2020 ഫെബ്രുവരിയിലെ ഡല്‍ഹി കലാപകാലത്ത് നൂറുകണക്കിനാളുകള്‍ ചേര്‍ന്ന് ജീവനുവേണ്ടി പിടയുന്ന ഒരു മനുഷ്യന്റെ തലയിലേക്ക് പാറക്കല്ലെടുത്തിടുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. അതേവര്‍ഷം ഓഗസ്റ്റില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന യുവാവിന്റെ ശരീരം പച്ചയ്ക്ക് കത്തിക്കുന്ന അതിദാരുണ സംഭവവും. ഝാര്‍ഖണ്ടിലും പശ്ചിമബംഗാളിലെ അസന്‍സോളിലും രാജ്യത്തിന്റെ മറ്റു പലഭാഗത്തും ഏതാനും വര്‍ഷങ്ങളായി ഇത്തരം പ്രത്യേകതരം അക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇവയെ നാം ആള്‍ക്കൂട്ടക്കൊലപാതകങ്ങളെന്നും പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളെന്നുമൊക്കെയുള്ള ഓമനപ്പേരിട്ടാണ് വിളിക്കാറെങ്കിലും പലപ്പോഴും ഇത്തരം സംഭവങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് സ്ഥലത്തെ പൊലീസ് സംവിധാനങ്ങളും ഭരണ-രാഷ്ട്രീയ കക്ഷികളുടെയും ഹിന്ദുത്വ സംഘടനകളുടെയും നേതാക്കളുമാണ്. അതുകൊണ്ട് ഇവയെ ഭരണകൂട കൊലപാതകങ്ങളെന്നാണ് സാമാന്യമായി വിളിക്കേണ്ടത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ഭരണഘടനാബാധ്യതയാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. ‘ആള്‍ക്കൂട്ടക്കൊലകള്‍ മൊത്തത്തില്‍ അപലപനീയമാണ്. സംസ്‌കാര സമ്പന്നതയുള്ളൊരു സമൂഹത്തിന് ചേര്‍ന്നതല്ല ഇത്’.

2019 ജനുവരി ഒന്നിന് ഒരഭിമുഖത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. അതിനുശേഷവും ഒട്ടേറെ ആള്‍ക്കൂട്ടക്കൊലകള്‍ നടന്നുകൊണ്ടേയിരിക്കുന്നു. ദക്ഷിണേന്ത്യയിലൊഴികെയാണ് ഇവയത്രയും നടക്കുന്നതെന്നതും അവിടങ്ങളിലെല്ലാം ആരാണ് ഭരിക്കുന്നതെന്നതും കൂട്ടിവായിക്കാവുന്നതേയുള്ളൂ.

ബി.ജെ.പി ഭരിക്കുന്ന അസമില്‍ വ്യാഴാഴ്ച ഒരു മനുഷ്യനെ വെടിവെച്ചും അടിച്ചും ചാടിയും ചവിട്ടിയും കൊല്ലുന്ന ഭയാനക ദൃശ്യമാണ് ഇതിലേറ്റവും പുതിയത്. ഒന്നും രണ്ടുമല്ല, ഡസനോളം പൊലീസുകാര്‍ ചേര്‍ന്നാണ് ഒരു മനുഷ്യനെതിരായി ഈ ക്രൂരകൃത്യം നടത്തിയത്. ശേഷം ജീവന്‍ നഷ്ടപ്പെട്ടുവെന്ന് കരുതപ്പെടുന്ന മനുഷ്യന്റെ ശരീരത്തിലേക്കും മുഖത്തേക്കും ഒരാള്‍ ചാടുകയും ചവിട്ടുകയും ചെയ്യുന്നു. പല തവണയാണ് യുവാവ് അത് ചെയ്യുന്നത്. പൊലീസുകാര്‍ ലാത്തിയുമായി ചുറ്റും നില്‍ക്കുമ്പോഴാണ് സിവില്‍ വേഷത്തില്‍ ക്യാമറയും തൂക്കി ഒരാള്‍ ഇതെല്ലാം ചെയ്യുന്നത്. പൊലീസിന്റെ വെടിയേറ്റ് നിമിഷങ്ങള്‍ക്കുമുമ്പ് ജീവന്‍ നഷ്ടപ്പെട്ട വ്യക്തിയുടെ ശരീരത്തിലേക്ക് ഇത്തരത്തില്‍ ക്രൗര്യം കാണിക്കാന്‍ എന്തായിരിക്കും സഹ പൗരനെ പ്രേരിപ്പിച്ചിരിക്കുക എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ പലതുണ്ടാകാമെങ്കിലും ഒരുകാര്യം ഉടനടിതന്നെ പറയാനാകുന്നത്, അയാളെ സംരക്ഷിക്കാന്‍ അവിടെ പൊലീസും അകലെയല്ലാതെ ഒരു മുഖ്യമന്ത്രിയും സര്‍ക്കാരും ഭരണകക്ഷിയും ഉണ്ടെന്നതാണ്. മറ്റൊരാളെയും പൊലീസ് വെടിവെച്ചുകൊന്നു. പൊലീസുകാരടക്കം ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ദരാങ് ജില്ലയിലെ ധോല്‍പൂരില്‍ പൊലീസുകാരും പ്രദേശവാസികളായ മുസ്്‌ലിംകളും തമ്മില്‍ കുടിയൊഴിപ്പിക്കലിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘട്ടനത്തിലേക്കും പൊലീസ് വെടിവെപ്പിലേക്കും നീങ്ങിയത്. പൊലീസിനെ നിയന്ത്രിക്കാനായി ജില്ലാപൊലീസ് മേധാവിയായി അവിടെയുള്ളത് സുശാന്ത് ബിശ്വാസ് ശര്‍മയെന്ന ആളാണ്. ഇദ്ദേഹമാകട്ടെ മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മയുടെ ഇളയ സഹോദരനും. അപ്പോള്‍ ആരാണ് കുടിയൊഴിപ്പിക്കലിനും വെടിവെപ്പിനും കാരണക്കാരെന്ന് സാമാന്യമായി അനുമാനിക്കാവുന്നതേ ഉള്ളൂ. പ്രതിഷേധക്കാര്‍ കയ്യില്‍ വടിയും കമ്പുമായാണ് സായുധരായ പൊലീസുകാരെ നേരിട്ടത്. തങ്ങളുടെ വര്‍ഷങ്ങളായുള്ള കിടപ്പാടം കയ്യടക്കാന്‍ എത്തിയ ഭരണകൂടത്തിന്റെയും അതിന് പിന്തുണ നല്‍കുന്ന വര്‍ഗീയ വാദികളുടെയും നേര്‍ക്കായിരുന്നു ആ പാവങ്ങളുടെ പ്രതിഷേധം. ഫോട്ടോഗ്രാഫറാണ് മരണപ്പെട്ട മനുഷ്യന്റെ ശിരസ്സിലേക്ക് ചാടുന്ന പ്രതി. ഇയാള്‍ മാധ്യമ പ്രവര്‍ത്തകനാണെന്ന് ആദ്യം വാര്‍ത്ത പരന്നിരുന്നെങ്കിലും പിന്നീട് ഫോട്ടോകള്‍ എടുക്കാന്‍ പൊലീസ് നിയോഗിച്ചയാളാണെന്ന ് വ്യക്തമായി. ഇയാളെ അറസ്റ്റുചെയ്‌തെങ്കിലും അയാള്‍ക്ക് എന്ത് ശിക്ഷയാണ് പൊലീസും ബി.ജെ.പിയുടെ സര്‍ക്കാരും ചേര്‍ന്ന് വാങ്ങിക്കൊടുക്കുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

രാജ്യത്ത് കോവിഡ് മഹാമാരി എത്തുന്നതിന്റെ ദിവസങ്ങള്‍ക്കുമുമ്പാണ് മോദി സര്‍ക്കാര്‍ തങ്ങളുടെ കൊടും വംശീയതയും മൃഗീയഭൂരിപക്ഷവും ഉപയോഗിച്ച് മുസ്്‌ലിംകളെമാത്രം ഒഴിവാക്കുന്ന പൗരത്വ ഭേദഗതി നിയമം പാസാക്കിയെടുത്തത്. അഫ്ഗാനിസ്ഥാനുള്‍പ്പെടെയുള്ള നമ്മുടെ നാല് അയല്‍ രാജ്യങ്ങളിലുള്ള മുസ്‌ലിംകളൊഴികെയുള്ളവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാമെന്നാണ് പ്രസ്തുത വിവാദ ഭേദഗതി നിയമത്തില്‍ പറയുന്നത്. ഇതിനു മുന്നോടിയായാണ് അസമിലെ മുസ്്‌ലിംകളെ പുറത്താക്കാനായി പ്രത്യേക നിയമം എന്‍.ആര്‍.സി കൊണ്ടുവന്നതും അനധികൃതരെന്ന് മുദ്രകുത്തി തലമുറകളായി വസിക്കുന്ന പതിനായിരക്കണക്കിന് മുസ്്‌ലിംകളെ രാജ്യത്തുനിന്ന് ഓടിക്കാന്‍ പുറപ്പെട്ടതും. സംസ്ഥാനത്ത് രണ്ടു ലക്ഷത്തോളം പേര്‍ക്കായി പ്രത്യേക ജയിലുകള്‍ നിര്‍മിക്കുകയും ഇതിനോടകം പലരെയും അവയില്‍ പാര്‍പ്പിച്ചിരിക്കുകയുമാണ്.

അനധികൃത താമസക്കാരുടെ പട്ടിക തയ്യാറാക്കാനായി പ്രത്യേക ഔദ്യോഗിക സംവിധാനത്തെ ട്രിബ്യൂണല്‍ നിയോഗിക്കുകയും ചെയ്തിരുന്നു. കേരളമടക്കം മറ്റു പല സംസ്ഥാനങ്ങളിലും ഇത്തരം ജയിലുകള്‍ നിര്‍മാണംകഴിഞ്ഞു. ദരാങില്‍ ഇത്തരത്തില്‍ ‘നിയമവിരുദ്ധ താമസക്കാര്‍’ എന്നു പറഞ്ഞാണ് 800 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ വലിയ പൊലീസ് സംവിധാനത്തോടെ ഒരുമ്പെട്ടിറങ്ങിയതും പ്രതിഷേധവും വെടിവെപ്പുമുണ്ടായതും. ഇവരുടെ വീടുകളും കെട്ടിടങ്ങളും ആരാധനാലയങ്ങളുമെല്ലാം തകര്‍ത്തുകളഞ്ഞു. പൗരത്വ ഭേദഗതി നിയമം കേന്ദ്രവും സംസ്ഥാന ബി.ജെ.പി സര്‍ക്കാരുകളും എങ്ങനെയാണ് നടപ്പാക്കാന്‍ പോകുന്നതെന്നതിന്റെ ഉദാഹരണംകൂടിയാണ് ദരാങ്‌സംഭവം. ന്യൂനപക്ഷങ്ങള്‍ക്ക് വിശിഷ്യാമുസ്‌ലിംകള്‍ക്കുള്ള മുന്നറിയിപ്പായി ഇതിനെ കാണാം.

എ.യു. ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ ന്യൂനപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതല്ലാതെ ജനാധിപത്യത്തില്‍ ഇരകള്‍ക്ക് പ്രതികള്‍ക്കെതിരെ നിയമം കയ്യിലെടുക്കാനനുവാദമില്ലല്ലോ; അത് ആശാസ്യവുമല്ല. ഒരു ഭാഗത്ത് ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും മറുഭാഗത്ത് വംശീയ വര്‍ഗീയ വൈരം ആളിക്കത്തിച്ച് പൊലീസിനെ ഉപയോഗിച്ച് ജനതയെ തമ്മിലടിപ്പിച്ച് അധികാര സിംഹാസനങ്ങള്‍ കൊയ്യുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതിതന്നെയാണ് ഇതിനെല്ലാം പിന്നില്‍. ആ രീതിയുടെ അനന്തര ഫലമെന്തായിരുന്നുവെന്ന് ജര്‍മനിയുടേതടക്കമുള്ള ലോക ചരിത്രപുസ്തകങ്ങളില്‍ കാണാനാകും. ഇതിനെതിരെ നാടൊന്നടങ്കം ഇനിയെന്നാണുണരുക?