്കോ ഇവിടെ യാതൊരു വിലയും കല്‍പിക്കപ്പെടുന്നില്ലെന്നും, നടപ്പാക്കപ്പെടുന്നത് മേല്‍പറഞ്ഞ അധികാരികളുടെ ‘വിവേചനാധികാരം’ മാത്രമാണെന്നും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. അതേപോലെ, ലാവണ്യ ധന്യവും രാഷ്ട്രീയ മാനങ്ങളുമുള്ള പോസ്റ്ററുകള്‍ ചുവരുകളില്‍നിന്ന് നീക്കംചെയ്യപ്പെടുമ്പോള്‍ വിദ്യാര്‍ത്ഥികളോടത് ഓര്‍മപ്പെടുത്തുന്നത് അവരുടെ ‘പരിധി’കളെക്കുറിച്ച് എപ്പോഴും ബോധവാന്‍മാരായിരിക്കാന്‍ വേണ്ടിയാണ്.
തീര്‍ത്തും സമാധാനപരമായ മാര്‍ച്ചില്‍ പങ്കെടുത്ത നൂറ്റമ്പതോളം അധ്യാപകരില്‍ 48 പേരെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുമ്പോഴുള്ള തന്ത്രവും വളരെ വ്യക്തം: ചെറുകഷ്ണങ്ങളാക്കി ഭിന്നിപ്പിച്ച് അധ്യാപകരുടെ ആത്മവീര്യം കെടുത്തുക. ഇത്തരം വിഷലിപ്തമായ ഒരന്തരീക്ഷത്തില്‍ ഈ സര്‍വകലാശാലയില്‍ നടക്കുന്ന എല്ലാംതന്നെ കേവലം ഉപരിപ്ലവവും കപടവും അര്‍ത്ഥശൂന്യവുമായിമാറുന്നു. അത് ഗാന്ധിജിയുടെ നിയമ ലംഘന പ്രസ്ഥാനത്തെക്കുറിച്ചുള്ള പ്രഭാഷണമാവട്ടെ, അതല്ലെങ്കില്‍ ഫൂക്കോയുടെ ‘അച്ചടക്കവും ശിക്ഷയും’ എന്ന കൃതിയെ അധികരിച്ചുള്ള പ്രബന്ധമാവട്ടെ അതുമല്ലെങ്കില്‍ ‘പ്രാന്തവല്‍കരണവും പ്രതിരോധവും’ എന്ന ശീര്‍ഷകത്തിലുള്ള ഒരു സെമിനാറാവട്ടെ. ഞാനിതിനകം തന്നെ ഒരു ദോഷൈകദൃക്കായി മാറിയിട്ടുണ്ടെന്ന് എനിക്ക് തന്നെ ബോധ്യമുണ്ട്. എന്റെ വിദ്യാര്‍ത്ഥികളോട് പറയാറുള്ളത് എത്രയും പെട്ടെന്ന് അവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാനാണ്. കാരണം ഇന്നത്തെ ജെ.എന്‍.യു അവര്‍ സ്വപ്‌നംകണ്ട സര്‍വകലാശാലയില്‍നിന്നും വളരെയകലെയാണ്. ഒട്ടനവധി മഹാരഥന്‍മാര്‍ അവരുടെ ജീവിതോര്‍ജം മുഴുവന്‍ ചിലവഴിച്ച് പടുത്തുയര്‍ത്തിയ സര്‍വകലാശാലയെ കേവലം മൂന്ന് മാസം കൊണ്ട് നശിപ്പിക്കാന്‍ കഴിയുന്നു എന്നത് വിരോധാഭാസമായി തോന്നാം. നമ്മുടെ കാലഘട്ടത്തില്‍ സംഹാരകര്‍ക്കായിരിക്കാം സ്രഷ്ടാക്കളെക്കാള്‍ ശകതി. ഒരു കാര്യം കൂടി പങ്ക്‌വെക്കാം. ഈ സര്‍വകലാശാലയില്‍ ഒന്നും അത്ര എളുപ്പമല്ല. നാല് വര്‍ഷം പരിശ്രമിച്ച് ഗവേഷണ പ്രബന്ധം തയ്യാറാക്കുന്ന വിദ്യാര്‍ത്ഥിയെ ഏതെങ്കിലും ഓഫീസ് ഗുമസ്ഥന്‍മാര്‍ ഉണ്ടാക്കുന്ന ചെറിയ സാങ്കേതിക പിഴവിന് അധികൃതര്‍ വട്ടം കറക്കുന്ന കാഴ്ച ജെ.എന്‍.യുവില്‍ പതിവാണ്. പ്രബന്ധ ശീര്‍ഷകത്തിലെ ഒരു ചെറിയ അക്ഷര തെറ്റിന് എല്ലാ ഉദ്യോഗസ്ഥരുടെയും മുന്നില്‍ ഹാജരായി അപമാനിതരാവേണ്ട സ്ഥിതിയാണ് ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക്. ഇങ്ങിനെ പീഡിപ്പിക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിയെ സഹായിക്കാന്‍ അക്കാദമിക് മൂല്യനിര്‍ണയ വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കാണാന്‍ ഞാനൊരെളിയ ശ്രമം ഒരിക്കല്‍ നടത്തി. അപ്പോഴാണെനിക്ക് മനസിലായത് കാര്യങ്ങള്‍ ഇവിടെ പരിധിവിട്ടിരിക്കുന്നെന്ന്. ഓഫീസ് നടയിലെ പാറാവുകാരന്‍ എന്നെ ആദ്യം ചോദ്യം ചെയ്തു. അതെ, നീണ്ട 29 വര്‍ഷത്തെ അധ്യാപന പരിചയമുള്ള, ഇന്ത്യയിലെയും ലോകത്തിന്റെ പല ഭാഗങ്ങളിലെയും സര്‍വകലാശാലകളില്‍ അധ്യാപനം നടത്തുന്ന മികവുറ്റവരെ വാര്‍ത്തെടുക്കാന്‍ സഹായിച്ച എനിക്കാണ് ഈ ദുര്‍ഗതി. ഇല്ല. ഇതെനിയൊരിക്കലും എന്റെ സര്‍വകലാശാലയല്ല. രജിസ്ട്രാര്‍മാരുടെയും റക്ടര്‍മാരുടെയും സെക്ഷന്‍ ഓഫീസര്‍മാരുടെയും പാറാവുകാരുടെയും കലാശാലയായി ജെ.എന്‍. യു. നിപതിച്ചിരിക്കുന്നു .
പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി പുതിയ വിദ്യാര്‍ത്ഥികള്‍ എത്തിക്കഴിഞ്ഞു. പതിവ് പോലെ എന്റെ കേന്ദ്രം അവര്‍ക്കൊരു ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിക്കും. പോയ വര്‍ഷങ്ങളിലെല്ലാം പുതിയ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്തിരുന്നപ്പോള്‍ ഞങ്ങള്‍ പങ്കിടുന്ന ചില ധന്യമായ ഓര്‍മകള്‍ അവരോട് പങ്ക്‌വെക്കാറുണ്ടായിരുന്നു. റൊമീലാ ഥാപ്പര്‍ തുടങ്ങി ധാരാളം പ്രഗല്‍ഭമതികളെ കണ്ട ക്യാമ്പസിലെ പേരാല്‍ വൃക്ഷം, ഒരു കൂട്ടം വിദ്യാര്‍ത്ഥികളോടൊപ്പം ലൈബ്രറിയിലേക്ക് നടന്ന് പോവുന്ന പ്രൊഫ. ബിപിന്‍ ചന്ദ്ര, പ്രഫ. നാംവര്‍ സിംഗുമായും പ്രൊഫ. സുധിപ്ത കവി രാജുമായും പുതുതായി എത്തിയ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുന്ന തൊട്ടടുത്ത വ്യാപാര സമുച്ഛയത്തിലെ പുസ്തകക്കച്ചവടക്കാരന്‍, അടിയന്തിരാവസ്ഥക്കെതിരെ ക്യാമ്പസില്‍ നടന്ന ഐതിഹാസിക പ്രതിഷേധ സമരങ്ങള്‍, 84-ലെ കലാപത്തിനിരയായ സിഖ് സമുദായാംഗങ്ങള്‍ക്ക് സംരക്ഷണം കൊടുത്ത വിദ്യാര്‍ത്ഥികള്‍, ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് നിസ്വാര്‍ത്ഥ സേവനം ചെയ്തവര്‍, മേധാപട്കറെപോലെ പ്രഗല്‍ഭമതികള്‍ സംവദിച്ചിരുന്ന ഹോസ്റ്റല്‍ തീന്‍മുറിയിലെ നിശാ സദസ്സുകള്‍…. തുടങ്ങിയെത്രയെത്ര ഓര്‍മകളാണ് കഴിഞ്ഞ നാളുകളില്‍ വിദ്യാര്‍ത്ഥികളുമായി പങ്ക്‌വച്ചിരുന്നത്!
പുതിയ വിദ്യാര്‍ത്ഥികളോട് എന്താണ് സംസാരിക്കേണ്ടത്? സിലബസിനപ്പുറം ചിന്തിച്ചുപോകരുതെന്നോ അതല്ല, ആള്‍ക്കൂട്ട കൊലകള്‍, കലാപങ്ങള്‍, പട്ടിണി, ദാരിദ്ര്യം ഇവയൊന്നും കണ്ടില്ലെന്ന് നടിച്ച്, അച്ചടക്കമുള്ള പട്ടാളക്കാരെപോലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്താല്‍മാത്രം മതിയെന്നോ? നല്ല പുസ്തകങ്ങള്‍ വായിക്കുന്നത് കര്‍ശനമായി വിലക്കുകയും പകരം സമയാസമയങ്ങളില്‍ സര്‍വകലാശാല ഇറക്കുന്ന സര്‍ക്കുലറുകളുടെ അര്‍ത്ഥങ്ങളും വിവക്ഷകളും വ്യാഖ്യാനിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്താന്‍ ആവശ്യപ്പെടുകയോ? ഈ മഹത്തായ സര്‍വകലാശാലയുടെ പതനം എന്നെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു കളയുന്നു.
(ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സാമൂഹ്യ ശാസ്ത്രം അധ്യാപകനാണ് ലേഖകന്‍)
കടപ്പാട്: ദി വയര്‍
മൊഴിമാറ്റം: ഉബൈദുറഹിമാന്‍ ചെറുവറ്റ

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Food

പത്രങ്ങളില്‍ ഭക്ഷണം പൊതിയരുതെന്ന് എഫ്.എസ്.എസ്.എ.ഐയുടെ മുന്നറിയിപ്പ്

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും

Published

on

പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. എഫ്.എസ്.എസ്.എ.ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജി. കമല വര്‍ധന റാവുവാണ് ഉപഭോക്താക്കളോടും കച്ചവടക്കാരോടും ഭക്ഷണ സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇത്തരം പ്രവണതകള്‍ ആരോഗ്യപരമായ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് കമല വര്‍ധന റാവു പറഞ്ഞു.

അച്ചടി മഷികളില്‍ ലെഡ്, ഹെവി ലോഹങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകാം. അത് ഭക്ഷണത്തില്‍ കലരുകയും കാലക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വട പാവ്, ബേക്കറി വസ്തുക്കള്‍ അടക്കം ആഹാര സാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞു നല്‍കുന്നതിനെതിരെ എഫ്.എസ്.എസ്.എ.ഐ കച്ചവടക്കാര്‍ക്കും മറ്റും പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അച്ചടി മഷി ഹാനികരമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുമ്പോള്‍ ഭക്ഷണസാധനങ്ങള്‍ പത്രങ്ങളില്‍ പൊതിഞ്ഞ് നല്‍കരുതെന്ന് മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നിയമ ലംഘകര്‍ക്ക് പിഴ ചുമത്തുന്നതടക്കം നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

Continue Reading

kerala

സി.എച്ച് പൊതുപ്രവർത്തകർക്ക് പാഠപുസ്തകം: സയ്യിദ് സാദിഖലി തങ്ങൾ

മലയാളിയുടെ ഓർമ്മകളിൽ ഒളിമങ്ങാതെയുണ്ട് പ്രിയപ്പെട്ട സി എച്ച്.

Published

on

സി.എച്ച് പൊതുപ്രവർത്തകർക്ക് പാOപുസ്തകമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.

അജ്ഞതയുടെ അന്ധകാരത്തിൽ കര കാണാതെ കൈകാലിട്ടടിച്ചിരുന്ന ഒരു ജനതയെ വെളിച്ചത്തിന്റെ മഹാപ്രവാഹങ്ങളിലേക്ക് കൈപിടിച്ചാനയിച്ച നേതാവ്.
മുനിസിപ്പൽ അംഗത്വം മുതൽ മുഖ്യമന്ത്രിപദവി വരെ അലങ്കരിച്ച അപൂർവ വ്യക്തിത്വത്തിന്റെ ഉടമ.കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാപ്രതിഭ.

മലയാളിയുടെ ഓർമ്മകളിൽ ഒളിമങ്ങാതെയുണ്ട് പ്രിയപ്പെട്ട സി എച്ച്. നാല്പതാണ്ടുകൾക്ക് ശേഷവും ആ മുഖം നമ്മുടെ മനസ്സിൽ ജ്വലിക്കുന്നു . സി എച്ച് എന്ന രണ്ടക്ഷരത്തിന്റെ മഹത്വം അതുതന്നെയാണ്.

എത്രകാലം ജീവിച്ചു എന്നല്ല, ജീവിച്ച കാലം എന്തെല്ലാം ചെയ്തു എന്നത് തന്നെയാണ് പ്രധാനം. സി എച്ച് പൊതുപ്രവർത്തകർക്ക്ഒരു പാഠപുസ്തകമാണ്. നേതാക്കൾക്ക് മാതൃകയാണ്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഈ രാജ്യത്ത് സർവാംഗീകൃത സംഘടനയായി വളർത്തുന്നതിൽ സി എച്ചിനോളം പങ്കുവഹിച്ച നേതാക്കൾ വിരളമാണ്.

മുസ്ലിംലീഗിന് വേണ്ടി സി എച്ച് ജീവിതം സമർപ്പിച്ചു. സമുദായത്തിനും സമൂഹത്തിനും വേണ്ടി അഹോരാത്രം അധ്വാനിച്ചു. എടുത്തില്ല, ആരുടെയും അണുമണി അവകാശം. വിട്ടുകൊടുത്തില്ല, കിട്ടേണ്ട അവകാശങ്ങൾ.

പകരം തരാൻ ഞങ്ങൾക്ക് പ്രാർത്ഥനകളല്ലാതെ മറ്റൊന്നുമില്ല.

ജന്നാത്തുൽ ഫിർദൗസിൽ ഉന്നത പദവികൾ നൽകി പ്രിയ നേതാവിനെ നാഥൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തങ്ങൾ പറഞ്ഞു.

Continue Reading

Trending