india

ബാബ രാംദേവിന്റെ ‘സര്‍ബത് ജിഹാദ്’ വിദ്വേഷ പരാമര്‍ശം; അതൃപ്തി പ്രകടിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി

By webdesk18

April 22, 2025

വിവാദ യോഗ ഗുരു ബാബ രാംദേവിന്റെ ‘സര്‍ബത് ജിഹാദ്’ വിദ്വേഷ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. ഇത്തരം പരാമപര്‍ശങ്ങള്‍ ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്നും കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും വ്യക്തമാക്കി. ബാബാ രാംദേവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ‘റൂഹ് അഫ്‌സ’ സ്‌ക്വാഷ് കമ്പനിയായ ഹംദാര്‍ദ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

‘ഈ കേസ് ഞെട്ടിക്കുന്ന ഒന്നാണ്, ഇത് അപകീര്‍ത്തിപ്പെടുത്തുന്നതിനും അപ്പുറമാണ്. വര്‍ഗീയ വിഭജനം സൃഷ്ടിക്കുന്നതിന് കാരണമാവുന്ന ഈ പരാമര്‍ശങ്ങള്‍ വിദ്വേഷ പ്രസംഗത്തിന് സമാനമാണ്. അപകീര്‍ത്തി നിയമത്തില്‍ നിന്ന് ഇതിന് സംരക്ഷണം ലഭിക്കില്ല’- ഹംദാര്‍ദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി കോടതിയില്‍ പറഞ്ഞു.

ബാബാ രാംദേവ് പതഞ്ജലിയുടെ റോസ് സര്‍ബത്ത് പുറത്തിറക്കിയപ്പോഴാണ് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. ‘നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്. പക്ഷേ അതില്‍ നിന്ന് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ്. ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണം’- എന്നായിരുന്നു ബാബാ രാംദേവ് പറഞ്ഞത്.

‘സര്‍ബത്ത് ജിഹാദ് എന്ന പേരില്‍ വില്‍ക്കുന്ന ടോയ്‌ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തില്‍ നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക. പതഞ്ജലി സര്‍ബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക’- എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രൊഡക്ട്‌സ് ഫേസ്ബുക്കില്‍ ബാബാ രാംദേവിന്റെ വീഡിയോ പങ്കുവച്ചത്. ഇതോടെയാണ്, റൂഹ് അഫ്‌സ നിര്‍മിക്കുന്ന കമ്പനി കോടതിയെ സമീപിച്ചത്.