ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര യുദ്ധവുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച സംവാദങ്ങളാണ് അന്തര്‍ദേശീയ തലത്തില്‍ കൊഴുത്തുകൊണ്ടിരിക്കുന്നത്. വാക്ക്‌പോരില്‍ നിന്നു സായുധ സംഘട്ടനത്തിലേക്ക് ഗതിമാറുമോ എന്ന് ആഗോള ജനത ഭീതിയോടെ വീക്ഷിച്ച്‌കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ യു.എസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത് പോലെ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ തടിച്ച്‌കൊഴുത്ത് വെറിപിടിച്ച പയ്യനാണോ അതോ രാഷ്ട്രത്തിന്റെയും അനുയായികളുടേയും സുരക്ഷിതത്വം മുന്നില്‍ കണ്ട് വിദേശനയങ്ങള്‍ രൂപീകരിക്കുന്ന വിവേകമതിയായ ഭരണാധികാരിയോ? ഈ രണ്ട് രാഷ്ട്രങ്ങളുടേയും നയതന്ത്ര യുദ്ധമായി ബന്ധപ്പെട്ട അധിക ചര്‍ച്ചകളും താത്വികമായി ഈ ചോദ്യങ്ങളെ ചുറ്റിപറ്റിയാകാം.
‘ആഗോള നിയമനൈതിക ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആപല്‍ക്കരമായ ആയുധങ്ങള്‍ പ്രയോഗിക്കുന്ന ഒരു സ്വേച്ഛാധിപത്യ രാജ്യം’ ഇത്തരത്തിലാണ് ഉത്തര കൊറിയയെ കുറിച്ചുള്ള ജനങ്ങള്‍ക്കിടയിലെ പൊതുധാരണ. ഒരുപക്ഷെ ജനാധിപത്യ ഭരണ വ്യവസ്ഥിതിയിലൂടെ മാത്രമെ രാഷ്ട്ര പുരോഗതി സാധ്യമാവൂ എന്ന മിഥ്യാധാരണയില്‍ നിന്ന് ഉടലെടുത്തതാകാം ഇത്തരത്തിലുള്ള നിഷേധാത്മക നിര്‍വചനം. തലമുതിര്‍ന്ന നയതന്ത്രജ്ഞരും മറ്റും ഈ അര്‍ത്ഥത്തില്‍ തന്നെയാണ് തൂലിക ചലിപ്പിച്ച് കൊണ്ടിരിക്കുന്നത്. അഭയാര്‍ത്ഥി പ്രതിസന്ധി മാനുഷികമായോ വൈകാരികമായോ സമീപിക്കാതെ ദേശീയസുരക്ഷക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് സിദ്ധാന്തിക്കുന്നവര്‍ പോലും ഉത്തര കൊറിയയുടെ വിഷയത്തില്‍ വിരോധാഭാസം കാണിക്കുന്നു. ഉത്തര കൊറിയയുടെ തന്നെ സുരക്ഷയുമായി ബന്ധപ്പെട്ട കോണിലൂടെ ഇതിനെ വീക്ഷിക്കുകയാണെങ്കില്‍ ഉത്തര കൊറിയയുടെ ഭീഷണി മുഴക്കലിന്റെ പിന്നിലെ യുക്തി നിഷ്പ്രയാസം ഗ്രഹിക്കാം.
ഏഴ് വര്‍ഷത്തോളമായി അയല്‍ രാജ്യങ്ങളോട് സാങ്കേതിക സംഘട്ടനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണത്. ഇതിന് പുറമെ പരിസര പ്രദേശങ്ങളായ ദക്ഷിണകൊറിയ, ഫിലിപ്പൈന്‍സ്, ജപ്പാന്‍, ഗ്വുവാം ദ്വീപ് എന്നിവിടങ്ങളില്‍ യു.എസ് സൈനിക താവളങ്ങള്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. സൈനിക ബലത്തില്‍ അമേരിക്കയോട് ഒരു തരത്തിലും കിടപിടിക്കില്ല എന്ന് ഉത്തരകൊറിയ മനസ്സിലാക്കിയത് കൊണ്ടാണ് ഈ അസമത്വത്തെ മറികടക്കാനുള്ള പ്രതിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
പോങ് യാങിന്റെ ഭരണകാലത്ത് സഖ്യ കക്ഷികളായ ചൈന യു.എസിനോട് സൗമ്യ മനോഭാവം പുലര്‍ത്താനും സോവിയറ്റ് യൂണിയന്റെ ശൈഥില്യത്തിന് ശേഷം റഷ്യ അപഥ സഞ്ചാരം നടത്താനും തുടങ്ങിയ 90 കളിലാണ് ഈ തന്ത്രപ്രധാനമായ അരക്ഷിതാവസ്ഥ വര്‍ധിച്ചത്. 1992ല്‍ ചൈന ദക്ഷിണ കൊറിയയുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയതും പോങ് യാങിന്റെ ഉത്കണ്ഠ വര്‍ധിപ്പിച്ചു. തുടര്‍ന്ന് ഉത്തരകൊറിയ ദ്വിമാനങ്ങളുള്ള തന്ത്രം പ്രയോഗിച്ച് ആണവ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ഒരു വിശാല കൂടിയാലോചനക്ക് താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. യു.എസ് പോലുള്ള ആഗോള ശക്തികളുമായി കൂടിയിരുന്ന് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകലായിരുന്നു ഇതിന്റെ ആത്യന്തിക ലക്ഷ്യം. ഈ തന്ത്രം വിജയിക്കുകയും ക്ലിന്റണ്‍ ഭരണകൂടം ഇതിന് അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. 1994 ല്‍ പാങ്‌യാങ് ആണവ നിലയങ്ങള്‍ തുടങ്ങാനുള്ള പദ്ധതി നിര്‍ത്തിവെച്ച് വാഷിങ്ടണുമായി കരാറൊപ്പിട്ടു. പകരം യു.എസ് രണ്ട് വ്യാപന-രഹിത ആണവ നിലയങ്ങള്‍ വാഗ്ദാനം ചെയ്തു.
എന്നാല്‍ ശേഷം വന്ന ബുഷ് ഭരണകൂടം പോങ്‌യാങുമായി പ്രതികൂല നിലപാട് സ്വീകരിച്ചു. 2002 ല്‍ ബുഷ് ഉത്തര കൊറിയയെ ഇറാഖിന്റെയും ഇറാന്റെയും ഗണത്തില്‍ എണ്ണി. പ്രസിഡന്റ് ബരാക്ക് ഒബാമയുടെ കാലമായപ്പോഴേക്കും നോര്‍ത്ത്‌കൊറിയ വന്‍ സൈനിക ശക്തിയായി മാറി. യു.എസ് പ്രവിശ്യയെ തകര്‍ക്കാന്‍ പ്രാപ്തമായ ബാലിസിറ്റിക് മിസൈല്‍ കൊണ്ടും ന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ടും സമ്പന്നമായ ഉത്തര കൊറിയയെ ആണ് ഡൊണാള്‍ഡ് ട്രംപിന് നേരിടേണ്ടിയിരിക്കുന്നത്.
നയതന്ത്ര ബന്ധമായാലും സൈനിക സംഘട്ടനമായാലും കഴിഞ്ഞ 90കളെ പോലെ ഒന്നും സുഗമമല്ല. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള ചെറിയ അക്രമം പോലും ഈസ്റ്റ് ഏഷ്യയിലെ ദശലക്ഷങ്ങളെ നിഗ്രഹിക്കുന്ന തരത്തിലുള്ള വന്‍ ആണവ യുദ്ധത്തിന് വഴി ഒരുക്കിയേക്കാം. ഉത്തര കൊറിയയുടെ ആണവ സൗകര്യങ്ങള്‍ തകര്‍ക്കാന്‍ കഴിയാത്ത വണ്ണം വളര്‍ന്നിരിക്കുന്നു. അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിയോളിനെ അക്രമിക്കാന്‍ സാധിക്കുന്ന തരത്തില്‍ സൈനിക നിയന്ത്രണത്തില്‍ നിന്നും ഒഴിച്ച്‌നിര്‍ത്തിയ പ്രദേശങ്ങളില്‍ പോലും പരശ്ശതം യുദ്ധകോപ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇനി ഒരു നയതന്ത്ര പരിഹാരത്തിന് ഒരുങ്ങുകയാണെങ്കില്‍ ഉത്തരകൊറിയക്ക് ലോക രാഷ്ട്രങ്ങളുമായി അനുരജ്ഞനത്തിന്റെ ദുഷ്‌കരമായ വഴി തേടേണ്ടിവരും. 1990 കളില്‍ ഉയര്‍ന്നുവരുന്ന ആണവ ശക്തിയായിരുന്നു ഉത്തരകൊറിയ. രാഷ്ട്രത്തിന്റെ സുരക്ഷമാനിച്ച് ആ ഉദ്യമത്തില്‍ നിന്നും പിന്മാറുകയുണ്ടായി. ഇപ്പോള്‍ വലിയ ആണവശക്തി ആയിരിക്കെ രാഷ്ട്രത്തിന്റെ സുരക്ഷ മുഖവിലക്കെടുത്ത് ആണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറാവുമോ? ഇറാഖിലേയും ലിബിയയിലേയും ഉദാഹരണങ്ങള്‍ കാണിക്കുന്ന പോലെ ‘ഇല്ല’ എന്ന് വേണം കരുതാന്‍. സദ്ദാം ഹുസൈനും മുഅമ്മര്‍ ഗദ്ദാഫിയും തങ്ങളുടെ ആണവ താത്പര്യങ്ങള്‍ മാറ്റിവെറ്റിച്ചിട്ടും പാശ്ചാത്യ അധിനിവേശ ശക്തികള്‍ അവരുടെ ഭരണ സിരാ കേന്ദ്രങ്ങള്‍ പിടിച്ചടക്കി അവരെ വധിക്കുകയുണ്ടായി. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം അപ്രിയ സൂചനകളാണ് ഇറാനില്‍ നിന്നും ഉയര്‍ന്നുവരുന്നത്. ഒബാമയുടെ ഭരണകാലത്ത് സാര്‍വദേശീയ നിയമവ്യവസ്ഥ മാനിച്ച് ആണവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറിയ ഇറാനെതിരെ പ്രാദേശിക പ്രതിയോഗികളെ കൂട്ടുപിടിച്ച് നിലപാട് കടുപ്പിച്ചിരിക്കുകയാണ് ട്രംപ് ഭരണകൂടം. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ സുരക്ഷാവാഗ്ദാനങ്ങള്‍ വിശ്വസിക്കാനൊക്കുമോ എന്ന സംശയത്തിലായിരിക്കും കിം ജോങ് ഉന്‍.
ഉത്തരകൊറിയ ഏറെക്കുറെ ചൈനീസ് മാതൃക പിന്തുടരുകയാണെന്ന് പറയാം. 1964 ല്‍ ചൈന ആദ്യമായി ആണവ ബോംബ് പരീക്ഷിച്ച് ലോകത്ത് ഒറ്റപ്പെട്ട ആണവശക്തിയായി മാറുകയുണ്ടായി. പക്ഷെ 1970 കളില്‍ ചൈന അന്താരാഷ്ട്ര ആണവനിയമം പാലിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ബദ്ധവൈരിയായ അമേരിക്ക പോലും ചൈനയുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ സന്നദ്ധത കാണിച്ചു. ആണവ പ്രതിരോധ ബലവും ആഗോളതലത്തില്‍ ഒരു ആണവശക്തിയായി മാറാനുള്ള അവസരങ്ങളും ഉറപ്പാക്കികൊണ്ടിരിക്കുകയാണ് കിം ജോങ് ഉന്‍. ട്രംപ് വിശേഷിപ്പിച്ചത് പോലെ കിം ജോങ് ഉന്‍ വിവേകശൂന്യനും അമിതാവേശിയുമായ ഭരണാധികാരി ആണെങ്കില്‍ അദ്ദേഹവുമായുള്ള നയതന്ത്രബന്ധം സാഹസിക ഉദ്യമമായിരിക്കും. രാജ്യത്തിന്റെ സര്‍വ ആണവസമ്പത്തും ഉപയോഗിച്ച് പ്രതികരിക്കാന്‍ സാധ്യതയുള്ളതു കൊണ്ട്തന്നെ ഉത്തര കൊറിയക്കെതിരെയുള്ള സൈനിക നീക്കങ്ങള്‍ നിലവിലെ അവസ്ഥ ഒന്നുകൂടി സങ്കീര്‍ണമാക്കാനേ ഉപകരിക്കൂ. യു.എസും ഉത്തരകൊറിയയും ഇതേ പാതയിലൂട മുന്നോട്ടുപോയാല്‍ ഒരു സംഘട്ടനം പ്രതീക്ഷിക്കാം. ഇരു രാജ്യങ്ങളും സമവായത്തിന്റെ വഴി സ്വീകരിച്ച് ആരോഗ്യപൂര്‍ണമായ നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതാണ് സമാധാനപരമായ ലോകത്തിന് ആവശ്യം.