ക്വീന്‍സ്‌ലാന്‍ഡ്: പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങള്‍ ചിലവഴിക്കുന്നെങ്കില്‍ അത് ആരായിരിക്കും? സ്‌കൂളില്‍ നിന്ന് ഹോംവര്‍ക്കായി കിട്ടിയ ഈ ചോദ്യത്തിന് ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു മലയാളി ബാലന്‍ എഴുതിയ ഉത്തരം എന്നും അവഗണിക്കപ്പെടുന്ന കടലിന്റെ മക്കള്‍ക്ക് അഭിമാനിക്കാവുന്നതാണ്. ‘കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയത്തില്‍ നിന്ന് ആളുകളുടെ ജീവന്‍ രക്ഷിച്ച പ്രശസ്തനായ മത്സ്യത്തൊഴിലാളിക്കൊപ്പം ഒരു ദിവസം ചിലവഴിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്’. ജോഷ്വ എന്ന ഒമ്പത് വയസുകാരന്‍ എഴുതിയ ഉത്തരമാണിത്.

ഇംഗ്ലീഷിന്റെ ഹോംവര്‍ക്കിന്റെ ചോദ്യത്തിനാണ് ജോഷ്വ ഈ ഉത്തരം നല്‍കിയത്. ക്വീന്‍സ് ലാന്‍ഡിലെ ലേഡി ഓഫ് ലൂര്‍ദ്‌സ് കാത്തലിക് സ്‌കൂളിലെ മൂന്നാം ഗ്രേഡ് വിദ്യാര്‍ഥിയാണ് ജോഷ്വ. ജോഷ്വ എഴുതിയ ഉത്തരം ജോഷ്വയുടെ അമ്മാവനായ കോശി വൈദ്യന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചതോടെയാണ് ഈ മിടുക്കനെ ലോകമറിഞ്ഞത്. നിരവധിയാളുകളാണ് ജോഷ്വക്ക് അഭിനന്ദനവുമായി എത്തിയത്.