പട്‌ന : അപകീര്‍ത്തികരവും കുറ്റകരവുമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ബിഹാര്‍ സര്‍ക്കാര്‍. സമൂഹ മാധ്യമങ്ങളിലൂടെ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ അസ്വസ്ഥനായാണ് മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഇത്തരം ഒരു നടപടിയിലേക്ക് കടന്നതെന്നാണ് സൂചന.

തനിക്ക് നേരെ ഉയരുന്ന സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങളോട് രൂക്ഷഭാഷയിലാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ വ്യാഴാഴ്ച സംസ്ഥാന സര്‍ക്കാരിലെ എല്ലാ സെക്രട്ടറിമാര്‍ക്കും സാമ്പത്തിക കുറ്റകൃത്യ വിഭാഗം മേധാവി ഐ.ജി നയ്യാര്‍ ഹസ്‌നൈന്‍ ഖാന്‍ കത്തെഴുതി.

സര്‍ക്കാരിനും മന്ത്രിമാര്‍ക്കും പാര്‍ലമെന്റംഗങ്ങള്‍ക്കും നിയമസഭാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ ചില വ്യക്തികളും സംഘടനകളും സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തിവരികയാണെന്നും ഇത് നിയമവിരുദ്ധമാണെന്നും സൈബര്‍കുറ്റകൃത്യങ്ങളുടെ പരിധിയില്‍പ്പെടുന്നതാണെന്നും ഐ.ജി നയ്യാര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.