X
    Categories: gulfNews

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവേശം; കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായി ബഹ്‌റൈന്‍ രാജകുമാരന്‍

മനാമ: കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ കിരീടാവകാശി ശൈഖ് സല്‍മാന്‍ ബിന്‍ ഹമദ്. നമ്മള്‍ ഒന്നായി മുന്നേറുന്നു എന്ന അടിക്കുറിപ്പോടെ മെഡിക്കല്‍ ജീവനക്കാരിയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചു.

മൂന്നാഴ്ച മുമ്പാണ് ചൈന വികസിച്ചെടുത്ത സിനോഫാം വാക്‌സീനിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ബഹ്‌റൈനില്‍ ആരംഭിച്ചത്. 6,000 വൊളണ്ടിയര്‍മാര്‍ പരീക്ഷണത്തില്‍ പങ്കാളികളായിട്ടുണ്ട്. ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരീക്ഷണം നടക്കുന്നത്. യുഎഇയിലെ വിജയകരമായ പരീക്ഷണത്തിന് പിന്നാലെയാണ് വാക്‌സിന്‍ കുത്തിവയ്പ്പിന് ബഹ്‌റൈനും വേദിയാകുന്നത്.

ബഹ്‌റൈന്‍ ധനകാര്യ മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ, ആരോഗ്യ വകുപ്പ് മന്ത്രി ഫെയ്ഖ് അല്‍ സാലിഹ്, ജല വൈദുതി മന്ത്രി വാഇല്‍ അല്‍ മുബാറക്, ആരോഗ്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. കേണല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉസാമ അല്‍ അബ്‌സി, കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഡോ. ഷെയ്ഖ് സല്‍മാന്‍ ബിന്‍ ആത്തിയത്തല്ല അല്‍ ഖലീഫ തുടങ്ങിയ പ്രമുഖരും പരീക്ഷണത്തില്‍ പങ്കാളികളായിട്ടുണ്ട്.

 

Test User: