Connect with us

Video Stories

സേവനത്തിന്റെ ത്രാസിലെ കനംതൂങ്ങുന്ന തട്ട്

Published

on

സി.പി സൈതലവി

1943. മലബാറിലെങ്ങും വീടുകളില്‍നിന്നും വീടുകളിലേക്കു മരണം പാഞ്ഞുകയറുന്ന രാപകലുകള്‍. വിജനമായ തെരുവുകള്‍. അന്തമില്ലാത്ത പട്ടിണി. നിലയ്ക്കാത്ത പേമാരി. പ്രളയനഷ്ടങ്ങള്‍ക്കൊപ്പം വന്ന കോളറ എന്ന മഹാവിപത്ത്. രോഗം ബാധിച്ചുവെന്നാല്‍ മരണം ഉറപ്പുള്ള നാളുകള്‍. പരിചരിക്കാന്‍ നില്‍ക്കുന്നവരെയും കോളറ കൊണ്ടുപോകുമെന്ന ഭയത്താല്‍ ആരും അടുക്കുന്നില്ല. ആ മരണത്തിന്റെ കാടുകളിലേക്ക് കടന്നുചെല്ലാന്‍ അസാധാരണ ധൈര്യമുള്ളവര്‍ക്കേ ആവൂ. ജീവന്‍ ബാക്കിയുള്ളവരെ എടുത്തുകിടത്തി പരിചരിച്ച്, മരുന്നും ഭക്ഷണവും നല്‍കണം. മൃതദേഹങ്ങള്‍ വിധിപോലെ ആചാരാനുഷ്ഠാനങ്ങള്‍ നിറവേറ്റി സംസ്‌കരിക്കണം. ജീവനറ്റ മാതാവിന്റെ നെഞ്ചിലമര്‍ന്നുകിടക്കുന്ന പൈതങ്ങളെ എടുത്ത് പോറ്റണം. പറക്കമുറ്റാത്ത അനാഥകള്‍ക്കു ശരണം വേണം.
തെക്കേ മലബാറില്‍ ഏറനാട്ടിലെ തിരൂരങ്ങാടി, താനൂര്‍ മേഖലയില്‍ മരണം എണ്ണാനാവാത്തവിധം പെരുകുകയാണ്. ഒപ്പം യതീമുകളും. മടിച്ചും അറച്ചും മരണത്തെ പേടിച്ചും മാറിനില്‍ക്കുകയാണ് ഏറെയും. വേണ്ടതെല്ലാം ചെയ്യാന്‍, വേണ്ടിടത്തെല്ലാമെത്താന്‍ മരണഭയമില്ലാത്ത, വിരലിലെണ്ണാവുന്ന ഏതാനും പേര്‍ മാത്രം. ഒരു സൈന്യത്തെപോലെ പൊരുതുന്ന ആ സംഘത്തിന്റെ തലവന്‍ മൂന്നുകണ്ടന്‍ കുഞ്ഞഹമ്മദ്. പടച്ചവനെയല്ലാതെ പടപ്പുകളെ പേടിക്കാത്ത, മരണത്തെയും രോഗത്തെയും ഗൗനിക്കാത്ത, അധികാരികളെയും ആയുധങ്ങളെയും കൂസാത്ത ചങ്കൂറ്റത്തിന്റെ പേര്. ഇരുപതാം നൂറ്റാണ്ടിലെ മലയാളി മുസ്‌ലിം ചരിത്രത്തില്‍ ധീരതയുടെയും ദീനദയാലുത്വത്തിന്റെയും സമന്വയപദമായി രേഖപ്പെട്ട നാമങ്ങളിലൊന്നാണ് എം.കെ. ഹാജി.
രണ്ടര വയസ്സില്‍ ബാപ്പ മരിച്ചതുതൊട്ട് ആരും നോക്കാനും നയിക്കാനുമില്ലാതെ അഗതിയായ ഉമ്മക്കൊപ്പം വിശപ്പ് പങ്കിട്ടുകഴിഞ്ഞ ഒരു യതീംകുട്ടി പില്‍ക്കാലം പതിനായിരക്കണക്കിനു അനാഥബാല്യങ്ങള്‍ക്ക് അന്നമായി അഭയമായി ആത്മവിശ്വാസമായി അവരുടെ ജീവിതമരുപ്പറമ്പില്‍ തണലും തണുപ്പും പകര്‍ന്ന മഹാവൃക്ഷമായി മാറിയ അത്ഭുത കഥയാണ് എം.കെ ഹാജിയുടെ ജീവിതരേഖ.
1904ല്‍ ജനിച്ച് 1983 നവംബര്‍ 5ന് അവസാനിച്ച ആ യാത്രയില്‍ പിന്നിട്ട ഓരോ സന്ധിയും കേരള മുസ്‌ലിം സാമൂഹിക ചരിത്രത്തില്‍ അടയാളപ്പെട്ട നാഴികക്കല്ലുകളാണ്. അഞ്ചാറു വയസ്സുതൊട്ട് ചായപ്പീടികകളില്‍ പത്തിരിയുണ്ടാക്കിയെത്തിച്ചും പതിനാലാം വയസ്സുമുതല്‍ റബര്‍ എസ്റ്റേറ്റില്‍ പണിയെടുത്തും ഒഴിവുനേരങ്ങളില്‍ അറിവുള്ളവരോട് ചോദിച്ചറിഞ്ഞ് എഴുത്തും വായനയും പഠിച്ചും കഴിഞ്ഞ കുട്ടിക്കാലം. ഏറനാട് താലൂക്ക് ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്ന കെ.എം. മൗലവിയുടെ പ്രസംഗങ്ങള്‍ കേട്ട് ആവേശഭരിതനായി സ്വാതന്ത്ര്യസമരത്തില്‍ അണിചേര്‍ന്ന ഭടന്‍. പക്ഷേ, സ്ഥിരോത്സാഹം കണ്ട് മേസ്തിരിയാക്കിയ സായിപ്പിന്റെ തോട്ടത്തില്‍ ബ്രിട്ടീഷ് വിരുദ്ധ സമരക്കാരനായ ആ കുഞ്ഞഹമ്മദിന് പിന്നീട് ജോലിയുണ്ടായില്ല.
മൗലാനാ മുഹമ്മദലിയും മാതാവ് ബീ ഉമ്മയും സഹോദരന്‍ മൗലാനാ ഷൗക്കത്തലിയും വരുന്ന ഖിലാഫത്ത് സമ്മേളത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്കും തിരിച്ചും കാല്‍നടയായിപോയ കൗമാരത്തിന്റെ സമരവീറ്. മൗലാനാ മുഹമ്മദലി വന്നില്ലെങ്കിലും കുഞ്ഞഹമ്മദിനു നാടുവിടേണ്ടിവന്നു. ആരെയും ചോദ്യം ചെയ്യുന്ന ചങ്കൂറ്റവും ഒരാള്‍ക്കൂട്ടത്തെതന്നെ ഒറ്റക്കു നേരിടുന്ന മെയ്ക്കരുത്തും മൂന്നുകണ്ടന്‍ കുഞ്ഞഹമ്മദിന് വിനയായി. അടിച്ചു ജയിക്കാന്‍ പറ്റാത്തവര്‍ അധികാരം കാണിച്ചു ഭയപ്പെടുത്തി. ബ്രിട്ടീഷ് രാജ്യദ്രോഹം ചുമത്തി വേട്ടയാടി. ചെന്നൈയിലെത്തി വഴിവാണിഭക്കാരനായി തലച്ചുമടേറ്റിനടന്ന് കാവയുണ്ടാക്കിവിറ്റ് ജീവിച്ചുതുടങ്ങിയപ്പോള്‍ നഗരം വാണിരുന്ന ഗുണ്ടകളായി എതിരാളികള്‍. നിരപരാധികളെ പിടിച്ചുപറിക്കുന്ന കവലച്ചട്ടമ്പികള്‍ക്ക് എം.കെ എന്ന പഴയ വിദഗ്ധനായ പടയാളിത്തല്ലുകാരന്റെ കൈച്ചൂടില്‍ സ്ഥലംവിടേണ്ടിവന്നു.
1928ല്‍ അഹമ്മദ് റസ്റ്റാറന്റ് സ്ഥാപിച്ചത് പെട്ടിക്കടയില്‍നിന്ന് ബിസിനസ് സാമ്രാജ്യത്തിലേക്കുള്ള വളര്‍ച്ചയുടെ തറക്കല്ലായി. ഹോട്ടലുകളും ബേക്കറികളുമായി പത്തിലേറെ സ്ഥാപനങ്ങളും റബര്‍, തേയില എസ്റ്റേറ്റുകളുമെല്ലാം എം.കെ ഹാജിയുടെ സ്വന്തം പ്രയത്‌നത്തിലുയര്‍ന്നുപൊങ്ങി. ഓരോ സ്ഥാപനവും നിര്‍ധനരായ അനേകം കുടുംബങ്ങള്‍ക്ക് ആശ്രയമായി. മലബാര്‍ കലാപത്തോടെ നിത്യദുരിതത്തിലായ സ്വന്തം നാട്ടുകാര്‍ക്ക് തണലൊരുക്കാന്‍ തന്റെ സമ്പാദ്യം വിനിയോഗിച്ചു. പെരമ്പൂര്‍ മലബാര്‍ മുസ്‌ലിം അസോസിയേഷന് എം.കെ ഹാജി തുടക്കമിട്ടു.ദാരിദ്ര്യം നിമിത്തം തനിക്കു ലഭിക്കാതെപോയ അറിവ് ഇനിയുള്ള തലമുറക്ക് നിഷേധിക്കപ്പെടരുതെന്ന ദൃഢനിശ്ചയമായിരുന്നു തുടര്‍ന്നുള്ള ഓരോ ചുവടും. 1939ല്‍ തിരൂരങ്ങാടിയില്‍ നൂറുല്‍ ഇസ്‌ലാം മദ്രസ സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തു. ആളും അര്‍ത്ഥവുമുള്ളവര്‍ക്ക് ലഭിക്കുന്നത് പോലെ അനാഥകള്‍ക്കും വിദ്യാഭ്യാസവും ജോലിയും ലഭ്യമാക്കണമെന്ന എം.കെയുടെ സ്വപ്നമാണ് തിരൂരങ്ങാടി യതീംഖാന പ്രസ്ഥാനത്തിലൂടെ പൂവണിഞ്ഞത്. പോക്കര്‍ സാഹിബിന്റെ സ്മരണയില്‍ മലബാറിലെ ഉന്നത കലാലയങ്ങളിലൊന്നായ പി.എസ്.എം.ഒ കോളജും സീതിസാഹിബ് മെമ്മോറിയല്‍ ട്രെയിനിങ് സ്‌കൂളും കെ.എം മൗലവി മെമ്മോറിയല്‍ അറബിക് കോളജുമായി എം.കെ ഹാജിയുടെ ജീവിത കാലത്തുതന്നെ സഊദാബാദ് പ്രകാശം പരത്തി. കോഴപ്പണം വാങ്ങാത്ത സ്വകാര്യ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണാന്‍ തിരൂരങ്ങാടിയില്‍ വരിക എന്ന് കേരളം അഭിമാനംകൊണ്ടു. ആ യശസ്സിലേക്ക് സ്ഥാപനത്തെ നയിച്ച ശില്പിയുടെ ഓര്‍മക്കായി ആധുനിക സംവിധാനങ്ങളുള്ള എം.കെ ഹാജി ആസ്പത്രിയും.
1943 ഡിസംബര്‍ 11ന് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്ത തിരൂരങ്ങാടി യതീംഖാന എന്ന എം.കെ ഹാജിയുടെ സ്വപ്നസൗധം ആ മഹാപുരുഷപ്രഭ മറഞ്ഞ് മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും സ്ഥാപക മഹത്തുക്കളുടെ പാതയില്‍ ചുവടുതെറ്റാതെ പിഴവരുത്താതെ പിന്‍ഗാമികള്‍ നയിക്കുന്നു.
തിരൂരങ്ങാടിയില്‍ യതീംഖാന എന്ന ചിന്ത രൂപപ്പെടുന്ന സങ്കീര്‍ണ സന്ദര്‍ഭത്തെക്കുറിച്ച് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതാവും കോളറ റിലീഫ് കമ്മിറ്റി വളണ്ടിയറുമായിരുന്ന പി.കെ ഉമര്‍ഖാന്‍ എഴുതിയിട്ടുണ്ട്:
കോളറ സംഹാരതാണ്ഡവം നടത്തുന്ന കാലഘട്ടം. എങ്ങും ദീനരോദനങ്ങള്‍. ഉടപ്പിറപ്പുകളുടെ മരണം നോക്കിനില്‍ക്കേണ്ടി വരുന്ന ഹതഭാഗ്യരുടെ ആര്‍ത്തനാദങ്ങള്‍; ആയിരങ്ങളുടെ ജീവന്‍ കശക്കിയെറിയപ്പെട്ടു. അനാഥരായ പിഞ്ചുകുഞ്ഞുങ്ങള്‍ ഏങ്ങലടിച്ചുകൊണ്ട് തങ്ങളുടെ രക്ഷിതാക്കളുടെ മൃതദേഹങ്ങള്‍ക്ക് മുമ്പില്‍ സഹായത്തിന്റെ തിരിനാളവും കാത്തുനിന്നു. കോളറ റിലീഫ് കമ്മിറ്റിയുടെ വളണ്ടിയറായ ഈ ലേഖകനും ഓടിനടക്കുകയായിരുന്നു.
”സീതി സാഹിബ് അടിയന്തിരമായും തലശ്ശേരിക്ക് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്.” ഒരടിയന്തിര സന്ദേശം ലഭിച്ചു. ഉടനെതന്നെ തലശ്ശേരിയിലെത്തുകയും ചെയ്തു. തലശ്ശേരിയിലെത്തിയപ്പോള്‍ സീതിസാഹിബും സത്താര്‍ സേട്ട്‌സാഹിബും സി.കെ.പി ചെറിയ മമ്മുക്കേയി സാഹിബും ഗഹനമായ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുന്നതാണ് കണ്ടത്. കോളറ സൃഷ്ടിച്ച ദുരിതത്തില്‍നിന്ന് ആശ്വാസനടപടികളെടുക്കുന്നതിനെക്കുറിച്ചായിരുന്നു ചര്‍ച്ചാവിഷയം. ആരോരുമില്ലാതായിത്തീര്‍ന്ന അനാഥകളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പ്രായോഗിക മാര്‍ഗങ്ങളാരായുകയായിരുന്നു അവര്‍. നേതാക്കള്‍ രണ്ടു കത്തുകള്‍ എന്നെ ഏല്‍പ്പിച്ചു. ഒന്ന് എം.കെ. ഹാജി സാഹിബിനും മറ്റൊന്ന് കോഴിക്കോട് ജെ.ഡി.ടിയിലെ മഖ്ബൂല്‍ അഹമ്മദ് സാഹിബിനും. കത്തുമായി ഞാന്‍ നേരെ പോയത് തിരൂരങ്ങാടിയില്‍ എം.കെ. ഹാജി സാഹിബിനെ കാണാനാണ്. ആദ്യമായി അദ്ദേഹത്തെ കാണുന്നതും അന്നുതന്നെ. കത്തുവായിച്ചതില്‍പിന്നെ അധികമൊന്നും താമസമുണ്ടായില്ല. എം.കെ പുറപ്പെട്ടു. ഏതാനും സഹപ്രവര്‍ത്തകരെയും കൂട്ടി ഞങ്ങള്‍ നേരെ പോയത് പരപ്പനങ്ങാടിയിലേക്കും തുടര്‍ന്ന് താനൂരിലേക്കുമാണ്. കോളറ ബാധിത പ്രദേശങ്ങളിലാകെ ഞങ്ങള്‍ ചുറ്റിനടന്നു. സാന്ത്വനപ്പെടുത്തല്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന് നിര്‍വഹിക്കാനുള്ള ദൗത്യമെന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് അധികം സമയം വേണ്ടിവന്നില്ല. നിരാലംബരായിത്തീര്‍ന്ന യതീമുകളുടെ കണക്ക് ശേഖരിക്കുകയുംകൂടി ചെയ്യുകയായിരുന്നു അദ്ദേഹം”.
കെ.എം സീതി സാഹിബിന്റെ മാര്‍ഗനിര്‍ദേശത്തില്‍ കെ.എം മൗലവിയും എം.കെ ഹാജിയും തിരൂരങ്ങാടി യതീംഖാനക്ക് അസ്തിവാരമൊരുക്കി. മത, ജാതി ഭേദങ്ങളില്ലാതെ മതവിശ്വാസങ്ങള്‍ മുറുകെപിടിച്ച് സംസ്‌കാരസമ്പന്നമായ ഭാവിയിലേക്ക് അനാഥകള്‍ ചുവടുവെച്ച ചരിത്രം തിരൂരങ്ങാടി യതീംഖാനയില്‍ അന്തേവാസിയായിരുന്ന എം.എല്‍.എയും പി.എസ്.സി അംഗവുമായിരുന്ന കെ.പി രാമന്‍ മാസ്റ്റര്‍ രേഖപ്പെടുത്തി:
അഞ്ചാം തരത്തില്‍ പഠിക്കുമ്പോള്‍ കൊല്ലപ്പരീക്ഷ നടക്കുന്ന സന്ദര്‍ഭത്തിലാണ് എന്റെ പിതാവ് മരിച്ചത്. ആറാം തരത്തിലേക്ക് ജയിച്ചുവെങ്കിലും തുടര്‍ന്ന് പഠിക്കുന്നതില്‍ വീട്ടുകാര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. പഠിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും വീട്ടില്‍നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള തിരൂരങ്ങാടി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിത്യേന പോയിവരുന്ന പ്രയാസങ്ങളെക്കുറിച്ചും എന്നോട് ബന്ധമുള്ള അധ്യാപകരോടും നാട്ടിലെ ചില വ്യക്തികളോടും ഞാന്‍ പറയുകയുണ്ടായി. ആ വര്‍ഷം ആദ്യമായി തിരൂരങ്ങാടി മുസ്‌ലിം ഓര്‍ഫനേജില്‍ അമുസ്‌ലിം കുട്ടികളെ ചേര്‍ക്കാന്‍ തുടങ്ങിയിരുന്നു. കൂട്ടത്തില്‍ ഞാനും അവിടെ ചേര്‍ന്നു. തുടക്കത്തില്‍ ഞാനടക്കം പട്ടികജാതിയില്‍പ്പെട്ട അഞ്ചു പേരാണുണ്ടായിരുന്നത്. പിന്നീട് സവര്‍ണ സമുദായത്തില്‍പ്പെട്ടവരും ചേരാന്‍ തുടങ്ങി.മുസ്‌ലിം ഓര്‍ഫനേജാണെങ്കിലും ഹിന്ദു കുട്ടികളായ ഞങ്ങള്‍ക്ക് യാതൊരുവിധത്തിലുള്ള പ്രയാസങ്ങളും ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല മറ്റ് കുട്ടികളെക്കാള്‍ ചില കാര്യത്തില്‍ കൂടുതല്‍ സൗകര്യങ്ങളും സ്വാതന്ത്ര്യവും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. സുബ്ഹി നിസ്‌കാരം കഴിഞ്ഞാല്‍ കുറച്ചുനേരം കുട്ടികള്‍ ഖുര്‍ആന്‍ പാരായണം നടത്തും. ‘അസ്സലാത്തു ഖൈറും മിനന്നൗം’ എന്ന് കേള്‍ക്കുമ്പോള്‍ അന്തേവാസികള്‍ ഉണരുമെങ്കിലും എന്നെപ്പോലെയുള്ളവര്‍ക്ക് ചില വിട്ടുവീഴ്ചകള്‍ നല്‍കിയിരുന്നു.
ചിലപ്പോള്‍ ഉപ്പ ശകാരിക്കും. അതു ശകാരം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഭയം, കോപം, ദുഃഖം തുടങ്ങിയ വികാരങ്ങളുണ്ടാകും. പക്ഷേ ഒരു നിമിഷംകൊണ്ട് ഇതൊക്കെ ഇല്ലാതാവുകയും ചെയ്യും. ”മക്കളേ, നിങ്ങളുടെ നന്മക്ക് വേണ്ടിയാണിതൊക്കെ പറഞ്ഞത്. ഞാനൊക്കെ എങ്ങിനെയാണ് വളര്‍ന്നതെന്നറിയാമോ? അങ്ങിനെ നിങ്ങളാരും ആയിക്കൂടാ. എന്റെ മക്കളും നിങ്ങളും എനിക്ക് ഒരുപോലെയാണ്. നിങ്ങളെപ്പോലെയാണ് ഞാന്‍ അവരെയും വളര്‍ത്തുന്നത്. നിങ്ങളെക്കാള്‍ മറ്റു പ്രത്യേകതകളൊന്നും അവര്‍ക്കില്ല.” ഇതൊക്കെ പറഞ്ഞ് ആ വലിയ മനുഷ്യന്‍ കരയും. ഞങ്ങളുടെയും കണ്ണുനിറയും. പൊട്ടിക്കരഞ്ഞ എത്രയോ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്.
കോളജും, ട്രെയിനിങ് സ്‌കൂളും തുടങ്ങുന്നതിന് മുമ്പ് എസ്.എസ്.എല്‍.സി വരെ പഠിക്കുവാനുള്ള സൗകര്യങ്ങളേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. പരീക്ഷാഫലം അറിയുന്നതുവരെ എല്ലാവര്‍ക്കും ഓര്‍ഫനേജില്‍തന്നെ താമസിക്കാമെങ്കിലും ബന്ധത്തില്‍ ആരെങ്കിലും ഉള്ളവര്‍ പരീക്ഷ കഴിഞ്ഞാലുടന്‍ യാത്ര പറയും. യാത്ര പറയുവാന്‍ മാനേജിങ് കമ്മിറ്റിയിലെ തിരൂരങ്ങാടിക്കാരായിട്ടുള്ളവരുടെ അടുക്കലൊക്കെ പോകും. കെ.എം. മൗലവി, ഞങ്ങളുടെ ഉപ്പ, സി.എച്ച് ഇബ്രാഹിം ഹാജി, സി.എച്ച് കുഞ്ഞഹമ്മദ് ഹാജി, കാരാടന്‍ മുഹമ്മദ് ഹാജി ഇവരോടൊക്കെ യാത്ര പറഞ്ഞിറങ്ങുന്ന രംഗം വിവരിക്കാന്‍ പറ്റില്ല.
ഈ സന്ദര്‍ഭത്തില്‍ ഞങ്ങളുടെ ഉപ്പ പറയും; നിങ്ങളെ ആരെയും ഒരു യതീം ആയിതന്നെ പറഞ്ഞയക്കാന്‍ എനിക്കാഗ്രഹമില്ല. പരീക്ഷാഫലം അറിയട്ടെ. നിങ്ങള്‍ നാട്ടില്‍പോയാല്‍ മുസ്‌ലിം ആയി ജീവിക്കണം. എന്നോട് പറഞ്ഞത്- നീ ഉയര്‍ന്ന് പഠിക്കണം. നിനക്ക് പല ആനുകൂല്യങ്ങളും ഉയര്‍ന്നു പഠിക്കുന്നതിനുണ്ടല്ലോ- കൂടാതെ ഞാനും സഹായിക്കും. നിന്റെ സമുദായത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള ഒരാളായിത്തീരണം.”
ബ്രിട്ടീഷ് വേട്ടയുടെ രക്തപങ്കില പാഠമായ മലബാര്‍ കലാപാനന്തരം ആത്മബലം ചോര്‍ന്നുപോയ മലയാളി മുസ്‌ലിം, പിന്നാക്ക ജനതതിയെ സംഘടിപ്പിച്ചു ശക്തരാക്കി രാഷ്ട്രീയ പ്രബുദ്ധതയുടെ മുഖ്യധാരയിലേക്ക് കൈപിടിക്കുകയെന്ന മുസ്‌ലിംലീഗ് ദൗത്യം ധീരതയോടെ നിര്‍വഹിച്ച സ്ഥാപക ശ്രേണിയിലെ പടയാളിയാണ് എം.കെ ഹാജി. സംഘടനക്കുമീതെ നിരോധനത്തിന്റെ കരിനിഴല്‍ പാറിനടന്ന കാലം ഭരണകൂട ഭീകരതയെ കൂസാതെ പച്ചക്കൊടിയേന്തി നടക്കാന്‍ ഉള്ളുറപ്പ് കാണിച്ച ചുരുക്കംപേരിലൊരാള്‍. മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെയും കേരള സംസ്ഥാന മുസ്‌ലിംലീഗിന്റെയും ട്രഷറര്‍. സംഘടനയില്‍ ദൗര്‍ഭാഗ്യകരമായ ഭിന്നിപ്പ് സംഭവിച്ച കാലം. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് പൂക്കോയതങ്ങള്‍ എന്ന തന്റെ ഉറ്റമിത്രം രോഗശയ്യയില്‍. അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് എം.കെ ഹാജി കൊടപ്പനക്കലെത്തി പരസ്പരം നെഞ്ചും കവിളും ചേര്‍ത്ത് ആശ്വസിപ്പിച്ച് തിരിച്ചിറങ്ങുമ്പോള്‍ വരാന്തയിലെ തൂണില്‍ ചാരിനിന്ന് പൊട്ടിക്കരഞ്ഞുപോയ രംഗം മലപ്പുറത്തെ പി.ടി.ഐ പ്രതിനിധിയായിരുന്ന പരേതനായ പി.കെ അലവിക്കുട്ടി പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍പോലും ധൈര്യം കൈവിടാറില്ലാത്ത എം.കെ ഹാജിക്ക് ഒരുപാട് കാലം ഒന്നിച്ചുനടന്ന പൂക്കോയക്കുട്ടിയുടെ കിടപ്പുകണ്ടപ്പോള്‍ പിടിച്ചുനില്‍ക്കാനായില്ലെന്ന്.” അത്രയുമായിരുന്നു അവര്‍ക്കിടയിലെ ഭിന്നത.
നാല്‍പതുവര്‍ഷം തുടര്‍ച്ചയായി യതീംഖാനയുടെ സെക്രട്ടറിയായിരുന്ന എം.കെ ഹാജിക്കു ശേഷം ആ പദവിയിലെത്തിയ സി.എച്ച് കുഞ്ഞഹമ്മദാജി ഒരു കൂടിക്കാഴ്ചയില്‍ പറഞ്ഞു: പാര്‍ട്ടിയിലെ ഭിന്നിപ്പ് കാലം. യതീംഖാന സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരു പേര് നിര്‍ദേശിച്ച് പ്രസിഡണ്ടായിരുന്ന സി.എച്ച് മുഹമ്മദ്‌കോയ സാഹിബിനെ ഒരു സംഘം സമീപിച്ചു. ഒരു മറുചോദ്യമേ സി.എച്ച് ഉന്നയിച്ചുള്ളൂ. തെല്ല് ദ്വേഷ്യത്തോടെ: എം.കെ ഹാജിക്കു പകരമോ?
ഒരു പ്രമുഖ വിദ്യാഭ്യാസ സംഘടനയുമായി പാര്‍ട്ടി അകന്നുനിന്ന സന്ദര്‍ഭം. മുസ്‌ലിംലീഗിനെ സേവനം പഠിപ്പിക്കാനിറങ്ങിയവര്‍ക്ക് സി.എച്ച് മറുപടി നല്‍കി. ”വെള്ളിയാഴ്ച (അവധിദിനം) സേവകരുടെ സേവനങ്ങള്‍ ത്രാസിന്റെ ഒരു തട്ടിലും ഞങ്ങളുടെ വന്ദ്യനായ എം.കെ ഹാജി സാഹിബിന്റെ താടിരോമങ്ങള്‍ മറ്റേ തട്ടിലും വെച്ചുനോക്കുക. സംശയമില്ല. അധികാരത്തിന്റെയും പ്രസിദ്ധിയുടെയും പിറകെ പോകാത്ത, അനാഥ സേവനത്തിനായി ആയുസ്സര്‍പ്പിച്ച ഞങ്ങളുടെ ധീരനായ നേതാവ്, ജനലക്ഷങ്ങളുടെ സ്‌നേഹഭാജനമായ എം.കെയുടെ തട്ട് ആയിരിക്കും കനംതൂങ്ങുക.”

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി

ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Published

on

ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും അവരുടെ വാസസ്ഥാനങ്ങൾ തകർത്തുകൊണ്ടും ആസാമിൽ നടന്ന സംഭവവികാസങ്ങൾ അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനമാണെന്ന് ഡോ. എംപി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. അവിടെ പാർക്കുന്ന ജനങ്ങളെ രാജ്യമില്ലാത്തവരും വോട്ടവകാശം ഇല്ലാത്തവരുമാക്കി മാറ്റാൻ ഉദ്ദേശിച്ചുള്ള ഈ നടപടി ഏറെ അധിക്ഷേപാർഹമാണ്. അവർക്ക് ഭരണഘടനാപരമായ നീതി ഉറപ്പുവരുത്തിക്കൊണ്ട് അടിയന്തിരമായ പുനരധിവാസവും ദുരിതാശ്വാസ സഹായങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്ന് 377-ാം വകുപ്പ് പ്രകാരമുള്ള ഉപക്ഷേപത്തിലൂടെ വിഷയമുന്നയിച്ചുകൊണ്ട് സമദാനി ആവശ്യപ്പെട്ടു.
ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനോ അവരുടെ പ്രയാസങ്ങളിൽ ആശ്വാസം നൽകാനോ ഒരു നടപടിയുമെടുക്കാതെയാണ് ഇത്രയേറെ കുടുംബങ്ങളുടെ പാർപ്പിടങ്ങൾ ഒറ്റയടിക്ക് തകർത്തുകളഞ്ഞത്. പകരം വാസസ്ഥാനങ്ങൾക്കോ ദുരിതാശ്വാസത്തിനോ നഷ്ടപരിഹാരത്തിനോ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെയായിരുന്നു ഇത്. മസ്ജിദ് കെട്ടിടങ്ങളും സ്കൂളുകളുമെല്ലാം തകർത്ത് നിരപ്പാക്കി. കനത്ത മഴക്കിടയിലും ഈ നടപടി തുടർന്നു. ഇതിലൂടെ അവരുടെ ജീവിതങ്ങൾ പിഴുതെറിയപ്പെടുകയും അഭിമാനം തകർക്കപ്പെടുകയുമാണ് ചെയ്തതെന്ന് സമദാനി കുറ്റപ്പെടുത്തി. ബംഗാളി മുസ്ലിം കുടുംബങ്ങളെ പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ നടപടിയെന്നത് കൂടുതൽ ആശങ്കാജനകമാണ്. വർഷങ്ങളായി ബന്ധപ്പെട്ട രേഖകളോടെ അവിടെ പാർത്തുവരുന്നവരാണവർ.
സുപ്രീംകോടതി നൽകിയിട്ടുള്ള മാർഗനിർദ്ദേശങ്ങൾ പൂർണമായി ലംഘിച്ചുകൊണ്ടാണ് ആസാമിലെ ഈ ഒഴിപ്പിക്കലും തകർക്കലും നടന്നത്. കുടിയൊഴിപ്പിക്കുന്ന പ്രക്രിയക്ക് മുൻകൂട്ടിയുള്ള ഷോക്കോസ് നോട്ടീസും പതിനഞ്ച് ദിവസത്തെ പ്രതികരണജാലകവും ഈ മാർഗ്ഗനിർദ്ദേശങ്ങളിലുണ്ട്. എന്നാൽ ഒന്നോ രണ്ടോ നോട്ടീസ് മാത്രം നൽകി ബന്ധപ്പെട്ടവരുടെ പരാതി കേൾക്കാനോ മറ്റു നടപടികൾക്കോ ഒന്നും അവസരമൊരുക്കാതെ ഒഴിപ്പിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയും ജനങ്ങൾക്ക് പുനരധിവാസവും ഭരണഘടനാപരമായ നീതിയും ഉറപ്പുവരുത്താനാവശ്യപ്പെട്ടുകൊണ്ടും സുപ്രീംകോടതി അധികൃതർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.
പാവപ്പെട്ട മനുഷ്യരുടെ കൈവശമുള്ളതെല്ലാം ഒറ്റരാത്രികൊണ്ട് ഇടിച്ചുനിരപ്പാകുന്നത് ഭരണമല്ലെന്ന് പറഞ്ഞ സമദാനി ഇത് പരിഹരിക്കാൻ അടിയന്തിര നടപടികളെടുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
Continue Reading

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

Trending