ന്യൂഡല്‍ഹി: വിജയം പുതിയ ഇന്ത്യയുടെ തുടക്കമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തിന് പിന്നാലെ നരേന്ദ്രമോദിക്ക് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങള്‍ ജനാധിപത്യത്തെ ആഘോഷിക്കുകയാണ്. വിജയത്തിന്റെ പേരില്‍ അഹങ്കരിക്കരുത്. വൈകാരിക വിഷയങ്ങള്‍ക്കല്ല മറിച്ച് രാജ്യത്തിന്റെ വികസനത്തിനാണ് ജനങ്ങള്‍ വോട്ടു ചെയ്തതെന്നും മോദി പറഞ്ഞു. ജനവിധി പുതിയ ഇന്ത്യയുടെ രൂപീകരണത്തിനുള്ള ജനവിധിയാണ് ഇടപെടാന്‍ കഴിയുന്ന എല്ലാത്തിലും സര്‍ക്കാര്‍ ഇടപെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അമിത് ഷായുടെ തന്ത്രങ്ങളാണ് വലിയ വിജയത്തിലേക്ക് പാര്‍ട്ടിയെ എത്തിച്ചതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

റോഡിലൂടെ 500 മീറ്ററോളം പദയാത്ര നടത്തിയാണ് മോദി പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. വഴിയോരത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ മോദിക്ക് അഭിവാദ്യം അര്‍പ്പിച്ചു.

പാര്‍ട്ടി ആസ്ഥാനത്തെത്തിയ മോദിയെ ആഭ്യന്തര മന്ത്രി രാജാനാഥ് സിങ്, നഗരവികസന മന്ത്രി വെങ്കയ്യനായിഡു, പാര്‍ട്ടി അധ്യക്ഷന്‍ ജഅമിത്ഷാ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലേക്കുള്ള മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം സ്വീകരണ പരിപാടിക്കുശേഷം ആരംഭിക്കും. പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷമാവും മുഖ്യമന്ത്രിമാരുടെ പേരുകള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുക.