X

പാകിസ്ഥാനെ വീഴ്ത്തി ഓസ്‌ട്രേലിയ

ടൗണ്‍ടണ്‍: ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 41 റണ്‍സിന്റെ ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെടുകയായിരുന്നു. പാകിസ്ഥാന്റെ ഇന്നിങ്‌സ് 45.4 ഓവറില്‍ 266ന് അവസാനിച്ചു.

ഓപ്പണര്‍ ഡേവിഡ് വാര്‍ണറിന്റെ മിന്നുന്ന സെഞ്ച്വറിയുടെ കരുത്തിലാണ് ഓസ്‌ട്രേലിയ മികച്ച ടോട്ടലിലെത്തിയത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. പാകിസ്ഥാനു വേണ്ടി മുഹമ്മദ് ആമിര്‍ അഞ്ച് വിക്കറ്റു വീഴ്ത്തി.

ടോസ് നേടിയ പാകിസ്ഥാന്‍ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരായ വാര്‍ണറും ഫിഞ്ചും മികച്ച തുടക്കമാണ് ഓസ്‌ട്രേലിയക്ക് നല്‍കിയത്. വാര്‍ണര്‍ 111 പന്തില്‍ 107 റണ്‍സെടുത്തു. ഫിഞ്ച് 84 പന്തില്‍ 82 റണ്‍സും. ആറു ബൗണ്ടറിയും നാലു സിക്‌സും ചേര്‍ന്ന കിടിലന്‍ ഇന്നിങ്‌സായിരുന്നു ഫിഞ്ചിന്റേത്. ഓസ്‌ട്രേലിയക്കു വേണ്ടി കമിന്‍സ് മൂന്നും റിച്ചാര്‍ഡ്‌സനും സ്റ്റാര്‍കും രണ്ടും വിക്കറ്റുകള്‍ നേടി.

തോറ്റെങ്കിലും പത്തോവറില്‍ 30 റണ്‍സിന് 5 വിക്കറ്റെടുത്ത ആമിറിന്റെ പ്രകടനം ശ്രദ്ധേയമായി. ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

എട്ടാം വിക്കറ്റില്‍ സര്‍ഫറാസും വഹാബും ചേര്‍ന്ന് പ്രതീക്ഷയുണര്‍ത്തുന്ന ബാറ്റിങ് പ്രകടനം കാഴ്ച വച്ചെങ്കിലും പാകിസ്ഥാനെ ജയത്തിലെത്തിക്കാനായില്ല. 39 പന്തില്‍ 45 റണ്‍സെടുത്ത് വഹാബ് പുറത്തായതോടെ കാര്യങ്ങള്‍ പാകിസ്ഥാന്റെ വരുതിയില്‍ നിന്നും പൂര്‍ണമായും അകന്നു. ഓപ്പണര്‍ ഇമാമുല്‍ ഹഖ് 75 പന്തില്‍ 53 റണ്‍സും ഹഫീസ് 49 പന്തില്‍ 46 റണ്‍സും സര്‍ഫറാസ് 40 റണ്‍സും നേടി.

web desk 1: