ലക്‌നൗ: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇടിച്ചുകയറി ജനങ്ങള്‍ പാക്കിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനതിരെ ഉത്തര്‍പ്രദേശിലെ ബാരിലി ജില്ലാ മജിസ്‌ട്രേറ്റ് രാഗവേന്ദ്ര വിക്രം സിംഗ് രംഗത്ത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെത്തി പാക്കിസ്താന്‍ വിരുദ്ധമുദ്രാവാക്യം വിളിക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. ദേശീയ മാധ്യമമായ ‘ടൈംസ് ഓഫ് ഇന്ത്യ’യാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് അടിസ്ഥാനമാക്കി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പബ്ലിക് ദിനത്തില്‍ ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചില്‍ നടന്ന കലാപത്തെ പരാമര്‍ശിച്ചായിരുന്നു മജിസ്‌ട്രേറ്റിന്റെ വിമര്‍ശനം. ‘മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ചെന്ന് ഇതരമതസ്ഥര്‍ പാക്കിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുകയാണ്. എന്തിനാണിത്?ഈ ജനങ്ങള്‍ പാക്കിസ്താനികളല്ലല്ലോ? ‘; ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് വലിയ ശത്രുവായിരുന്നിട്ടും ജനങ്ങള്‍ ചൈന വിരുദ്ധമുദ്രാവാക്യം വിളിക്കാത്തതെന്നും അദ്ദേഹം മറ്റൊരു പോസ്റ്റിലൂടെ ചോദിച്ചു. എന്നാല്‍ ഇത് വിവാദമാവുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് രാജ്യത്ത് വളര്‍ന്നുവരുന്ന അമിതദേശീയതയെ വിമര്‍ശിച്ച് മജിസ്‌ട്രേറ്റ് രംഗത്തെത്തുന്നത്. എന്നാല്‍ ചൊവ്വാഴ്ച്ച രാവിലെ പരാമര്‍ശങ്ങള്‍ അപ്രത്യക്ഷമായി. ഇതൊരു ചെറിയ സംഭവമാണ്. തന്റെ പരാമര്‍ശങ്ങള്‍ വലിയ രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകും. കൂടാതെ വികസനത്തിന് തടസ്സം നില്‍ക്കുമെന്നും വിക്രം സിംഗ് വിഷയത്തെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി ധനകാര്യമന്ത്രി രാജേഷ് അഗര്‍വാള്‍ രംഗത്തെത്തി. ജഡ്ജിയുടെ കുറിപ്പുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് അദ്ദേഹം. രാജ്യത്തിന് വിരുദ്ധമായോ പാക്കിസ്താന് അനുകൂലമായോ പരാമര്‍ശങ്ങള്‍ നടത്തുമെന്ന് കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.