kerala

ഭൂട്ടാന്‍ വാഹനക്കടത്ത് കേസ്: അമിത്തിന് കോയമ്പത്തൂര്‍ റാക്കറ്റുമായി ബന്ധമുണ്ടോ? കസ്റ്റംസ് അന്വേഷണം

By webdesk17

September 26, 2025

കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള ആഡംബര വാഹനക്കടത്ത് കേസില്‍ നടന്‍ അമിത് ചക്കാലക്കലിന്റെ യാത്രകള്‍ക്കു ചുറ്റുമാണ് കസ്റ്റംസ് അന്വേഷണം ശക്തമാകുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള അമിത്തിന്റെ പല യാത്രകളും കോയമ്പത്തൂര്‍ ആസ്ഥാനമായ കടത്ത് സംഘാംഗങ്ങളെ കാണാനായിരുന്നുവെന്ന സംശയത്തിലാണ് ഉദ്യോഗസ്ഥര്‍.

അമിത്തിന്റെ വിദേശയാത്രകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച പരിശോധന തുടരുകയാണ്. ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത നേടുക എന്നതാണ് അന്വേഷണത്തിന്റെ ലക്ഷ്യം.

അടുത്തിടെ അമിത്തിന്റെ ഗാരേജില്‍ നിന്ന് കസ്റ്റംസ് എട്ട് വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ ഒന്ന് മാത്രമാണ് തന്റേതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബാക്കി വാഹനങ്ങള്‍ മോഡിഫിക്കേഷന്‍ക്കായി കൊണ്ടുവന്നതാണെന്നും ചിലത് മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവയാണെന്നും അമിത് വ്യക്തമാക്കി. എന്നാല്‍ റീ-രജിസ്‌ട്രേഷന്‍ നടപടികളില്‍ കടന്നിട്ടില്ലെന്നതിനാല്‍ ഇടനിലക്കാരുമായുള്ള ബന്ധം ശക്തമാണെന്ന നിഗമനത്തിലാണ് കസ്റ്റംസ്.

കോയമ്പത്തൂരിനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വാഹനക്കടത്ത് സംഘത്തെ കഴിഞ്ഞ വര്‍ഷം കസ്റ്റംസ് പിടികൂടിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് അമിത്തിന്റെ ഗാരേജിലടക്കം പരിശോധനകളും രേഖാ പരിശോധനകളും നടന്നത്. കഴിഞ്ഞ ദിവസത്തെ റെയ്ഡിന് ശേഷവും അമിത്തിനെ കസ്റ്റംസ് ഓഫീസില്‍ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു.