Connect with us

Culture

ഇതൊരു കളിയായിരുന്നു; ഫ്രഷ് ആന്റ് ഫ്‌ളാംബയന്റ് ഗെയിം (ബെല്‍ജിയം 3 – ജപ്പാന്‍ 2)

Published

on

ബെല്‍ജിയം 3 – ജപ്പാന്‍ 2

#BELJAP

ഫുട്‌ബോള്‍ എന്തെന്നറിയാത്ത ഒരാള്‍ക്ക് കാണിച്ചുകൊടുക്കാന്‍ പറ്റിയ ഒരു ഷോപീസ് ഐറ്റം ഇന്നലെ റഷ്യയില്‍ സംഭവിച്ചിരിക്കുന്നു. 40 മിനുട്ടുകള്‍ക്കിടയില്‍ അഞ്ചു ഗോളുകള്‍ പിറന്നിട്ടും തരിമ്പും പരുക്കനായി മാറാത്ത, കളിക്കു മുന്നത്തെ വിശകലനങ്ങളില്‍ 70 ശതമാനം വിജയസാധ്യത കല്‍പ്പിക്കപ്പെട്ട യൂറോപ്യന്‍ സംഘത്തെ ഒരു ഏഷ്യന്‍ ടീം അവസാന നിമിഷം വരെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ, ഹൃദയം കൊണ്ടുകളിച്ച ടീമിനെ അന്തിമനിമിഷത്തില്‍ ബുദ്ധികൊണ്ട് കളിച്ച ടീം പരാജയപ്പെടുത്തിയ ബെല്‍ജിയം – ജപ്പാന്‍ പ്രീക്വാര്‍ട്ടര്‍ മത്സരം. യുദ്ധം, പോരാട്ടം, അങ്കം തുടങ്ങിയ വിശേഷണങ്ങള്‍ ഈ കളിയുടെ സത്തയിലേക്ക് അക്രമാസക്തിയുടെയും കുടിലതന്ത്രങ്ങളുടെയും കളങ്കങ്ങള്‍ പകരുമെന്നതിനാല്‍ ഞാനതിനു മുതിരുന്നില്ല. ഇതൊരു കളിയായിരുന്നു; ഫ്രഷ് ആന്റ് ഫ്‌ളാംബയന്റ് ഗെയിം എന്നു പറയാമെന്നു തോന്നുന്നു.

മുമ്പത്തെ ടൂര്‍ണമെന്റുകളില്‍ കറുത്ത കുതിരകളാകുമെന്നും ഇത്തവണ കപ്പടിക്കുമെന്നു വരെയും പ്രവചിക്കപ്പെട്ട ടീമായിരുന്നു ബെല്‍ജിയം. പ്രാഥമിക റൗണ്ടില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ മാത്രമാണ് ജപ്പാന്‍ എന്തെങ്കിലും ‘അത്ഭുതം’ കാണിച്ചത്. അതാകട്ടെ, പതിനൊന്നു പേരെ വെച്ചുമാത്രം കളി ചിട്ടപ്പെടുത്തിയ ഹോസെ പെക്കര്‍മാന്റെ സംഘത്തിന് പത്തുപേരായി കളിക്കേണ്ടി വന്ന ഗതികേടിനെ രണ്ടാം പകുതിയില്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയതാണെന്നേ തോന്നിച്ചുള്ളൂ; ഒരു വണ്‍ ടൈം വണ്ടര്‍. പക്ഷേ, എന്റെ (എന്നല്ല, മിക്കവാറും എല്ലാവരുടെയും) കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ജപ്പാന്‍ പ്രീക്വാര്‍ട്ടര്‍ കളിച്ചത്. ജയിച്ചില്ലെന്നേയുള്ളൂ, അവര്‍ ഹൃദയങ്ങള്‍ ജയിച്ചു.

പോളണ്ടിനോട് ഒരു ഗോളിന് തോറ്റ ടീമില്‍ ആറു മാറ്റങ്ങള്‍ വരുത്തി പരിചയസമ്പത്തിന് പ്രാമുഖ്യം നല്‍കിയാണ് ജപ്പാന്‍ കോച്ച് അകിര നിഷിനോ ടീമൊരുക്കിയത്. ഉയരത്തിലും മെയ്ക്കരുത്തിലും മുന്തിനില്‍ക്കുന്ന എതിരാളികളോട് മുട്ടിനില്‍ക്കണമെങ്കില്‍ പരിചയസമ്പത്ത് വേണം ഉപയോഗിക്കാനെന്ന അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ ശരിയുമായിരുന്നു. കളിക്കാരുടെ വൈകാരികതയ്ക്കു മേല്‍കൂടി സ്വാധീനമുള്ള പരിശീലകനാണ് നിഷിനോ എന്നതുറപ്പ്. കാരണം, എതിരാളികളുടെ വലിപ്പം കണ്ടു ഭയക്കാതെ ആദ്യപകുതിയില്‍ തന്നെ ജപ്പാന്‍ നടത്തിയ ആക്രമണങ്ങള്‍ അവരുടെ മനക്കട്ടിയുടെ കൂടി സാക്ഷ്യമായിരുന്നു. 4-2-3-1 പദ്ധതിയില്‍ ഹസിബിയുടെയും ഷിബസാക്കിയുടെയും മിഡ്ഫീല്‍ഡ് സാന്നിധ്യം അവരുടെ സന്തുലിതമായ കളിക്ക് ഏറെ സഹായകമായിരുന്നു. കെയ്‌സുകെ ഹോണ്ടയെ ആദ്യ ഇലവനില്‍ ഇറക്കാന്‍ നിഷിനോ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍, സ്റ്റാമിന സംബന്ധിച്ച ആധിമാത്രമാണ് അദ്ദേഹത്തെ അതില്‍നിന്ന് പിന്തിരിപ്പിച്ചത് എന്നുമാണ് ഞാന്‍ കരുതുന്നത്.

വിന്‍സന്റ് കംപനി ആദ്യ ഇവലനില്‍ വന്നു എന്നതാണ് ബെല്‍ജിയത്തിന്റെ പ്രധാനവും അനിവാര്യവുമായ മാറ്റം. പക്ഷേ, അതിനു വേണ്ടി മാറിക്കൊടുക്കേണ്ടി വന്നത് ബൊയാട്ടയായിരുന്നു എന്നതാണ് സങ്കടം. 3-4-2-1 എന്ന തന്റെ ശൈലിവിട്ടുള്ളൊരു കളി റോബര്‍ട്ടോ മാര്‍ട്ടിനസ് ചിന്തിക്കുന്നില്ലാത്തതിനാല്‍ അത് സഹിക്കുകയേ നിവൃത്തിയുള്ളൂ. മൂന്നിനു പകരം നാല് പിന്‍നിരക്കാര്‍ ഒന്നിച്ച് കളിക്കുകയാണെങ്കില്‍ ബൊയാട്ടയും കംപനിയും ഒരു കിടിലന്‍ കോമ്പിനേഷനായിരിക്കും. ഡീപ്പ് റോളിലായിരുന്നെങ്കിലും ഡിബ്രുയ്‌നെയുടെയും വിറ്റ്‌സലിന്റെയും വേഗത മുന്‍നിരക്കാരുമായി നിരന്തരം കണക്ട് ചെയ്യാന്‍ അവരെ സഹായിച്ചു. ഇടതുവിങിലുള്ള ഹസാര്‍ഡ് എല്ലായ്‌പോഴുമെന്ന പോലെ അപകടകാരിയായിരുന്നു. ഫുള്‍ബാക്കായിരുന്നെങ്കിലും യാന്‍ വെര്‍ത്തുംഗന്‍ വിങ്ബാക്കിന്റെ റോള്‍കൂടി ഭാഗികമായി നിര്‍വഹിച്ചതോടെ കരാസ്‌കോക്കും ഹസാര്‍ഡിനും കുറച്ചുകൂടി സ്വാതന്ത്ര്യം ലഭിച്ചു.

എതിരാളികള്‍ കരുത്തരല്ലെന്ന കരുതി ആലസ്യം കാണിച്ചില്ല എന്നതാണ് ബെല്‍ജിയത്തിന്റെ കളിയിലെ പ്ലസ് പോയിന്റ്. തുടക്കം മുതല്‍ക്കു തന്നെ ഗോളടിക്കണമെന്നും ജയിക്കണമെന്നുമുള്ള ഒരു തീ അവരിലുണ്ടായിരുന്നു. ലക്ഷ്യം കാണാന്‍ ഏത് ആക്രമണരീതിയും അവലംബിക്കാന്‍ അവര്‍ ഒരുക്കമായിരുന്നു. ഒരേയൊരു പോരായ്മയായി തോന്നിയത് അധികദൂരം കവര്‍ ചെയ്യേണ്ടി വന്നതിനാല്‍ ഡിബ്രുയ്‌നെക്ക് ആക്രമണത്തില്‍ പൂര്‍ണമനസ്സോടെ പങ്കാളിയാകാന്‍ കഴിഞ്ഞില്ല എന്നതാണ്. ഒരുപക്ഷേ, നാടകവും ബാലെയും കബഡിയുമൊന്നുമില്ലാതെ ബെല്‍ജിയവും ഫുട്‌ബോള്‍ കളിച്ചതുകൊണ്ടാകണം ജപ്പാനും തുറന്ന, ധൈര്യസമേതമുള്ള കളി പുറത്തെടുക്കാന്‍ കഴിഞ്ഞത്.

ചടുലമായ നിമിഷങ്ങളുമായി ആദ്യപകുതി സമാപിക്കുമ്പോള്‍ ജപ്പാന്‍ ഇംപ്രസ് ചെയ്യിച്ചെങ്കിലും ആധിപത്യം ബെല്‍ജിയത്തിനു തന്നെയായിരുന്നു. ജപ്പാന്‍ നന്നായി പ്രതിരോധിക്കുകയും പ്രത്യാക്രമണം നയിക്കുകയും ചെയ്‌തെങ്കിലും യൂറോപ്യര്‍ക്ക് രണ്ടാം പകുതിയില്‍ ഗോളടിക്കാനായേക്കുമെന്ന് തോന്നി. പക്ഷേ, ബെല്‍ജിയത്തിന്റെ പ്രതിരോധത്തില്‍ തുടക്കം മുതല്‍ക്കേ ദൃശ്യമായ വിള്ളല്‍ – വെര്‍ത്തുംഗന്റെ കയറിക്കളി – ഉപയോഗപ്പെടുത്തി ജപ്പാന്‍ രണ്ടാം പകുതിയുടെ തുടക്കത്തിലേ ഗോളടിച്ചു ഞെട്ടിച്ചു. സ്വന്തം ഹാഫില്‍ നിന്ന് ഡിബ്രുയ്‌നെക്കും വെര്‍ത്തുംഗനുമിടയിലൂടെ ഷിബസാക്കി നല്‍കിയ ആ ലോങ് ത്രൂപാസ് ഒരുപരീക്ഷണമായിരുന്നെങ്കിലും ഫലത്തിലത് കുറ്റമറ്റതായി പരിണമിച്ചു. തിരിഞ്ഞോടുന്നതിനിടയില്‍ ക്ലിയര്‍ ചെയ്യാനുള്ള വെര്‍ത്തുംഗന്റെ ശ്രമം പന്തിന്റെ വേഗം കുറച്ചതും വലതുവശത്തിലൂടെ ശരംകണക്കെ ഓടിക്കയറിയ ഹരാഗുച്ചിക്ക് തുണയായി. എന്നിട്ടും ബോക്‌സില്‍ സാവകാശത്തില്‍ സെക്കന്റ് ടച്ചെടുക്കാന്‍ വെര്‍ത്തുംഗന്‍ ജാപ്പനീസ് പ്ലെയറെ അനുവദിച്ചു. ആ സ്ഥലത്തവിടെ കംപനിയായിരുന്നെങ്കില്‍ ഒരു സ്വീപ്പിങ് ക്ലിയറന്‍സിനായിരിക്കും മുതിര്‍ന്നിരിക്കുക. ഹരാഗുച്ചി അവിടെ വെച്ചുതന്നെ പ്രഹരിക്കുമെന്ന് കോര്‍ട്വയും കരുതിക്കാണില്ല. കാരണം, കംപനിയുടെ മറവിലാണെങ്കിലും പാസ് സ്വീകരിക്കാന്‍ പാകത്തില്‍ ഒസാകോ ബോക്‌സിലെത്തിയിരുന്നു. പക്ഷേ, കൃത്യതമായ കനവും വേഗതയുമുള്ള ഷോട്ട് തൊടുത്ത് ഹരാഗുച്ചി ഗോള്‍കീപ്പറെ കീഴടക്കി.

ജപ്പാന്റെ രണ്ടാം ഗോള്‍ പ്രതിരോധത്തിലെ ബെല്‍ജിയത്തിന്റെ അലസതക്ക് ലഭിച്ച സമ്മാനമായിരുന്നു. ബോക്‌സിലേക്ക് ഹരാഗുച്ചിയെ നോട്ടമിട്ടു വന്ന ഹൈബോള്‍ കംപനി വായുവിലുയര്‍ന്ന് അടിച്ചകറ്റിയപ്പോള്‍ അപകടമൊഴിവാക്കേണ്ടത് വിറ്റ്‌സലിന്റെ ഡ്യൂട്ടിയായിരുന്നു. അയാള്‍ കൃത്യപൊസിഷനില്‍ ഉണ്ടായിരുന്നു താനും. പക്ഷേ, പന്ത് കിട്ടിയ കഗാവ ഡ്രിബ്ലിങ്ങിലൂടെ വിറ്റ്‌സലിനെ തന്റെ വഴിക്കു കൊണ്ടുപോയി. ഡിഫന്‍സില്‍ ഗ്യാപ്പ് തുറന്ന ഘട്ടത്തില്‍ തന്നെ പന്ത് ഇന്‍വിക്ക് കൈമാറി. ഡി സര്‍ക്കിളിന് പുറത്ത് സ്വസ്ഥമായ രണ്ടാം ടച്ചിന് സമയം കിട്ടിയാല്‍ ഏത് കളിക്കാരനായാലും പോസ്റ്റിനെ ലക്ഷ്യം വെക്കാതിരിക്കില്ല. ഒരു പെനാല്‍ട്ടി കിക്കെടുക്കുന്ന ലാഘവത്തിലാണ് ഇന്‍വി പന്ത് പോസ്റ്റിലെത്തിച്ചത്. പന്ത് തന്നെ കടന്നുപോകുമ്പോള്‍ കംപനി അമ്പരപ്പോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു; അത്തരമൊരു ഷോട്ട് അയാള്‍ പ്രതീക്ഷിച്ചതല്ലെന്നു വ്യക്തം.

ഒരു ഗോളിന്റെ കടംവീട്ടാന്‍ വഴികള്‍ തേടുകയായിരുന്ന ബെല്‍ജിയത്തെ അക്ഷരാര്‍ത്ഥത്തില്‍ ഉലച്ചുകളയുന്നതായിരുന്നു രണ്ടാമത്തെ ഗോള്‍. അവരുടെ പാസുകള്‍ നഷ്ടപ്പെടാനും പന്ത് എതിരാളികള്‍ കവരാനും തുടങ്ങി. ജപ്പാനാകട്ടെ, പ്രതിരോധത്തിലേക്കു വലിയാതെ ആക്രമിക്കാനുള്ള മൂഡിലുമായിരുന്നു. അതൊരു തെറ്റായ നീക്കമായെന്ന് പലരും എഴുതിക്കണ്ടു. പക്ഷേ, എനിക്കങ്ങനെ തോന്നുന്നില്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട ബെല്‍ജിയത്തിന് കൂടുതല്‍ കളിസമയം നല്‍കാനേ ആ ഘട്ടത്തില്‍ പ്രതിരോധത്തിലേക്ക് വലിയുന്നത് ഉപകരിക്കൂ. മാത്രവുമല്ല, ആരോഗ്യത്തിന്റെയും ശരീരത്തിന്റെയും അധിക ആനുകൂല്യമുള്ള ബെല്‍ജിയത്തെ ബോക്‌സിലും ചുറ്റുമായി കളിക്കാന്‍ അനുവദിക്കുന്നത് ആത്മഹത്യാപരവുമായിരിക്കും. ബോക്‌സില്‍ നിറയെ കളിക്കാരുള്ളപ്പോഴാണ് ബെല്‍ജിയത്തിന്റെ രണ്ടു ഗോളുകള്‍ പിറന്നത് എന്നതോര്‍ക്കുക.

ഇരുവശങ്ങളില്‍ നിന്നായി കരാസ്‌കോയെയും മെര്‍ട്ടന്‍സിനെയും പിന്‍വലിച്ച് ഫെല്ലയ്‌നിയെയും നാസര്‍ ഷാദ്‌ലിയെയും ഇറക്കാനുള്ള മെര്‍ട്ടന്‍സിന്റെ തീരുമാനം, ശരീരത്തിന്റെ ആനുകൂല്യം കൂടി മുതലെടുക്കാനുദ്ദേശിച്ചുള്ളതായിരുന്നു. ഉയരക്കാരായ ഇരുവരുടെയും വരവ് കളിയില്‍ മാറ്റമുണ്ടാക്കുകയും ചെയ്തു. ഇടതുഭാഗത്ത് അതിവേഗത്തിലൂടെ ഷാദ്‌ലി ക്ഷീണിതരായ ജപ്പാന്‍കാരെ ബുദ്ധിമുട്ടിച്ചപ്പോള്‍ ഫെല്ലയ്‌നി പന്ത് റിക്കവര്‍ ചെയ്യുന്നതില്‍ മിടുക്കുകാട്ടുയും ബോക്‌സിലേക്ക് പന്തെത്തിക്കുകയും ചെയ്തു. ഏദന്‍ ഹസാര്‍ഡ് ക്ഷീണമില്ലാതെ പോരാടുക കൂടി ചെയ്തപ്പോള്‍ ബെല്‍ജിയം അങ്ങനെ തോറ്റുകൊടുക്കില്ലെന്നുറപ്പായി. ലുകാകു ക്ലോസ് റേഞ്ചില്‍ നിന്ന് തൊടുത്ത ഹെഡ്ഡര്‍ പുറത്തേക്കുപോയെങ്കിലും വായുവില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബെല്‍ജിയത്തിനു കഴിയുമെന്നും വ്യക്തമായി.

ഏറെക്കുറെ ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു വെര്‍ത്തുംഗന്റെ ഗോള്‍. ഗോള്‍മുഖത്തിന് ലുകാകുവിനെ കണ്ടെത്തുകയായിരുന്നു അയാളുടെ ഹെഡ്ഡറിന്റെ ലക്ഷ്യം. പക്ഷേ, ലുകാകുവിനെ മാര്‍ക്ക് ചെയ്ത കളിക്കാരെയും ഉയരംകുറഞ്ഞ ഗോള്‍കീപ്പറെയും ഹതാശനാക്കി പന്ത് വലയിലേക്ക് തൂങ്ങിയിറങ്ങി. ആ ഗോള്‍ വിധിയുടെ വകയായിരുന്നു.

ഗോള്‍കുഷ്യന്‍ നഷ്ടമായതിനു ശേഷവും ജപ്പാന്‍ നടത്തിയ ആക്രമണം ബെല്‍ജിയത്തെ അവരുടെ ഹാഫില്‍ ശ്രദ്ധിക്കാന്‍ നിര്‍ബന്ധിതരാക്കി. എന്നാല്‍, പന്ത് കിട്ടുമ്പോഴുള്ള അവരുടെ വേഗതയെ തടയുക ഏറെക്കുറെ അസാധ്യമായിരുന്നു. ഒടുവില്‍ ഹസാര്‍ഡിന്റെ ദീര്‍ഘവീക്ഷണവും ഫെല്ലയ്‌നിയുടെ പൊസിഷനിങും കൃത്യമായി സമ്മേളിച്ചപ്പോള്‍ ജപ്പാന്റെ പോസ്റ്റില്‍ രണ്ടാം ഗോളും വീണു. രണ്ട് ഡിഫന്റര്‍മാര്‍ കൂടെനില്‍ക്കെ ചാടിയുയര്‍ന്ന് ഹെഡ്ഡ് ചെയ്യാന്‍ മാത്രം ആരോഗ്യം ഫെല്ലയ്‌നിക്കുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍, ബെല്‍ജിയം ആസൂത്രണം ചെയ്ത ഗോള്‍ തന്നെയായിരുന്നു അത്.

എക്‌സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും കളി ദീര്‍ഘിപ്പിക്കാനുള്ള ശാരീരിക ശേഷിയോ സാങ്കേതികത്തികവോ ജപ്പാനുണ്ടായിരുന്നില്ല. ഗോള്‍കീപ്പര്‍ കവാഷിമയുടെ സൂപ്പര്‍മാന്‍ പെര്‍ഫോമന്‍സ് കൊണ്ടുമാത്രമാണ് അവര്‍ 90 മിനുട്ടിനു മുമ്പ് ഗോള്‍ വഴങ്ങുന്നതില്‍ നിന്നു രക്ഷപ്പെട്ടത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഷാദ്‌ലിയെയും ലുകാകുവിനെയും തടയാന്‍ അയാള്‍ നടത്തിയ സേവുകള്‍!….

93ാം മിനുട്ടില്‍ കെയ്‌സുക്കെ ഹോണ്ട പായിച്ച തീയുണ്ട പോലുള്ള ഫ്രീകിക്കാണ് മത്സരഫലം നിര്‍ണയിക്കുന്നതിലേക്കു നയിച്ചത്. വളഞ്ഞുപുളഞ്ഞു വന്ന പന്ത് തടയാന്‍ കോര്‍ട്വ ശരിക്കും ബുദ്ധിമുട്ടി. ഫലമായി ലഭിച്ച കോര്‍ണറില്‍ നിന്ന് എങ്ങനെയും ഗോളടിക്കണമെന്നാഗ്രഹിച്ച് ജപ്പാന്‍കാര്‍ കൂട്ടത്തോടെ എതിര്‍ബോക്‌സിലെത്തി. പന്ത് പിടിച്ചെടുത്ത കോര്‍ട്വയാകട്ടെ തന്റെ പരിചയ സമ്പത്ത് പൂര്‍ണമായി ഉപയോഗിക്കുകയും ചെയ്തു. ബോക്‌സിന്റെ അറ്റംവരെ ഓടിക്കയറിയാണ് അയാള്‍ പന്ത് ഡിബ്രുയ്‌നെക്ക് നല്‍കുന്നത്. അയാള്‍ അതുമായി കുതിച്ചോടി. എന്നാല്‍, ജപ്പാന്‍ ബോക്‌സില്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുള്ള പണി മുഴുവനുമെടുത്തത് ലുകാകുവായിരുന്നു. വലതുവശത്തു നിന്ന് ഓട്ടം തുടങ്ങി മധ്യത്തിലേക്ക് നീങ്ങിയ അയാള്‍ അവസാന ഡിഫന്ററെ തന്നെ പിന്തുടരാന്‍ നിര്‍ബന്ധിച്ചു. അതാകട്ടെ വലതുവിങില്‍ മ്യൂനിയര്‍ക്ക് ഇഷ്ടംപോലെ സ്ഥലം നല്‍കുകയും ചെയ്തു. അവധാനതയില്ലാതെ മ്യൂനിയര്‍ നല്‍കിയ പാസ് ലുകാവിനുള്ളതായിരുന്നു. പക്ഷേ, ഒരിക്കല്‍ക്കൂടി അയാളുടെ സാമര്‍ത്ഥ്യം പ്രവര്‍ത്തിച്ചു. തന്നെ പൊതിഞ്ഞുനിന്ന രണ്ട് ഡിഫന്റര്‍മാരെയും ഹതാശരാക്കി അയാള്‍ ഡമ്മി പാസിലൂടെ പന്ത് ഷാദ്‌ലിയുടെ വഴിയിലെത്തിച്ചു. ലുകാകുവിന്റെ ഓട്ടം കൃത്യമായി നിരീക്ഷിച്ച് പിന്നാലെ വന്നിരുന്ന ഷാദ്‌ലിക്ക് തുറന്ന പോസ്റ്റില്‍ പന്തെത്തിക്കാന്‍ പണിപ്പെടേണ്ടി വന്നില്ല. ഒരിക്കല്‍ക്കൂടി, എന്തുകൊണ്ടാണ് മികവില്‍ മുന്തിനിന്നത് ബെല്‍ജിയം തന്നെയാണെന്ന് തെളിയിക്കുന്ന ഗോള്‍…

ബെല്‍ജിയവും അവരുടെ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസും ഈ ജയം അര്‍ഹിച്ചിരുന്നു. എന്നാല്‍, ഇങ്ങനെയൊരു തോല്‍വി ജപ്പാന്‍ അര്‍ഹിച്ചതായിരുന്നില്ല; വിശേഷിച്ചും തന്ത്രശാലിയായ അവരുടെ കോച്ച് അകിര നിഷിനോയും അവസാന ഇഞ്ചുവരെ വിട്ടുകൊടുക്കാതെ പോരാടിയ ഗോള്‍കീപ്പര്‍ കവാഷിമയും. 35-കാരനായ കവാഷിമക്ക് ഇനിയൊരു ലോകകപ്പ് കളിക്കാനായേക്കില്ല; പക്ഷേ, ഈ മത്സരം അയാളെ ഫുട്‌ബോള്‍ ഓര്‍മകളില്‍ അയാളെ ചിരഞ്ജീവിയാക്കും. ബെല്‍ജിയത്തിന്റെ ജയം വാശിയേറിയ ബ്രസീല്‍ – ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിനാണ് വഴി തുറന്നിരിക്കുന്നത്. ബെല്‍ജിയത്തിന്റെ ദൗര്‍ബല്യങ്ങള്‍ വെളിവാക്കപ്പെട്ട ഈ മത്സരം ടിറ്റേ നന്നായി പഠിക്കും. എന്നാല്‍, അതിനെ അതിജയിച്ചുകൊണ്ടൊരു കളിയൊരുക്കാന്‍ മാര്‍ട്ടിനസിന് കഴിയുമോ എന്നാണ് കാണേണ്ടത്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending