Connect with us

Video Stories

നീതി ലഭിക്കാത്ത സമുദായത്തിനായുള്ള പോരാട്ടം

Published

on

 
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരേ, നിങ്ങളുടെ പിന്തുണക്കു നന്ദി. എനിക്കും ഭീം ആര്‍മിക്കും നിങ്ങള്‍ നല്‍കിയ പിന്തുണ ചന്ദ്രശേഖര്‍ ഒരിക്കലും മറക്കില്ലെന്ന് ഞാന്‍ വാക്കു നല്‍കുന്നു. ഇന്ന്, മെയ് 21ന് കൊളംബിയയിലെയും ദക്ഷിണ അമേരിക്കയിലെയും അടിമത്തം തുടച്ചുമാറ്റപ്പെട്ട ദിനം. ഇന്ത്യയിലെ ഇന്നത്തെ അടിമത്തത്തിന് അറുതിവരുത്തുമെന്ന് ഇന്ന് നമ്മള്‍ പ്രഖ്യാപിക്കും. നമ്മള്‍ നീച ജാതിക്കാരോ, താഴ്ന്ന ജാതിക്കാരോ അല്ല, നമ്മള്‍ എല്ലാവരുടേയും പിതാവാണ്. ഞങ്ങളെ പരീക്ഷിക്കരുത്. അംബേദ്കറൈറ്റ്‌സിന് ഒരിക്കലും നക്‌സലേറ്റാവാന്‍ കഴിയില്ല, എന്നാല്‍ ഞങ്ങളുടെ സഹോദരിമാരുടെ അഭിമാനം സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ പറയാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞങ്ങളെ പരീക്ഷിക്കരുത്. ഞങ്ങള്‍ അംബേദ്കറൈറ്റുകളാണ്. ഞങ്ങള്‍ അത്തരം നടപടികളിലേക്ക് പോകില്ല. നീതിക്കുവേണ്ടിയുള്ള മറ്റൊരു പോരാട്ടത്തിന്റെ തുടക്കമാണിത്. മൂന്നാം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം. ഈ പോരാട്ടം എന്നുവരെ തുടരും, ഈ പോരാട്ടം ജയിക്കും വരെ തുടരും. ഈ യുദ്ധം പോരാടിത്തീര്‍ക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.
ഞാന്‍ അറസ്റ്റിലായി ജയിലിലേക്കു പോയാല്‍ നിങ്ങള്‍ പ്രതിഷേധിക്കരുത്, ധര്‍ണകള്‍ നടത്തരുത്. നിങ്ങള്‍ നിങ്ങളുടെ പ്രദേശത്തെ ഭരണാധികാരികള്‍ക്ക് നോട്ടീസ് നല്‍കണം. സഹരണ്‍പൂരിലെ സബിര്‍പൂരിലെ 56 ദലിത് വീടുകളും 25 കടകളും കത്തിച്ചവര്‍ക്കെതിരെ നിങ്ങള്‍ ശബ്ദമുയര്‍ത്തണം. ആ ആക്രമണത്തില്‍ പരുക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്ന ദലിത് സഹോദരി സഹോദരന്മാരെയാണ് നിങ്ങള്‍ പിന്തുണക്കേണ്ടത്. അവര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ ശബ്ദിക്കേണ്ടത്. കള്ളക്കേസെടുത്ത് പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ച ദലിതരെ മോചിപ്പിക്കണമെന്നു പറഞ്ഞാണ് നിങ്ങള്‍ പോരാടേണ്ടത്. ചന്ദ്രശേഖറെന്ന ഞാന്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. എനിക്കുവേണ്ടി നിരാഹാരമിരിക്കരുത്. ഒരിക്കല്‍ അണ്ണാ ഹസാരെ സമരം ചെയ്തപ്പോള്‍ അദ്ദേഹത്തിന് മാധ്യമങ്ങളുടെയും മറ്റെല്ലാവരുടേയും പിന്തുണ ലഭിച്ചു. ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്, ഭരണഘടനയുടെ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ ഞങ്ങള്‍ പ്രതിഷേധിച്ചാല്‍ എത്രപേര്‍ ഞങ്ങളെ പിന്തുണക്കാനുണ്ടാകും.
ദലിതര്‍, ഒ.ബി.സി, മുസ്‌ലിംകള്‍, വാല്‍മീകി സമുദായങ്ങള്‍ എന്നിവരുള്‍പ്പെട്ട ബഹുജന സമൂഹമായി ഞങ്ങള്‍ പൊരുതും. അനീതിക്കെതിരെ ഞങ്ങള്‍ ഒരുമിച്ച് പോരാടും. ഞങ്ങള്‍ക്കെതിരെ കൈ ഉയര്‍ത്താന്‍ ഇനിയാരും ധൈര്യപ്പെടില്ല. വിവിധ സമുദായങ്ങളുടെയും ആളുകളുടെയും വോട്ടുകള്‍ ചോദിക്കേണ്ടതിനാല്‍ രാഷ്ട്രീയ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും പലതരത്തിലുള്ള നിയന്ത്രണങ്ങളുണ്ടാവാം. എന്നാല്‍ ചന്ദ്രശേഖര്‍ ആരുടെ മുന്നിലും തലകുനിക്കില്ല. ഈ പ്രതിഷേധം വിജയകരമാക്കാന്‍ ഏറെ പരിശ്രമിച്ചിട്ടുണ്ട്. എന്റെ ഫേസ്ബുക്ക് വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്കു ചെയ്യപ്പെട്ടപ്പോള്‍ മറ്റ് ഭീം ആര്‍മി അംഗങ്ങള്‍ ശക്തമായി മുന്നോട്ടുവന്നു. അവര്‍ പോസ്റ്റു ചെയ്തപ്പോള്‍ അത് ചന്ദ്രശേഖറില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞു.ഇത് സമത്വത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. അടിച്ചമര്‍ത്തലിനെതിരെയുള്ള പോരാട്ടമാണ്. ഞങ്ങള്‍ അധികാരം പിടിച്ചെടുക്കാന്‍ വേണ്ടിയല്ല സമരം ചെയ്യുന്നത്. അടിച്ചമര്‍ത്തലിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം.
ഫോണിലൂടെയും മറ്റും എന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുന്നവരോട് എനിക്കു പറയാനുള്ളത് ഞാനും എന്റെ കുടുംബവും പോരാടുന്നത് അടിച്ചമര്‍ത്തലിനും അതിക്രമങ്ങള്‍ക്കും എതിരെയാണെന്നാണ്. ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെങ്കില്‍ ഈ വിദേശികളെല്ലാം (ആര്യന്മാര്‍) ഓടേണ്ടിവരും. ഇത് ഞങ്ങളുടെ രാജ്യമാണ്. ഇത് ഛിന്നഭിന്നമാകാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍ ഞങ്ങളായിരുന്നു എന്നതിനാല്‍ ഡോ. അംബേദ്കര്‍ പറഞ്ഞതുപോലെ വീണ്ടും ഞങ്ങള്‍ ഈ രാജ്യത്തിന്റെ ഭരണാധികാരികളാവും. ഭരണഘടനയുണ്ടായിരുന്നിട്ടും നീതി ലഭിക്കാത്ത സമുദായത്തിനുവേണ്ടിയുള്ള പോരാട്ടമാണിത്. ജഡ്ജിയോട് (ജസ്റ്റിസ് കര്‍ണന്‍) ഞാന്‍ പറയുകയാണ്, നിങ്ങള്‍ നിരുത്സാഹപ്പെടരുത്. രാഷ്ട്രീയക്കാര്‍ നിങ്ങള്‍ക്കൊപ്പം നിലകൊണ്ടില്ലെന്നുവരാം. എന്നാല്‍ സാമൂഹ്യ സംഘടനകള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും, നീതി നേടിത്തരും. ഈ രാജ്യത്ത് ആരെങ്കിലും നീതിക്കുവേണ്ടി ശബ്ദിച്ചാല്‍ ഇവര്‍ (മനുവാദികള്‍) അവരെ നക്‌സലേറ്റും തീവ്രവാദികളുമാക്കും. ഒന്നിനും കൊള്ളാത്ത എസ്. സി, എസ്.ടി എം.പിമാരെ നിങ്ങള്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്ത് അയക്കില്ലെന്ന് എനിക്ക് ഉറപ്പുനല്‍കണം. യു.പിയില്‍ ദലിതര്‍ക്കുനേരെ അതിക്രമം നടക്കുമ്പോള്‍ നമ്മുടെ സഹോദരിമാരും അമ്മമാരും ആക്രമിക്കപ്പെടുമ്പോള്‍ ഇവിടുള്ള ദലിത് എം.എല്‍.എമാരെല്ലാം നിശബ്ദരായിരുന്നു. അവരെ നമുക്കൊരു പാഠം പഠിപ്പിക്കണം. അത്തരക്കാരെ ഇനി തെരഞ്ഞെടുത്തയക്കരുത്. മെയ് 23ന് നമ്മുടെ പ്രാദേശിക ഭരണകേന്ദ്രങ്ങളിലേക്കു പോകണം. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവരുടെ ശ്രദ്ധയില്‍പെടുത്തണം. ബഹുജന സമൂഹം ഒരുമിച്ച് നിന്ന് പോരാടണം. ദലിതര്‍ക്കെതിരെ കന്യാകുമാരിയില്‍ അതിക്രമമുണ്ടായാലും അതിന്റെ ശബ്ദം കശ്മീരില്‍വരെ ഉയരണം. അതിക്രമങ്ങള്‍ക്കെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തിയാല്‍ നമ്മള്‍ ഒരുമിച്ചു നിന്നാല്‍ യാതൊരു അതിക്രമവുമുണ്ടാവില്ല. എന്റെ പേരില്‍ രാവണനുണ്ട്. തന്റെ സഹോദരിയുടെ അഭിമാനത്തിനുമുമ്പില്‍ രാവണന്‍ ഒന്നിനെക്കുറിച്ചും ചിന്തിച്ചില്ല. സീതയെ പിടിച്ചുകൊണ്ടുവന്നശേഷം പോലും അദ്ദേഹം അവരെ സ്പര്‍ശിച്ചില്ല. അവരെ ആദരിച്ചു. അതാണ് രാവണന്‍. സ്ത്രീകളെ ആദരിച്ച ഡോ. അംബേദ്കറെ ഞാന്‍ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. രാവണനെയും ഞാന്‍ ആരാധിക്കുന്നു. ‘ഞാന്‍ വിവാഹം കഴിക്കില്ല, സ്വത്തു സമ്പാദിക്കില്ല, എന്റെ വീട്ടിലേക്കു പോകില്ല, എന്റെ ശേഷിക്കുന്ന ജീവിതം ഫൂലെ അംബേദ്കര്‍ മുന്നേറ്റത്തിന്റെ ലക്ഷ്യങ്ങള്‍ നേടാനായി മാറ്റുവെക്കും’ എന്നു പറഞ്ഞ വ്യക്തിയുടെ പിന്മുറക്കാരനാണ് ഞാന്‍. ഞാന്‍ കാന്‍ഷി റാം സാഹബിന്റെ മകനാണ്. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എന്റെ സമുദായത്തിനുവേണ്ടി ജീവിക്കും. അല്ലാത്തപക്ഷം ഞാന്‍ ജീവിക്കില്ലെന്ന് ഈ വേദിയില്‍വെച്ചു ഞാന്‍ വാക്കുനല്‍കുന്നു. ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ഒരുകാര്യം കൂടി. ഇന്ന് വീട്ടില്‍ പോയാല്‍ നിങ്ങള്‍ നിങ്ങളുടെ വീടിന്റെ ചുമരുകളില്‍ എഴുതണം, നമുക്ക് ഈ രാജ്യത്തിന്റെ ഭരണാധികാരികളാവണമെന്ന്. മൂലനിവാസികളാണ് ഈ രാജ്യത്തിന്റെ ഭരണാധികാരികള്‍. ഞങ്ങള്‍ മരിക്കുമായിരിക്കും. എന്നാലും ഞങ്ങള്‍ ബ്രാഹ്മണിക്കല്‍ വ്യവസ്ഥക്കുനേരെ പോകില്ല. ദലിതര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ ചന്ദ്രശേഖര്‍ ഉദ്ധം സിങായി മാറും. ഞാന്‍ ഡോ. അംബേദ്കറിലും ഉദ്ധം സിങിലും വിശ്വസിക്കുന്നു. ബ്രാഹ്മണവാദികളാണ് നീചരും കീഴാളരും. ഇവര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി മതത്തിന്റെയും ജാതിയുടെയും പേരില്‍ നമ്മെ കൊള്ളയടിക്കുകയാണ്. അവര്‍ക്ക് എന്തിനെയെങ്കിലും ഭയമുണ്ടെങ്കില്‍ അത് ബുദ്ധിസത്തെയാണ്. മെയ് 23ന് നമ്മള്‍ പ്രഖ്യാപിക്കണം. നിരപരാധികളായ ദലിതരെ മോചിപ്പിച്ചില്ലെങ്കില്‍, അവരെ ഇനിയും കള്ളക്കേസില്‍ കുടുക്കുകയാണെങ്കില്‍ നമ്മള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന്. അതുകേള്‍ക്കുന്നതോടെ ഈ സംഘികള്‍ പാന്റില്‍ മൂത്രമൊഴിക്കും. ഇന്ത്യന്‍ ഭരണഘടന എഴുതിയത് നമ്മുടെ പിതാവാണ്. നമ്മുടെ അവകാശങ്ങള്‍ നമ്മള്‍ ഏതുവിധേനയും നേടിയെടുക്കും.
മത്സ്യങ്ങളെ നീന്താന്‍ ആരും പഠിപ്പിക്കാറില്ല. നിങ്ങള്‍ക്ക് ബ്രാഹ്മണ വ്യവസ്ഥിതിയോട് പൊരുതണമെങ്കില്‍ ഭരണഘടനയെ നിങ്ങളുടെ മത ഗ്രന്ഥമാക്കൂ. ഭരണഘടനയുടെ ചട്ടങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്യൂ. ഇപ്പോള്‍ ദലിതര്‍ ഉണര്‍ന്നു കഴിഞ്ഞു. ദലിതര്‍ക്കെതിരെ എവിടെ എന്ത് അതിക്രമമുണ്ടായാലും ചന്ദ്രശേഖര്‍ അവിടെയെത്തി പ്രശ്‌നം പരിഹരിക്കും. അത് മറക്കരുത്. ഐക്യപ്പെടുക. വീരാരാധന വേണ്ട, അത് അനീതിക്കെതിരായ പോരാട്ടം അവസാനിപ്പിച്ചേക്കും. ആരെങ്കിലും നീതിക്കുവേണ്ടി പൊരുതാന്‍ ശ്രമിക്കുകയാണെങ്കില്‍ അവര്‍ (മനുവാദികള്‍) അവരെ കള്ളക്കേസില്‍ കുടുക്കും. ആ പോരാട്ടത്തില്‍ അവര്‍ ജയിക്കുകയാണെങ്കില്‍ ബ്രാഹ്മണര്‍ അവരെത്തന്നെ പണം കൊടുത്ത് വാങ്ങിക്കാന്‍ ശ്രമിക്കും. അവരെ വില്‍ക്കാന്‍ അവര്‍ തയ്യാറല്ലെങ്കില്‍ അവരെ കൊല്ലാന്‍ ശ്രമിക്കും. അവര്‍ ഒരു ചന്ദ്രശേഖറിനെ കൊന്നാല്‍ ഇവിടെ ലക്ഷക്കണക്കിന് ചന്ദ്രശേഖറുകള്‍ ഉണ്ടാവുമെന്നാണ് എനിക്കു പറയാനുള്ളത്. നമ്മള്‍ തുല്യതയെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും നീതിയെക്കുറിച്ചുമാണ് സംസാരിക്കുന്നത്. നമ്മളെ വെല്ലുവിളിക്കരുത്.
(ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ഞായറാഴ്ച ജന്തര്‍മന്ദിറില്‍ നടത്തിയ പ്രസംഗം)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യു.ജി.സി നിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിമുടി തകര്‍ക്കും: എം.എസ്.എഫ്‌

ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു. 

Published

on

വൈസ് ചാൻസലർമാരുടെ (വിസി) നിയമനവും സർവകലാശാല പ്രൊഫസർമാരുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) അടുത്തിടെ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്രതയെയും സ്വയംഭരണത്തെയും ആഴത്തിൽ ദുർബലപ്പെടുത്തുന്നതും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാണെന്ന്
എം.എസ്.എഫ്‌ ദേശീയ കമ്മിറ്റി.

കൂടുതൽ രാഷ്ട്രീയ ഇടപെടലുകളും അധികാര കേന്ദ്രീകരണവും ഉൾപ്പെടുന്ന വിസി നിയമനങ്ങളെക്കുറിച്ചുള്ള നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. രാഷ്ട്രീയ പരിഗണനകൾക്ക് അനുകൂലമായി അക്കാദമിക് യോഗ്യതകളും സ്ഥാപനപരമായ ആവശ്യങ്ങളും മാറ്റിവയ്ക്കുന്നതിലൂടെ, അക്കാദമിക് മികവിന് മുൻഗണന നൽകുന്നതിന് പകരം യൂണിവേഴ്‌സിറ്റികളെ ഉദ്യോഗസ്ഥ ശക്തികളുടെ നിയന്ത്രണത്തിലാക്കാൻ സാധ്യതയുണ്ട്.

കൂടാതെ, ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു.

ഈ നിർദ്ദേശങ്ങൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നതിനും, അക്കാദമിക് സമൂഹത്തിന്റെ സ്വയംഭരണത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനും, വിദ്യാഭ്യാസപരമായ കാരണങ്ങളേക്കാൾ രാഷ്ട്രീയ കാരണങ്ങളാൽ തീരുമാനങ്ങൾ എടുക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കും.

രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് മുക്തമായി ബൗദ്ധിക സ്വാതന്ത്ര്യം, വിമർശനാത്മക ചിന്ത, അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഇടങ്ങളായി സർവകലാശാലകൾ നിലനിൽക്കണം. സർക്കാർ ഈ പിന്തിരിപ്പൻ നയങ്ങൾ പുനഃപരിശോധിക്കുകയും പകരം നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളുടെ സമഗ്രതയും സ്വയംഭരണവും ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കുകയും വേണമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ജനറൽ സെക്രട്ടറി എസ് എച്ച് മുഹമ്മദ് അർഷാദ് എന്നിവർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ ആവിശ്യപ്പെട്ടു.

Continue Reading

Video Stories

വ്യക്തിപൂജയില്‍ നിന്നും ഭക്തി പൂജയിലേക്ക്

Published

on

വ്യക്തിപൂജയെ എക്കാലവും തള്ളിപ്പറഞ്ഞിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. വ്യക്തിപൂജ പാര്‍ട്ടി രീതിയല്ല പാര്‍ട്ടിയാണ് മുകളില്‍ പാര്‍ട്ടിക്ക് മുകളിലല്ല ആരും എന്നൊക്കെയാണ് നാളിതുവരെ സി.പി.എം നേതാക്കള്‍ പറഞ്ഞിരുന്നത്. അത് അവാസ്തവവും ചരിത്ര വിരുദ്ധമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായിട്ട് തന്നെ വ്യക്തിപൂജയും അമിത ഭക്തിയുമൊക്കെ എക്കാലവും ഉണ്ട്. മൂന്നു വര്‍ഷം മുന്‍പ് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച കാരണഭൂതം തിരുവാതിരയിലൂടെ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയെ സ്തുതി പാടലിന്റെ പാരമ്യതയില്‍ എത്തിച്ച് പാര്‍ട്ടി മാറ്റം വ്യക്തമാക്കിയിരുന്നു. കാരണഭൂതന്‍ എന്നായിരുന്നു അന്ന് പിണറായി വിജയനെ വിശേഷിപ്പിച്ചതെങ്കില്‍ ഇന്നിതാ വ്യക്തിപൂജയുടെ ഒരു സെക്കന്‍ഡ് പാര്‍ട്ട് വന്നിരിക്കുകയാണ്. മാരക വേര്‍ഷന്‍. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് പിണറായിയെ സ്തുതിച്ചു കൊണ്ടുള്ള ഒരു ഗാനം പുറത്ത് വന്നത്. കാരണ ഭൂതനില്‍ നിന്ന് ഫീനിക്സ് പക്ഷിയായും പടനായകനുമൊക്കെയായിട്ടാണ് പിണറായി വിജയനെ വിശേഷിപ്പിക്കുന്നത്.

ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നത് പണ്ടേ സി.പി.എമ്മുകാരുടെ രീതിയായതിനാല്‍ പിണറായി സ്തുതി പാട്ട് എഴുതിയ ധനവകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥന് പുനര്‍ നിയമനത്തിന് അപേക്ഷ നല്‍കും മുമ്പേ നിയമനവും കാറുള്‍പ്പെടെ സൗകര്യവും നല്‍കി പിണറായി ഇന്നത്തെ കമ്മ്യൂണിസത്തിന്റെ ശരിയായ മുഖമായ ഉത്തര കൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിനെ പോലും കടത്തി വെട്ടി. ലോക രാഷ്ട്രീയത്തില്‍ തന്നെ വ്യക്തിപൂജയുടെ മാരക വേര്‍ഷന്‍സ് കാണണമെങ്കില്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്ക് നോക്കിയാല്‍ മതി. ഇതിന്റെ ജീവിച്ചിരിക്കുന്ന രണ്ട് വേര്‍ഷനുകളായാണിപ്പോള്‍ പിണറായിയും കിങ് ജോങ് ഉന്നും നിലനില്‍ക്കുന്നത്. യുഗോസ്ലാവിയയില്‍ ജോസ് മാര്‍ഷല്‍ ടിറ്റോ, അല്‍ബേനിയയില്‍ ആന്‍വര്‍ ഹോജ, റൊമാനിയിലെ നിക്കോളാസ് ചെസ്സ്‌ക്യൂ, റഷ്യയില്‍ സാലിന്‍, ലെനിന്‍ എന്തിന് മാര്‍ക്സിസം എന്നത് തന്നെ മാര്‍ക്‌സിനോടുള്ള അദ്ദേഹത്തിന്റെ ചിന്തകളോടുള്ള വ്യക്തിപൂജയാണ്. ഡബിള്‍ ചങ്ക് മള്‍ട്ടിപ്പിള്‍ ചങ്ക് എന്നൊക്കെ അണികളായ പാണന്‍മാര്‍ പാടിപ്പുകഴ്ത്താറുണ്ടെങ്കിലും പിണറായിക്കായുള്ള വ്യക്തിപൂജ എല്ലാ സീമകളും കടന്നാണിപ്പോള്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടി സെക്രട്ടറി തന്നെ മുമ്പ് പറഞ്ഞത് പിണറായി വിജയന്‍ സൂര്യനാണെന്ന്. അത് പക്ഷേ ജ്വലിക്കുന്നതാണോ കെട്ടതാണോ എന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. ദൈവമില്ലെന്ന് പറഞ്ഞിരുന്ന പാര്‍ട്ടി ഒടുവില്‍ പിണറായി വിജയന്‍ ദൈവത്തിന്റെ വരദാനമാണ് പറഞ്ഞതും ഈയടുത്ത കാലത്താണ്. സഹകരണ മന്ത്രി വാസവനായിരുന്നു ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. മുമ്പ് വ്യക്തി പൂജയുടെ പേരില്‍ പി ജയരാജിനെതിരെ നടപടിയെടുത്ത പാര്‍ട്ടിയാണ് സി.പി.എം. പക്ഷേ പിണറായി വിജയനെതിരെ ഒരു വ്യക്തിപൂജ സ്തുതിഗാനങ്ങള്‍ വരുമ്പോള്‍ അത് ഉണ്ടാകുന്നില്ല. പിണറായി വിജയന്റെ അറിവോടുകൂടി അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഇത് ആലപിക്കപ്പെടുന്നത് എന്നത് തന്നെയാണ് ഇതിന്റെ കാരണം.

മുമ്പ് സി.പി.എം സമ്മേളനത്തിനിടെ വി.എസിനായി ആര്‍ത്തുവിളിച്ചവരെ നിലക്കു നിര്‍ത്താന്‍ പിണറായി നടത്തിയ ആക്രോശം മലയാളികള്‍ മറന്നിട്ടുണ്ടാവില്ല. കള്ളുകുടിച്ചു വന്നു വല്ലതും കാണിക്കാന്‍ ആണെങ്കില്‍ വേറെ സ്ഥലം നോക്കണം എന്നൊക്കെയായിരുന്നു പിണറായിയുടെ പ്രതികരണം. അത് മദ്യപിച്ച് വന്ന ആളുകള്‍ ചെയ്തുകൂട്ടിയ ഒരു പ്രവര്‍ത്തിയായിട്ടാണ് വിലയിരുത്തിയിരുന്നത്. വി.എ സ് ആരാധന എന്ന് പറയുന്നത് പിണറായി വിജയനോടുള്ള അടിമത്വം നിറഞ്ഞ ആരാധനയോട് ഒരിക്കലും ചേര്‍ത്ത് വെക്കാനോ താരതമ്യം ചെയ്യാനോ പോലും കഴിയില്ലെന്നത് മറ്റൊരു കാര്യം. പിണറായിയുടെ സമ്പൂര്‍ണ ആധിപത്യത്തിന് കീഴിലേക്ക് പാര്‍ട്ടി മാറും മുമ്പ് പാര്‍ട്ടിയുടെ പ്രചാരണ പോസ്റ്ററുകളില്‍ ഒന്നും നേതാക്കളുടെ പടങ്ങള്‍ വന്നിരുന്നില്ല. അച്യുതാനന്ദന്റെ പടങ്ങള്‍ വെച്ച് ആരാധിക്കു ന്നതിനെതിരെ ഇതേ പിണറായി വിജയനും മറ്റു നേതാക്കളും പാര്‍ട്ടിക്കുള്ളില്‍ തന്നെ പടവാളേന്തിയിരുന്നു. പക്ഷേ ഇതൊക്കെ പഴയ കഥ പിണറായിയുടെ നേതൃത്വത്തില്‍ നടത്തിയ ജാഥയില്‍ പിണറായിയുടെ പടം വെച്ച് സംസ്ഥാനം മുഴുവന്‍ പോസ്റ്ററുകള്‍ നിരന്നതും മറക്കാനാവില്ല. 2016 തൊട്ട് ഇങ്ങോട്ട് നോക്കിക്കഴിഞ്ഞാല്‍ പിണറായി വിജയന്‍ എന്ന നേതാവിന്റെ ഒരു അധികാരത്തിലേക്കുള്ള വരവിനെ ആഘോഷിക്കുന്ന നിലയിലും അദ്ദേഹം അധികാരത്തില്‍ ഇരുന്നുകൊണ്ടാണ് ഈ പാര്‍ട്ടിയെയും കേരളത്തിലെ ജനങ്ങളെയും ഒക്കെ തന്നെ മുന്നോട്ടു നയിക്കുന്നതും എന്ന തരത്തിലുള്ള അറു ബോറന്‍, വഷളന്‍ പാട്ടുകള്‍ വരാന്‍ തുടങ്ങിയത്.

ജീവിച്ചിരിക്കുന്ന നേതാക്കളെ പുകഴ്ത്തുക അവര്‍ക്ക് വേണ്ടി സിന്താബാദ് വിളിക്കുക അങ്ങനെ ഒരു രീതി സിപിഎമ്മില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കാണുന്ന മുണ്ടുടുത്ത മോദിയുടെ ഭരണ കാലത്ത് സിപിഎമ്മിന്റെ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണത നിറഞ്ഞ മാറ്റങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പഴയ രീതിയില്‍ പോയി കഴിഞ്ഞാല്‍ പാര്‍ട്ടി വളരില്ല ഇതുപോലെയുള്ള സ്തുതിഗാനങ്ങളും പാട്ടുകളും ഫ്‌ളകസുകളും പോസ്റ്ററുകളും ഒക്കെ ഇല്ലാതെ പാര്‍ട്ടി വളരില്ല എന്ന തോന്നലിലേക്ക് സിപിഎം എത്തിക്കഴിഞ്ഞു. എല്ലാ കാലത്തും പരിപ്പുവടയും കട്ടന്‍ ചായയും കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയില്ലെന്ന് മുഹമ്മദലിയിലൂടെ കേരളത്തിന് ഒളിംപിക്സ് സ്വര്‍ണമെഡല്‍ വാങ്ങിക്കൊടുത്ത മുന്‍ മന്ത്രി ഇ.പി തന്നെ പറഞ്ഞിട്ടുണ്ട്. താന്‍ വ്യക്തിപൂജയ്ക്ക് നിന്ന് കൊടുക്കുന്ന ആളല്ലെന്ന് മുഖ്യമന്ത്രി ഈയിടെ പറഞ്ഞിരുന്നു. എന്നാല്‍, അധിക്ഷേപങ്ങള്‍ക്കിടയില്‍ കുറച്ച് പുകഴ്ത്തലാകാമെന്നായിരുന്നു വാഴ്ത്തു പാട്ട് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി.

 

Continue Reading

Health

ശ്വാസംമുട്ടലിന് നല്‍കിയ ഗുളികയില്‍ മൊട്ടുസൂചി, അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്

വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

Published

on

തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയില്‍ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ്. വിതുര താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയ മീനാങ്കല്‍ സ്വദേശി വസന്തയാണ് പരാതി നല്‍കിയത്.

ശ്വാസംമുട്ടലിന് നല്‍കിയ രണ്ട് ക്യാപ്സ്യൂളില്‍ നിന്നാണ് മൊട്ടുസൂചികള്‍ കണ്ടെത്തിയതെന്ന് പൊലീസിനും ആരോഗ്യവകുപ്പിനും നല്‍കിയ പരാതിയില്‍ പറയുന്നു. ബുധനാഴ്ചയാണ് വസന്ത ആശുപത്രിയില്‍ നിന്ന് ഗുളികകള്‍ വാങ്ങിയത്. രണ്ടെണ്ണം കഴിച്ചു. അതിനു ശേഷം സംശയം തോന്നി പൊളിച്ചു നോക്കുമ്പോഴാണ് രണ്ട് ക്യാപ്സ്യൂളുകളില്‍ നിന്ന് മൊട്ടു സൂചി കണ്ടെത്തിയത്.

പരാതിയെ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നിലവില്‍ വസന്തയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. ക്യാപ്സ്യൂളിന്റെ ഗുണമേന്മ സംബന്ധിച്ച് പ്രത്യക്ഷത്തില്‍ പ്രശ്നമില്ലെന്നും മൊട്ടുസൂചി പോലെയുള്ള ചെറിയ വസ്തു ക്യാപ്സ്യൂളിനുള്ളില്‍ എങ്ങനെ വന്നുവെന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കമ്പനിയില്‍ അന്വേഷണം നടത്താനും സാംപിളുകള്‍ ശേഖരിച്ച് അന്വേഷണം നടത്താനും പ്രത്യേക സംഘത്തെ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിയോഗിച്ചു.

Continue Reading

Trending