കൊല്‍ക്കത്ത: ബംഗാളിലെ കലാപത്തിന്റേതെന്ന രീതിയില്‍ 2002ലെ ഗുജറാത്ത് കലാപത്തിലെ ദൃശ്യവും ബി.ജെ.പി പ്രചരിപ്പിച്ചതായി വിമര്‍ശം. ബി.ജെ.പി നേതാവായ നൂപുര്‍ ശര്‍മായാണ് ഗുജറാത്ത് കലാപത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. ബംഗാളിനെ രക്ഷിക്കണമെന്നും ഹി്ന്ദുക്കളെ സംരക്ഷിക്കണമെന്നും അതിനായി ദല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ ഒത്തുചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ശര്‍മയുടെ ട്വീറ്റ്.
‘സംസാരിക്കേണ്ടിയിരിക്കുന്നു. കാരണം നമ്മള്‍ വളരെ വൈകിയിരിക്കുന്നു. ഇന്ന് വൈകീട്ട് 5 മണിക്ക് ജന്തര്‍ മന്ദിറില്‍ ഒത്തുചേരണം’ സേവ് ബംഗാള്‍ സേവ് ഹിന്ദൂസ് എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അവര്‍ ആവശ്യപ്പെട്ടു. സേവ് ബംഗാള്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി രാജ്യസഭാ എം.പി സ്വപന്‍ദാസ് ഗുപ്ത സംഘടിപ്പിച്ച പരിപാടിയുടെ പശ്ചാത്തലത്തിലും ഈ ചിത്രം ഇടം പിടിച്ചിരുന്നു.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് 2016 ജൂണ്‍ 2ന് ന്യൂയോര്‍ക്ക് ടൈംസില്‍ എലന്‍ ബാരി എഴുതിയ ലേഖനത്തിനും ഇതേ ഫോട്ടോയായിരുന്നു ഉപയോഗിച്ചിരുന്നത്. ഗുജറാത്തിലെ സര്‍ക്കാര്‍ അനുകൂല ഹിന്ദി പത്രമായ ജാഗ്രണ്‍ 2014 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും ഇതേ ചിത്രമായിരുന്നു ഉപയോഗിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയുണ്ടായ ഗുജറാത്ത് കലാപത്തില്‍ ആയിരക്കണക്കിന് മുസ്്‌ലിംകളാണ് കൊല്ലപ്പെട്ടത്.