ഗുവാഹത്തി: തെരഞ്ഞെടുപ്പിനൊരുങ്ങുന്ന അസമില്‍ ഇടക്കാല ബജറ്റ് അവതരണത്തിനു തൊട്ടു മുമ്പ് മാറ്റിവച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം മൂലമാണു ബജറ്റ് ഇന്നത്തേക്കു മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും ഇന്നലെ പുലര്‍ച്ചെ അടിയന്തര സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സ്വീകരിക്കാന്‍ ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പോയതാണു ബജറ്റ് അവതരണം മാറ്റിവയ്ക്കാന്‍ കാരണമെന്നു പറയപ്പെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാത്രി രണ്ടരയ്‌ക്കെത്തിയ ഷാ രാവിലെ ഛത്തിപുറില്‍ കോച്ച്-രാജബോംഗ്ഷി സമുദായ നേതാവ് അനന്ത റോയിയുമായി കൂടിക്കാഴ്ച നടത്തി. ഹിമന്ത ബിശ്വ ശര്‍മയും ഒപ്പമുണ്ടായിരുന്നു.

ഇതേസമയം, നിയമസഭയില്‍ ഗവര്‍ണറുടെ പ്രസംഗം പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നു വെട്ടിക്കുറച്ചു. 94 പേജ് നയപ്രഖ്യാപനപ്രസംഗം ഗവര്‍ണര്‍ ജഗദീഷ് മുഖി മൂന്നു മിനിറ്റ് വായിച്ചുനിര്‍ത്തി.