X

രാജസ്ഥാനില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഉത്തരവുകള്‍ തിരുത്തി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഉത്തരവുകള്‍ തിരുത്തി കോണ്‍ഗ്രസ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ മുന്‍സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നിര്‍ത്തലാക്കുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതികളിലേക്ക് മത്സരിക്കാന്‍ വിദ്യാഭ്യാസ യോഗ്യത ഏര്‍പ്പെടുത്തിയ ഉത്തരവും ഔദ്യോഗിക ലെറ്റര്‍പാഡില്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ചിത്രം ഉപയോഗിക്കാനുള്ള തീരുമാനവും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം റദ്ദാക്കി.

ദേശീയ ചിഹ്നം അടിയന്തരമായി ലെറ്റര്‍പാഡുകളിലേക്ക് മടക്കിക്കൊണ്ടുവരും. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, മുന്‍സിപ്പല്‍ കൗണ്‍സില്‍ എന്നിവിടങ്ങളിലേക്ക് മത്സരിക്കാന്‍ പത്താംക്ലാസും സര്‍പഞ്ച് തെരഞ്ഞെടുപ്പില്‍ എട്ടാംക്ലാസും സംവരണമേഖലയില്‍ അഞ്ചാം ക്ലാസും പാസാകണമെന്ന വസുന്ധര രാജെ സിന്ധ്യ സര്‍ക്കാരിന്റെ ഉത്തരവാണ് റദ്ദാക്കിയത്. ജനാധിപത്യ സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് നടപടി.

ബി.ജെ.പി സര്‍ക്കാര്‍ അടച്ചുപൂട്ടിയ ഡോ.ഭീംറാവു അംബേദ്കര്‍ സര്‍വകലാശാല, ഹരിദേവ് യൂണിവേഴ്‌സിറ്റി ഒഫ് ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ സര്‍വകലാശാലകളും തുറക്കും. വിദ്യാഭ്യാസ മേഖലയില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ പരിശോധിക്കും. ഗാന്ധിജി, നെഹ്‌റു, ഇന്ദിരഗാന്ധി, രാജീവ്ഗാന്ധി തുടങ്ങിയവരുടെ സംഭാവനകള്‍ പാഠപുസ്തകങ്ങളിലേക്ക് മടക്കിക്കൊണ്ടുവരും.

chandrika: