News

ഏഷ്യാ കപ്പ് വിവാദം: ഇന്ത്യ–പാക് താരങ്ങള്‍ക്ക് ഐസിസിയുടെ ശിക്ഷ

By webdesk17

November 05, 2025

ദുബൈ: ഏഷ്യാ കപ്പിലെ ഇന്ത്യ–പാകിസ്താന്‍ മത്സരങ്ങളില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ബൗളര്‍ ജസ്പ്രിത് ബുംറ, പാക് താരങ്ങള്‍ സാഹിബ്‌സാദാ ഫര്‍ഹാന്‍, ഹാരിസ് റൗഫ് എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപടി സ്വീകരിച്ചു.

ഐസിസി മാച്ച് റഫറിമാരുടെ എലൈറ്റ് പാനലാണ് വാദം കേട്ടത്. പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.6 ലംഘിച്ചതിനാലാണ് നടപടി.

പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയോട് ഹസ്തദാനം നിഷേധിച്ചതിന് സൂര്യകുമാറിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ട് ഡി-മെറിറ്റ് പോയിന്റും ലഭിച്ചു. ഫൈനലില്‍ വിമാനം പറത്തുന്നതായി ആംഗ്യം കാണിച്ചതിന് ജസ്പ്രിത് ബുംറയ്ക്ക് ഒരു ഡി-മെറിറ്റ് പോയിന്റ് ലഭിച്ചു.

സെപ്റ്റംബര്‍ 21-ന് നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തിലെ വിവാദ ആംഗ്യപ്രകടനത്തിന് ഹാരിസ് റൗഫിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയും രണ്ട് ഡി-മെറിറ്റ് പോയിന്റും, കൂടാതെ രണ്ട് മത്സരങ്ങളില്‍ വിലക്കും ലഭിച്ചു. പാക് ബാറ്റര്‍ സാഹിബ്‌സാദാ ഫര്‍ഹാന്‍ക്ക് ഒരു ഡി-മെറിറ്റ് പോയിന്റും താക്കീതും ലഭിച്ചു.

2025 സെപ്റ്റംബര്‍ 14, 21, 28 തീയതികളില്‍ നടന്ന ഇന്ത്യ–പാകിസ്താന്‍ മത്സരങ്ങളിലാണ് സംഭവങ്ങള്‍ നടന്നത്. അതേസമയം, അര്‍ഷ്ദീപ് സിംഗിനെതിരെ ഉയര്‍ന്ന പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതിനാല്‍ നടപടി എടുത്തിട്ടില്ലെന്ന് ഐസിസി അറിയിച്ചു.