ബെംഗളൂരു: കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് വാടക നല്‍കുന്നത് മുടങ്ങിയതിന് യുവതിയെ വീട്ടുടമ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബെംഗളുരുവിലെ രാജഗോപാല്‍ നഗറിലാണ് സംഭവം. സാരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. വീട്ടുടമയെ പൊലീസ് കൊലപാതകശ്രമത്തിന് അറസ്റ്റ് ചെയ്തു.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന രവിചന്ദ്രയും ഭാര്യ പൂര്‍ണിമയും മഹാലക്ഷ്മിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരിയായിരുന്നു. വീടിന്റെ അഡ്വാന്‍സായി 65,000 രൂപയും പ്രതിമാസ വാടകയിനത്തില്‍ ആറായിരം രൂപയുമാണ് ഇവര്‍ നല്‍കിവന്നിരുന്നത്. ലോക്ഡൗണില്‍ രവിചന്ദ്രയുടെ ജോലി നഷ്ടമായി. കഴിഞ്ഞ മാസമാണ് പുതിയ ജോലിയില്‍ ഇയാള്‍ പ്രവേശിച്ചത്. കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് നാല് മാസത്തെ വാടക കൊടുക്കുന്നതില്‍ ഇവര്‍ക്ക് വീഴ്ച സംഭവിച്ചു. 24,000 രൂപ കുടിശ്ശിക തീര്‍ത്ത് പണമടയ്ക്കാന്‍ ഒരു മാസം കൂടി സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വീട്ടുടമ തയ്യാറായില്ല.

ഇതോടെ അഡ്വാന്‍സ് തുകയില്‍ നിന്ന് പണം എടുത്തു കൊള്ളാന്‍ പൂര്‍ണിമ നിര്‍ദ്ദേശിച്ചു. അത് വീട്ടുടമയ്ക്ക് സ്വീകാര്യമായില്ല. പണത്തെ ചൊല്ലി വീണ്ടും തര്‍ക്കിച്ച മഹാലക്ഷ്മി അടുക്കളയിലിരുന്ന കറിക്കത്തി എടുത്ത് പൂര്‍ണിമയെ കഴുത്തിലും കൈയ്യിലും കുത്തി. രവിചന്ദ്ര വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി രാത്രിയോടെ വീട്ടുടമയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.