ചെക്ക് കേസില്‍പെട്ട് ദുബായിലെ ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ കടുത്ത അവശതയിലെന്ന് റിപ്പോര്‍ട്ട്. കടുത്തപ്രമേഹവും രക്തസമ്മര്‍ദവും മറ്റ് ശാരീരിക അവശതകളും അറ്റ്‌ലസ് രാമചന്ദ്രന്റെ ആരോഗ്യം ക്ഷയിപ്പിച്ചു. ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതു വീല്‍ച്ചെയറിലാണെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫിലെ ചില ബാങ്കുകളില്‍ നിന്ന് അദ്ദേഹം വാങ്ങിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് കേസ് ദുബായ് പോലീസിന്റെ മുന്നിലെത്തുന്നത്. 990കോടിയോളം രൂപയുടെ ചെക്കുകള്‍ മടങ്ങിയതായാണ് കണക്ക്. തുടര്‍ന്ന് ദുബായ് പൊലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തി ജയിലിലടക്കുകയായിരുന്നു. 2015 ആഗസ്റ്റ് 23ന് രാമചന്ദ്രന്‍ ജയിലിലാവുന്നത്. മസ്‌കറ്റിലും മറ്റുമുള്ള സ്ഥാപനങ്ങള്‍ വിറ്റ് ബാങ്കുകളുടെ തവണ മുടക്കം തീര്‍ത്ത് ജയില്‍ മോചിതനാകാനുള്ള ശ്രമവും പലകാരണങ്ങള്‍ക്കൊണ്ട് പരാജയപ്പെട്ടു.അദ്ദേഹത്തിന്റെ പേരിലുള്ള ഒരു കേസില്‍ മാത്രമാണ് വിധിയായിട്ടുള്ളത്. നാലുവര്‍ഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാല്‍ ചുരുങ്ങിയത് 40 വര്‍ഷമെങ്കിലും രാമചന്ദ്രന്‍ ജയിലില്‍ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നത്. അതേസമയം, വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കടം വീട്ടാന്‍ ഭാര്യയും ശ്രമിച്ചിരുന്നു. ജയിലില്‍ വെള്ളിയാഴ്ച്ചകളില്‍ മലയാളികളായ ചിലര്‍ ഭക്ഷണവുമായെത്താറുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അവര്‍ കൊണ്ടുനല്‍കുന്ന ഭക്ഷണമാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ ഏക ആശ്രയമെന്നാണ് പുറത്തുവരുന്ന വിവരം. ‘അറ്റ്‌ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യം മലയാളികള്‍ക്കൊരക്കലും മറക്കാന്‍ കഴിയാത്തതാണ്.