ഇന്ത്യന്‍ സമൂഹത്തില്‍ ഇസ്‌ലാമിനെ കുറിച്ചുള്ള ചര്‍ച്ചകളും വിലയിരുത്തലുകളും വളരെ വ്യത്യസ്തമായ ചില തലങ്ങളിലാണ് നടക്കുന്നത്. ഇസ്‌ലാം ചര്‍ച്ചാവിഷയമാകുന്ന ഘട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ മറ്റു മതങ്ങളില്‍ നിന്ന് ഭിന്നമായി ചില ഘടകങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. വളരെയധികം ഗൗരവത്തോടെയും തീക്ഷണതയോടെയുമാണ് ഇസ്‌ലാം ചര്‍ച്ചചെയ്യപ്പെടാറുള്ളത്. ഭീതിയുടെയും ആപത്ശങ്കകളുടെയും നിഴലാട്ടം ഇസ്‌ലാമിനെ കുറിച്ചുള്ള സംവാദ ചര്‍ച്ചകളില്‍ പ്രകടമാകുന്നു. മറ്റുമതങ്ങളെ അപേക്ഷിച്ച് ഇസ്‌ലാമിനു നേരെ വിമര്‍ശനാത്മകമായ ആരോപണങ്ങള്‍ ഏറെ ഉന്നയിക്കപ്പെടുന്നു.

ഇതൊന്നും മറ്റു മതങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ വേണ്ടത്ര പ്രകടമാകാറില്ല എന്നതാണ് അനുഭവം. ഇവിടെ നിലനിന്നിരുന്ന മതങ്ങള്‍ക്കും വിശ്വാസാദര്‍ശങ്ങള്‍ക്കും ജീവിതരീതികള്‍ക്കുമെതിരായ തിരുത്തല്‍ ശബ്ദമായി ഇസ്‌ലാം പ്രതികരിച്ചു തുടങ്ങിയ ആദ്യനാളുകള്‍ തൊട്ടു തന്നെ ഇസ്‌ലാം ചര്‍ച്ചാവിഷയമായിത്തീര്‍ന്നിട്ടുണ്ട്. എഡി 13-ാം നൂറ്റാണ്ടിനടുത്ത കാലഘട്ടത്തിലാണ് ഇസ്‌ലാം ഇന്ത്യന്‍ സമൂഹത്തില്‍ സജീവമായി ഇടപെട്ടു തുടങ്ങുന്നത്. ജാതീയതയുടെയും വര്‍ണാശ്രമ സംവിധാനത്തിന്റെയും തിക്താനുഭവങ്ങളെ അടയാളപ്പെടുത്തുന്ന വ്യവസ്ഥാപിതമായ ഇന്ത്യാ ചരിത്രം നല്‍കുന്ന തെളിവുകള്‍ അനുസരിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ക്കായുള്ള ഒരു ശക്തമായ ജനകീയാഭിലാഷം വ്യാപകമായിരുന്ന ഘട്ടം കൂടിയായിരുന്നു അത്.

ഇന്ത്യയിലെ ദലിതുകളുടെയും അവര്‍ണരുടെയും പൂര്‍വകാല അവസ്ഥകളെ കുറിച്ചുള്ള സ്വതന്ത്ര പഠനങ്ങള്‍ പതിമൂന്നാം നൂറ്റാണ്ടിനെ പ്രത്യേകതയായിരുന്നു. മുഗിളരുടെയും മറ്റും കടന്നുവരവ് പോലുള്ള ബാഹ്യ കാരണങ്ങളാണ് ഒരു വിഭാഗം ചരിത്രകാരന്മാര്‍ ഈ ഘട്ടത്തിന്റെ സവിശേഷതക്ക് തെളിവായി ഉയര്‍ത്തിക്കാട്ടാറുള്ളതെങ്കിലും, ഇന്ത്യയിലെ അവര്‍ണര്‍ക്കും പിന്നോക്ക ജനവിഭാഗങ്ങള്‍ക്കുമിടയില്‍ മാറ്റത്തിനായുള്ള ചിന്തകള്‍ ഉയര്‍ന്നുവന്നത് ആ കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു. ഇസ്‌ലാമിക ധര്‍മത്തിന്റെ സാമൂഹ്യ, വൈയക്തിക മാറ്റത്തിനായുള്ള സവിശേഷ മൂല്യസന്ദേശങ്ങളുടെ പ്രബോധനം ഉത്തരേന്ത്യയില്‍ സംഭവിച്ചത് ഇന്ത്യന്‍ സാമൂഹികതയെ ആഴത്തില്‍ സ്വാധീനിച്ചു. ഏകദൈവാദര്‍ശത്തിലൂന്നിയ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ക്കായി ഒരുവിഭാഗം മുസ്‌ലിം പ്രബോധകര്‍ നടത്തിയ പരിശ്രമങ്ങള്‍ ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെയും സാമൂഹ്യ അസമത്വങ്ങളുടെയും മാറ്റത്തിനിടയൊരുക്കി.
ഇസ്‌ലാമിനെ കുറിച്ചുള്ള ആപത്ശങ്കകള്‍ ഇന്ത്യയില്‍ ആദ്യമായി രൂപപ്പെടുന്നത് സവര്‍ണരിലെ നിക്ഷിപ്ത താല്‍പര്യക്കാരായ മേല്‍ക്കോയ്മ വാദക്കാരില്‍ ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. അതേ സമയം പിന്നാക്ക വിഭാഗങ്ങളിലും അധഃസ്ഥിതരിലും നേരേ ചൊവ്വേ സമൂഹത്തെ പഠനവിധേയമാക്കിയ സവര്‍ണരിലും അത്തരം ഭീതി ഉണ്ടായിരുന്നില്ല. തീവ്രഹിന്ദുത്വവാദികളില്‍ നിന്നു പോലും ചില അപൂര്‍വ ഘട്ടങ്ങൡ ഇസ്‌ലാമിനെ കുറിച്ചു നല്ലവാക്കുകള്‍ പുറപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. സംഘപരിവാറിന്റെ ചരിത്രത്തില്‍ അറിയപ്പെടുന്ന രണ്ടു പുരുഷനാമധേയങ്ങളായ ബി.ആര്‍. വിക്രംജേ, മദന്‍മോഹ മാളവ്യ തുടങ്ങിയവര്‍ ഇത്തരത്തില്‍ പ്രതികരിച്ചവരായിരുന്നു. ഗോള്‍വാള്‍ക്കറുടെയും ഹെഡ്‌ഗേവാറിന്റെയും ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയവരായിരുന്നു വിക്രംജേയും മാളവ്യയും.

ഹിന്ദുത്വ വര്‍ഗീയതയുടെ ചരിത്രത്തിലെ മധ്യവര്‍ത്തികളായ ആ രണ്ടുപേരും ഇസ്‌ലാം ഇന്ത്യന്‍ സമൂഹത്തില്‍ ചെലുത്തിയ ഗുണപരമായ സ്വാധീനങ്ങള്‍ സമ്മതിക്കുകയും സാമൂഹ്യമാറ്റത്തിനുള്ള ശക്തമായ പ്രേരണകള്‍കൊണ്ട് ഇസ്‌ലാം ഇന്ത്യന്‍ സമൂഹത്തെ പുനര്‍നിര്‍മിച്ചതിന്റെ പിന്നിലെ നിയോഗപരമായ പ്രാധാന്യം അംഗീകരിക്കുകയും ചെയ്തവരാണ്. ഏതു കാലഘട്ടത്തിലായാലും ഇസ്‌ലാമിനെ കുറിച്ചുള്ള ഭീതി വ്യാപിപ്പിക്കുന്നതില്‍ തെറ്റായ ചരിത്രം സുപ്രധാന ഉപാധിയായി വിനിയോഗിപ്പെട്ടുകാണാം. വിഭജനാനന്തര ഘട്ടത്തില്‍ ഹിന്ദുത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കെട്ടഴിച്ചുവിട്ട ചരിത്രത്തിന്റെ മുഖം മൂടിയണിയിക്കപ്പെട്ട നുണകള്‍ പ്രധാനമായും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറ്റാരോപണ വിധേയമാക്കുന്നവയായിരുന്നു. സവര്‍ണരുടെ സാമൂഹ്യഭീതിയില്‍ നിന്നാവിര്‍ഭവിച്ച പ്രത്യേകതരം വിദ്വേഷം പില്‍ക്കാലത്ത് കൃത്രിമമായ ചരിത്രനിര്‍മാണത്തോളം വികസിച്ചു.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ദേശീയതയുടെ മറപിടിച്ചു വളര്‍ന്നുവന്ന മതവിദ്വേഷം കൃത്രിമ കഥകളുടെയും ഊഹാപോഹങ്ങളുടെയും വിതരണത്തിന് സുഗമമായ പശ്ചാത്തലമായിത്തീര്‍ന്നു. അതിന് തൊട്ടുമുമ്പ് 18,17,16 നൂറ്റാണ്ടുകളില്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ വന്ന ഹിന്ദുത്വത്തിലൂന്നിയ പ്രചാരണ സംഘങ്ങള്‍ മുസ്‌ലിം- ഇസ്‌ലാം വിദ്വേഷത്തിനു താത്വികമായ പരിവേഷവും പശ്ചാതലവും ഒരുക്കി വെച്ചിരുന്നു. ഇസ്‌ലാം ഭീതിയുടെ അംശങ്ങള്‍ ഏറിയും കുറഞ്ഞും അനേകം നൂറ്റാണ്ടുകളായി ഇന്ത്യന്‍ സമൂഹത്തില്‍ വിതരണം ചെയ്യപ്പെട്ടുവന്നിരുന്നു എന്നത് ചരിത്രമാണ്.
വിഭജനത്തില്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പങ്ക്
അതൊരു ചരിത്രപരമായ യാഥാര്‍ഥ്യമാണ്. വിഭജനത്തെ ഹിന്ദുത്വരാഷ്ട്ര വാദം വളരെയധികം സ്വാധീനിച്ചിരുന്നു. 1920കള്‍ തൊട്ടാണ് വിഭജനം എന്ന ആശയം ദേശീയ വാദത്തിന്റെ മറപിടിച്ച് ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങുന്നത്. പില്‍ക്കാലത്ത് കടുത്ത ദേശീയവാദികള്‍ കടുത്തവിഭജന വിരോധികളായി വേഷപ്പകര്‍ച്ച നേടുന്നത് ഇന്ത്യാ ചരിത്രത്തില്‍ കാണാനിടയായെങ്കിലും യഥാര്‍ത്ഥത്തില്‍ വിഭജന വാദത്തിന്റെ ഉത്ഭവം കടുത്ത ദേശീയവാദികളുടെ അഥവാ സാംസ്‌കാരിക ദേശീയവാദികളുടെ തലച്ചോറില്‍ നിന്നുമായിരുന്നു.

1920കളില്‍ ഹിന്ദുത്വ ദേശീയവാദികളുടെ തലച്ചോറില്‍ ഉടലെടുത്ത ഒരുപായമായി പ്രത്യക്ഷപ്പെടുന്ന വിഭജനം 1930കളില്‍ സാവര്‍കറിസത്തിന്റെ പ്രത്യക്ഷ മുദ്രാവാക്യമായി മാറി. ഹിന്ദുരാഷ്ട്ര സങ്കല്‍പത്തിന്റെ അടിത്തറ തന്നെ വിഭജന വാദത്തിന്റെ അംശങ്ങളുപയോഗിച്ചായിരുന്നു പണിതത്. സംസാരിക്കുന്ന ചരിത്രരേഖകള്‍ ഈ സത്യം ഇന്ത്യയുടെ പില്‍ക്കാലത്തോട് വിളിച്ചുപറഞ്ഞിട്ടുണ്ട്.ഹിന്ദുത്വരാഷ്ട്രീയം അതിന്റെ തുറുപ്പുചീട്ടായി കണ്ടെത്തിയ വിഭജനവാദം ഇസ്‌ലാം ഭീതിയുടെ ഊര്‍ജമാണ് ഉപയോഗപ്പെടുത്തിയത്. 1920കളില്‍ പ്രചരിപ്പിച്ചിരുന്ന ചില കാര്യങ്ങള്‍ ഇപ്രകാരമായിരുന്നു:
”പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ഇന്ത്യയുടെ സംസ്‌കാരത്തെയും അതിന്റെ ശേഷിപ്പുകളെയും തകര്‍ത്തത് 1000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലെത്തിയ മുസ്‌ലിംകളായിരുന്നു. മുസ്‌ലിംകള്‍ ഇവിടെ വാളും ഭീഷണിയും ഉപയോഗിച്ചാണ് ഭരണം നേടിയതും സവര്‍ണര്‍ ഉള്‍പ്പെടുന്ന ഇന്ത്യക്കാരെ ഒതുക്കി നിര്‍ത്തിയിരുന്നതും അത്യധികം അപകടകരവും ഭീതി ഉണര്‍ത്തുന്നതുമായ ഒരു തത്വശാസ്ത്രമാണ് ഇസ്‌ലാം. അത് കടുത്ത അക്രമവാസനയും ഹിംസയും വളര്‍ത്തുന്ന മതമാണ്.
ഇന്ത്യയില്‍ നിന്ന് മുസ്‌ലിംകളെ നാടുകടത്താതെ ഇവിടെ ആര്‍ക്കും സ്വസ്ഥ ജീവിതം സാധ്യമേയല്ല”. എന്നിങ്ങനെ കടുത്ത വിദ്വേഷത്തിന്റെ വിഷംവമിക്കുന്നവയായിരുന്നു.
മേല്‍പറഞ്ഞ പ്രചാരണങ്ങളെ അടിസ്ഥാനമാക്കി രൂപംകൊണ്ട പദ്ധതിയാണ് വിഭജനം. രാജ്യം പങ്കുവെച്ചിട്ടാണെങ്കിലും ശരി, മുസ്‌ലിംകളെ ഇവിടെ നിന്ന് ഒഴിവാക്കുക എന്നതാണ് സുരക്ഷക്കാവശ്യമായ ഏകനടപടിയെന്നു വിശ്വസിക്കുന്നവരും വിശ്വസിപ്പിക്കുന്നവരുമായി ഒട്ടനവധി പേര്‍ രംഗത്തു വന്നു. സ്വാഭാവികമായി ഇത്തരക്കാര്‍ ഒരു ചേരിയാവുകയും അവര്‍ക്ക് ഒരു രാഷ്ട്രീയം ഉടലെടുക്കുകയും ആ രാഷ്ട്രീയം ഹിന്ദുരാഷ്ട്രീയമെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിനായുള്ള പരിശ്രമങ്ങളും ഉപാധികളും ആരായുകയും ചെയ്തുകൊണ്ടിരുന്നു. 1925-ല്‍ ആര്‍.എസ്.എസ് രൂപീകൃതമായപ്പോള്‍ മേല്‍പറഞ്ഞ ചിന്താഗതിക്ക് സായുധ സ്വഭാവത്തോടുകൂടിയ പുതിയ കര്‍മ പദ്ധതികളും ആവിഷ്‌കരിക്കപ്പെട്ടു.

ദേശീയതക്കുള്ളിലെ ഭീതിയെന്ന വികാരം
ഹിന്ദുത്വവാദത്തോട് ഇന്ത്യന്‍ ദേശീയതയുടെ തീവ്രതയെ ബന്ധിപ്പിച്ച് നിര്‍ത്തുന്ന സംഘപരിവാര്‍ മനോഭാവം ഇസ്‌ലാം ഭീതിയുടെ തത്വശാസ്ത്രത്തെയാണ് അവലംബിക്കുന്നത്. ‘നിങ്ങള്‍ ദേശീയവാദിയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഹിന്ദുവാകാതിരിക്കാനോ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഹിംസിക്കാതിരിക്കാനോ കഴിയില്ലെ’ന്നുള്ള ഒരാശയം സംഘപരിവാര്‍ വളരെ ശക്തമായിത്തന്നെ ഇവിടെ പ്രചരിപ്പിച്ചിട്ടുണ്ട്. ഈ പ്രചാരണം ഇന്ത്യന്‍ സമൂഹത്തെ ചില ഘട്ടങ്ങളിലെങ്കിലും സ്വാധീനിക്കുകയും വഴിതെറ്റിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം മതനിരപേക്ഷമായ ദേശീയതയുടെ യഥാര്‍ഥ ധാരയോട് ആശയപരമായി സംവദിക്കാനാവാതെ ഭീതിയുടെ ബീജങ്ങള്‍ പേറുന്ന കപട ദേശീയത ചില ഘട്ടങ്ങളില്‍ പിന്തിരിഞ്ഞ് പോയിട്ടുമുണ്ട്. ഇന്ത്യയുടെ നിലനില്‍പിനെ യഥാര്‍ത്ഥത്തില്‍ സുന്ദരവും ശക്തവുമാക്കുന്നത് ദേശീയതക്കുള്ളിലെ വര്‍ഗീയതയും ദേശീയതക്കുള്ളിലെ മതനിരപേക്ഷതയും തമ്മിലുള്ള ആശയ സംഘര്‍ഷങ്ങളാണ് എന്നു വ്യക്തം. വര്‍ത്തമാനകാല ഇന്ത്യയിലും ഇതുതന്നെയാണ് സ്ഥിതി. നാളെയും അത് അപ്രകാരം തന്നെയായിരിക്കാനാണിട.
ഹിന്ദുത്വര്‍ വിഭാവനം ചെയ്‌തെടുത്ത ദേശീയത യഥാര്‍ഥ ദേശീയതയുമായി പ്രതിവര്‍ത്തിക്കുന്ന ചില തലങ്ങളുണ്ട.് ഒന്നാമതായി ഹിന്ദുത്വ ദേശീയത ഇസ്‌ലാം മതത്തോടും മുസ്‌ലിം സാമൂഹികതയോടുമുള്ള വിദ്വേഷത്തെ താത്വികവല്‍ക്കരിക്കുന്നു. രണ്ടാമതായി ഹിന്ദുത്വ ദേശീയത ദുര്‍ബലമായ വൈകാരികതയെ അവലംബിക്കുന്നു.

മൂന്നാമതായി അത് സമൂഹത്തിന്റെ ശാക്തീകരണത്തിനുപകരം ശിഥിലീകരണം സാധിക്കുന്നു. മറുവശത്ത് യഥാര്‍ഥമായ ദേശീയതയാവട്ടെ ഒരു മതത്തോടുമുള്ള ആഭിമുഖ്യമോ വിയോജിപ്പോ താത്വികമായി എടുക്കുന്നില്ല. തന്നെയുമല്ല ശക്തമായ യാഥാര്‍ത്ഥ്യ ബോധത്തോടെ ദുര്‍ബല വൈകാരികതകളെ തീര്‍ത്തും മാറ്റിവെച്ചുകൊണ്ട് സമൂഹത്തെ കുറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അതോടുകൂടിത്തന്നെ സമൂഹത്തെ എല്ലാതരം ശിഥിലീകരണ ചിന്തകള്‍ക്കുമതീതമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു.
യഥാര്‍ഥ മതനിരപേക്ഷ ദേശീയത അതിജീവിക്കുകയും മതാധിഷ്ഠിത ഹൈന്ദവ ദേശീയത വൈകാരികതയുടെ പര്യായമായി തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നത് മേല്‍പറഞ്ഞ വ്യത്യാസങ്ങള്‍ കാരണമാണ്. ദേശീയതക്കുള്ളില്‍ നിന്ന് മുസ്‌ലിം/ ഇസ്‌ലാംമത ഭീതിയെന്ന രോഗാണുവിനെ അകറ്റിനിര്‍ത്തുവാന്‍ ഹിന്ദുത്വര്‍ക്ക് സാധിക്കുന്നില്ല എന്നതാണവരുടെ യഥാര്‍ഥ ബലഹീനത. ഈ ബലഹീനത മറച്ചുപിടിക്കാനുള്ള തരംതാഴ്ന്ന ഗോഗ്വാരവങ്ങളാണ് കലാപങ്ങളിലും വര്‍ഗീയ സംഘര്‍ഷങ്ങളിലും ഉയര്‍ന്നുകേള്‍ക്കുന്നത്. ഒന്നാന്തരം കാല്‍പനിക ഭയത്തിന്റെ വക്താക്കളായ ഹിന്ദുത്വവാദികള്‍ അയഥാര്‍ഥമായ ചില പരികല്‍പനകളുടെ സഹായത്തോടെ സ്വന്തം ദൗര്‍ബല്യങ്ങളെ മറച്ചുപിടിക്കാന്‍ തീവ്ര പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്നതാണ് കാണുന്നത്.

വിഭജനാന്തര ഇന്ത്യയിലെ മുസ്‌ലിംകള്‍
ആയിരക്കണക്കിന് മനുഷ്യരുടെ ചോരയില്‍ കുതിര്‍ന്ന ഒരു രാഷ്ട്ര പിറവിയാണ് ഇന്ത്യക്കുണ്ടായത്. വിഭജനം ചാലിട്ടൊഴുക്കിയ ചോരയുടെയും കണ്ണീരിന്റെയും കഥകള്‍ ഇനിയും അവസാനിച്ചിട്ടില്ല. നമ്മുടെ സാഹിത്യത്തെയും കലകളെയും പഠനങ്ങളെയും സംസ്‌കാരത്തെയും ആഴത്തില്‍ സ്വാധീനിച്ചതാണ് വിഭജനം. സാദത്ത് ഹസന്‍ മാണ്ടോവിന്റെ ഒരു കഥയില്‍ പറയുന്നതുപോലെ ”വിഭജനം അത്രയെളുപ്പത്തില്‍ സംഭവിച്ചതായിരുന്നില്ല. അതിനാലത് അത്രയെളുപ്പത്തില്‍ മറക്കാവുന്നതുമല്ല.”
ഇന്ത്യയിലെ ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ ആഴത്തിലുള്ള ഒരു വിടവുതന്നെ വിഭജനത്തിന്റെ ഫലമായി ഉണ്ടായി. ഈ വിടവിന്റെ ആഴവും അഗാധതയും അല്‍പാല്‍പമായി കുറച്ചുകുറച്ചില്ലാതാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇരുപക്ഷത്തെയും പ്രത്യുല്‍പന്നമതികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം സദുദ്ദേശ്യ പൂര്‍ണമായ പരിശ്രമങ്ങളെ തകിടംമറിക്കുന്ന വിധത്തില്‍ പലപല ഇടപെടലുകളും പലഭാഗങ്ങളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ വര്‍ഗീയവാദത്തിന്റെ വക്താക്കള്‍ സൃഷ്ടിച്ചുവിടുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ മുറിപ്പാടുകളെ അവയുടെ പൊള്ളുന്ന വേദനകളോടെ നിലനിര്‍ത്തുവാനുള്ള കുത്സിതയത്‌നങ്ങളുടെ ഭാഗമാണ്.

മുസ്‌ലിം ജനസമൂഹത്തെ എക്കാലത്തും സംശയത്തിന്റെ കുന്തമുനകളില്‍ തറപ്പിച്ചുനിര്‍ത്തി നാടിന്റെ ശാന്തിയെയും സമാധാനത്തെയും തുരങ്കംവെക്കുവാന്‍ ചില ദുശ്ശക്തികള്‍ കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുന്നത് കാണാം. മുസ്‌ലിംകള്‍ ക്രൂരമാം വിധത്തില്‍ ആരോപണങ്ങള്‍കൊണ്ട് ആക്രമിക്കപ്പെടുന്നു.കലാപങ്ങളും അശാന്തിയും പൊട്ടിത്തെറിയുമെല്ലാം മുസ്‌ലിംകളുടെ മാത്രം ദുഷ്പ്രവര്‍ത്തികളാണെന്ന പ്രചാരണം ശക്തമാണിന്ന്. ഇന്ത്യയിലെ ഒരു ശരാശരി മുസ്‌ലിമിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലിത്. പല മേഖലകളിലും ശേഷിയും പ്രതിഭയും തെളിയിച്ചവരുടെ അവസ്ഥ പോലും ഭിന്നമല്ല. ചിത്രകാരന്‍മാരും ചലച്ചിത്ര രംഗത്തുള്ളവരും കായികതാരങ്ങളും സംഗീതജ്ഞരും എല്ലാം ഇത്തരത്തില്‍ ഒരു പ്രത്യേക മതത്തിന്റെ പേരില്‍ സംശയിക്കപ്പെടുന്ന സാഹചര്യം രൂപപ്പെടുന്നതിലും നിലനിര്‍ത്തുന്നതിലും വര്‍ഗീയതയുടെ ഉപജ്ഞാതാക്കള്‍ വിജയിച്ചതായി കാണാം.
മുസ്‌ലിമിന്റെ പേരും മതവും സംസ്‌കാരവും രാജ്യത്തെയും പൊതു സമൂഹത്തെയും സംബന്ധിച്ച് സംശയാസ്പദവും ഭീതിയുണര്‍ത്തുന്നതുമായ കാര്യങ്ങളാണ് എന്നു ചിന്തിക്കാന്‍ ഇന്ത്യയിലെ പൊതുസമൂഹം ഇനിയും പാകപ്പെട്ടിട്ടില്ല. പക്ഷേ ദോഷൈകദൃക്കുകളായ ചിലരെ സംബന്ധിച്ച് അത്തരമൊരു അധഃപതനത്തിലേക്കുള്ള പാതയില്‍ ഇന്ത്യന്‍ സമൂഹം എത്തിച്ചേരുന്ന കാലം അതിവിദൂരമല്ല എന്ന സ്വപ്നമാണ് വര്‍ഗീയ രാഷ്ട്രീയത്തെ മുന്നോട്ടു നയിക്കുന്നത്. ഇസ്‌ലാം ഭീതിയുടെ വര്‍ത്തമാനകാല സാധ്യതകളെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നിരന്തരാന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കള്‍. ഇന്നല്ലെങ്കില്‍ നാളെ പരിപൂര്‍ണമായ ഒരു അബോധ സമൂഹത്തിന്റെ രൂപീകരണം ഇക്കാര്യത്തില്‍ സംഭവിക്കാനിടയുണ്ടെന്ന് അവര്‍ വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു.
                                                                                                         ഉസ്മാന്‍ പാലക്കാഴി