ബാര്‍സലോണ: 2017-18 സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്നു തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ കന്നി മത്സരങ്ങള്‍ക്കായി പ്രമുഖര്‍ ബൂട്ടുകെട്ടുമ്പോള്‍ ബാര്‍സലോണയും യുവന്റസും തമ്മിലുള്ള അങ്കമാണ് ശ്രദ്ധേയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.എസ്.ജി, ചെല്‍സി, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ പ്രമുഖരും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്.
കഴിഞ്ഞ സീസണ്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ യുവന്റസിനോടേറ്റ തോല്‍വി മറക്കാനാണ് പുതിയ ഫുട്‌ബോള്‍ വര്‍ഷത്തില്‍ ബാര്‍സ സ്വന്തം തട്ടകത്തില്‍ ഇറങ്ങുന്നത്. ഗ്രൂപ്പ് ഡിയിലെ മറ്റ് ടീമുകളായ ഒൡപിയാക്കോസും സ്‌പോര്‍ട്ടിംഗും താരതമ്യേന ദുര്‍ബലരാണെങ്കിലും ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനുള്ള മത്സരമാവും ബാര്‍സയും യുവെയും തമ്മില്‍.285115

മേജര്‍ കിരീടങ്ങള്‍ നേടാനാവാതെ അവസാനിച്ച 2016-17 നു ശേഷം ബാര്‍സ പുതിയ ഊര്‍ജത്തോടെയാണ് ലാലിഗയില്‍ ബാര്‍സയുടെ തുടക്കം. നെയ്മര്‍ ക്ലബ്ബ് വിട്ടതിനു ശേഷമുണ്ടായ ആശങ്കയില്‍ നിന്ന് താല്‍ക്കാലിക മുക്തി നേടിയെന്ന് തോന്നിക്കുന്നതാണ് ലീഗിലെ ഇതുവരെയുള്ള മത്സരഫലങ്ങള്‍. ലയണല്‍ മെസ്സിയെ അമിതമായി ആശ്രയിക്കുന്ന ബാര്‍സക്ക് പുതിയ സാഹചര്യത്തിലെ ആദ്യത്തെ പ്രധാന വെല്ലുവിളിയാവും ഇന്നത്തെ മത്സരം. നെയ്മറിനു പകരക്കാരനായി ടീമിലെത്തിയ ഉസ്മാന്‍ ഡെംബലെ ഇന്ന് തുടക്കം മുതല്‍ കളിച്ചേക്കും. പിന്‍നിരയിലെ വലതുഭാഗത്ത് നെല്‍സണ്‍ സെമഡോയെയും കോച്ച് വെല്‍വര്‍ദെ കളിപ്പിച്ചേക്കും. അര്‍ദ തുറാനും റഫിഞ്ഞയും പരിക്കിന്റെ പിടിയിലാണെങ്കിലും ഇവാന്‍ റാകിറ്റിച്ച് ആരോഗ്യം വീണ്ടെടുത്തത് ആതിഥേയര്‍ക്ക് അനുഗ്രഹമാണ്. messi-dembele1maxresdefault
1-juventus-barcellona20170411-017പിന്‍നിരയിലെ കരുത്തനായ ജ്യോര്‍ജിയോ കെല്ലിനി, മിഡ്ഫീല്‍ഡര്‍മാരായ സമി ഖദീറ, ക്ലോഡിയോ മര്‍ക്കിസിയോ എന്നിവര്‍ പരിക്കിന്റെ പിടിയിലാണെന്നത് യുവെക്കു ക്ഷീണമാണ്. അതേസമയം, മരിയോ മാന്‍ഡ്‌സുകിച്ച് ആരോഗ്യം വീണ്ടെടുത്തത് ഇറ്റാലിയന്‍ ടീമിന് അനുഗ്രഹമാണ്.
സ്വിറ്റ്‌സര്‍ലന്റിലെ കരുത്തരായ എഫ്.സി ബേസല്‍ മാഞ്ചസ്റ്ററിനെ അവരുടെ തട്ടകത്തിലാണ് നേരിടുന്നത്. ഇതിനു മുമ്പ് രണ്ട് തവണ ഓള്‍ഡ് ട്രഫോഡില്‍ കളിച്ചപ്പോഴും തോറ്റിട്ടില്ല എന്നതാണ് ബേസലിന് ആത്മവിശ്വാസം പകരുന്ന ഘടകം. അതേസമയം, പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനം ചാമ്പ്യന്‍സ് ലീഗിലും തുടരാനാവുമെന്നാണ് ഹോസെ മൗറീഞ്ഞോയുടെ സംഘത്തിന്റെ പ്രതീക്ഷ.
നെയ്മര്‍, എംബാപ്പെ, ഡാനി ആല്‍വസ് തുടങ്ങിയവരുടെ വരവോടെ യൂറോപ്പിലെ കരുത്തരുടെ നിരയില്‍ സ്ഥാനമുറപ്പിച്ച പി.എസ്.ജിക്ക് സ്‌കോട്ടിഷ് ക്ലബ്ബായ സെല്‍റ്റിക് ആണ് എതിരാളികള്‍. ഇതുവരെ ക്വാര്‍ട്ടര്‍ ഫൈനല്‍ കടന്നു മുന്നേറിയിട്ടില്ലാത്ത പാരിസ് ടീം ഇത്തവണ ചരിത്രം കുറിക്കാനാണ് ഇറങ്ങുന്നത്. അസര്‍ബൈജാനില്‍ നിന്നുള്ള ക്വറബാഗിനെ നേരിടുന്ന ചെല്‍സി, ആ രാജ്യത്തുള്ള ക്ലബ്ബിനോട് ഇതാദ്യമായാണ് കളിക്കുന്നത്.
എ.എസ് റോമയും സ്‌പെയിനിലെ കരുത്തരായ അത്‌ലറ്റികോ മാഡ്രിഡും തമ്മിലുള്ളതാണ് മറ്റൊരു ആകര്‍ഷകമായ പോര്. ചാമ്പ്യന്‍സ് ലീഗിലെ റെക്കോര്‍ഡ് അത്ര ശുഭകരമല്ലെങ്കിലും ഇത്തവണ വിജയത്തോടെ തുടങ്ങാനാവും സീരി എ ടീമിന്റെ ശ്രമം. മൂന്ന് പോയിന്റും സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് ഡീഗോ സിമിയോണി പ്രഖ്യാപിച്ചതിനാല്‍ മത്സരത്തിന് വീറും വാശിയുമേറും.