ഭോപാല്‍: മധ്യപ്രദേശിലെ ഭോപാല്‍ നഗര മധ്യത്തില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയായ 19-കാരിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് നാലു പേരാണ് പെണ്‍കുട്ടിയെ മൂന്നു മണിക്കൂറോളം കൂട്ടം ചേര്‍ന്ന് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ക്രൂരകൃത്യത്തിന്റെ ഇടവേളയില്‍ അക്രമികള്‍ ചായ കുടിക്കുകയും ഗുട്ക വലിക്കുകയും ചെയ്തു. പരാതി നല്‍കിയിട്ടും അന്വേഷണം നടത്താത്തതിനെ തുടര്‍ന്ന് പരാതിക്കാരിയും മാതാപിതാക്കളും ചേര്‍ന്ന് രണ്ട് അക്രമികളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിന്റെ തലസ്ഥാന നഗരത്ത് അരങ്ങേറിയത്. പരാതി നല്‍കിയപ്പോള്‍ പെണ്‍കുട്ടി ‘സിനിമാക്കഥ’ പറയുകയാണ് എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍ ആദ്യം പ്രതികരിച്ചത്. 11 മണിക്കൂറോളം പരാതിയില്‍ അന്വേഷണം നടത്തിയില്ല. സംഭവം പുറത്തറിയുകയും പ്രതിഷേധങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഇടപെടുകയും ചെയ്തതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍ ടെകാമിനെയും അഞ്ച് പൊലീസുകാരെയും സസ്‌പെന്റ് ചെയ്തു.

ഭോപാലിലെ ഹബീബ്ഗഞ്ച് റെയില്‍വേ സ്റ്റേഷനു സമീപം, റെയില്‍വേ പോസ്റ്റിന് 100 മീറ്റര്‍ മാത്രം അകലെ വൈകീട്ട് ഏഴു മണിയോടെയാണ് കൂട്ടബലാത്സംഗം അരങ്ങേറിയത്. ഐ.എ.എസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ, ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ വെച്ച് ഗോലു ബിഹാരി എന്ന പ്രതി കടന്നു പിടിക്കുകയായിരുന്നു. ഗോലുവും ഇയാളുടെ സഹോദരന്‍ അമര്‍ ഭുണ്ഡും ചേര്‍ന്ന് പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നു.

പെണ്‍കുട്ടി പ്രതിഷേധിച്ചപ്പോള്‍ പ്രതികള്‍ അടിച്ചുവീഴ്ത്തുകയും കെട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പിന്നീട് രണ്ടു പേരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. രാത്രി പത്തു മണിയോടെയാണ് പെണ്‍കുട്ടിയെ പോകാന്‍ അനുവദിച്ചത്. പെണ്‍കുട്ടി അപ്പോള്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.

പിറ്റേന്നു രാവിലെ പെണ്‍കുട്ടി പിതാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് മനസ്സിലായത്. ഇത് ചോദ്യം ചെയ്തതോടെ, ഉദ്യോഗസ്ഥര്‍ ഇവരെ പരിഹസിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നിന്നു മടങ്ങവെ പെണ്‍കുട്ടിയും അച്ഛനും രണ്ട് പ്രതികളെ വഴിയില്‍ വെച്ച് കാണുകയും ഓടിച്ചിട്ട് പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.