X
    Categories: indiaNews

തിയ്യതി കുറിച്ചു; ബിഹാറില്‍ ആരു വാഴും- നെഞ്ചിടിപ്പോടെ മുന്നണികള്‍

പട്‌ന: പോരാട്ടത്തിന് തിയ്യതി കുറിച്ചതോടെ ബിഹാറില്‍ ഇനി തെരഞ്ഞെടുപ്പിന്റെ ചൂട്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള നാള്‍ കുറിച്ചത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയ്യതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ പത്തിന് ഫലമറിയാം.

കോവിഡ് മഹാമാരിക്കാലത്ത് ലോകത്തു തന്നെ നടക്കുന്ന ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. 243 നിയമസഭാ സീറ്റുകളാണ് ബിഹാറില്‍ ഉള്ളത്. ചരിത്രപരമായ തെരഞ്ഞെടുപ്പ് എന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഇതിനെ വിശേഷിപ്പിച്ചത്.

പോരാട്ടം ഇങ്ങനെ

നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെഡിയു നയിക്കുന്ന ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ, ലാലുപ്രസാദ് യാദവ് നേതൃത്വം നല്‍കുന്ന ആര്‍ജെഡി നയിക്കുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ സഖ്യം. ഇതാണ് ബിഹാറിലെ പൊതു ചിത്രം. തുടര്‍ച്ചയായ നാലാം തവണ അധികാരം പിടിക്കാനാണ് ജെഡിയുവിന്റെ ശ്രമം. അതിന് ഏതുവില കൊടുത്തും തടയിടുമെന്ന ആത്മവിശ്വാസവുമായി ആര്‍ജെഡിയും.

ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിയും മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും എത്തിയത് പ്രതിപക്ഷ നിരയുടെ ഊര്‍ജം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്‍ഡിഎയ്ക്കുള്ളിലെ സീറ്റു തര്‍ക്കവും ചിരാഗിന്റെ ഇടച്ചിലും ഭരണകക്ഷിക്ക് വെല്ലുവിളിയാകുമെന്ന് തീര്‍ച്ചയാണ്.

ജയിലില്‍ കഴിയുന്ന ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവാണ് ആര്‍ജെഡിയുടെ മുഖം. കോവിഡ് വൈറസ്, തൊഴിലാളികളുടെ കുടിയേറ്റം, പ്രളയം എന്നീ വിഷയങ്ങളില്‍ ഈയിടെ തേജസ്വി യാദവ് സര്‍ക്കാറിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ വിവാദമായ കാര്‍ഷിക ബില്ലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണ്. ബില്‍ കര്‍ഷക വിരുദ്ധമാണ് എന്ന പ്രചാരണം പ്രതിപക്ഷം ആരംഭിച്ചു കഴിഞ്ഞു.

2015 ലെ കക്ഷിനില

മഹാഗട്ബന്ധന്‍ എന്ന പേരില്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികള്‍ ഒന്നിച്ചു നിന്നാണ് 2015ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജെഡിയു 71 ഇടത്തും ആര്‍ജെഡി 80 ഇടത്തും കോണ്‍ഗ്രസ് 27 സീറ്റിലും വിജയിച്ചു. ഇന്ത്യന്‍ നാഷണല്‍ ലോക്ദര്‍, സമാജ്‌വാദി ജനതാ പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി എന്നീ ആറു കക്ഷികളുടെ കൂട്ടായ്മയായിരുന്നു മഹാഗട്ബന്ധന്‍. നിതീഷ് കുമാര്‍ ആയിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. 243 സീറ്റില്‍ 157 സീറ്റ് നേടിയാണ് മഹാസഖ്യം അധികാരം പിടിച്ചത്.

എതിര്‍പക്ഷത്തായിരുന്ന ബിജെപിക്ക് 53 ഉം ലോക്ജന്‍ശക്തി പാര്‍ട്ടി, രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി എന്നീ കക്ഷികള്‍ക്ക് രണ്ടു വീതവും സീറ്റാണ് ലഭിച്ചിരുന്നത്.

എന്നാല്‍ മഹാസഖ്യം 2017 ജൂലൈ വരെ മാത്രമേ നിലനിന്നുള്ളൂ. പിന്നീട് ബിജെപിക്കൊപ്പം ചേര്‍ന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ബിജെപിയുടെ സുശീല്‍ കുമാര്‍ മോദിയായിരുന്നു ഉപമുഖ്യമന്ത്രി.

ഇത്തവണ എന്തു സംഭവിക്കും?

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി 80 സീറ്റുള്ള ആര്‍ജെഡിയാണ്. കോണ്‍ഗ്രസിന് 27 സീറ്റുണ്ട്. മൊത്തം 107 സീറ്റ്. 122 പേരുടെ പിന്തുണയാണ് സര്‍ക്കാറുണ്ടാക്കാന്‍ വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ആഞ്ഞു പിടിച്ചാല്‍ നിതീഷ് കുമാറിനെ താഴെയിറക്കാം എന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.

എന്നാല്‍ വോട്ട് ഓഹരികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് ബിജെപി വളര്‍ച്ചയുണ്ടാക്കിയത്. 2015ല്‍ 7.94 ശതമാനം വോട്ടുകളുടെ വര്‍ധനയാണ് ബിജെപിക്കുണ്ടായത്. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പില്‍ ജെഡിയു സഖ്യകക്ഷിയായി 91 സീറ്റാണ് ബിജെപി നേടിയിരുന്നത്. ജെഡിയുവിന് 5.81 ശതമാനവും ആര്‍ജെഡിക്ക് 0.44 ശതമാനവും കോണ്‍ഗ്രസിന് 1.68 ശതമാനവും വോട്ടു കുറഞ്ഞു. അതേസമയം, 157 സീറ്റിലാണ് ബിജെപി മത്സരിച്ചത്. ജെഡിയുവും ആര്‍ജെഡിയും 101 സീറ്റില്‍ വീതം മത്സരിച്ചു. കോണ്‍ഗ്രസ് 41 ഇടത്തും.

Test User: