ന്യൂഡല്‍ഹി: എസ്.ഐ.ആറും വോട്ടു ചോരിയും രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ റാലിയും ഇളക്കിമറിച്ച ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തിയതി കുറിച്ചു. നവംബര്‍ ആറിനും 11നും രണ്ടു ഘട്ടങ്ങളിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. നവംബര്‍ 14നാണ് വോട്ടെണ്ണല്‍. 2020 നവംബറില്‍ മുന്നു ഘട്ടമായാണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് നടന്നത്. 2025 നവംബര്‍ 16നു മുമ്പ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് സി.ഇ.സി ഗ്യാനേഷ് കുമാര്‍ പറഞ്ഞു. നവംബര്‍ 22നാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന ത്. ഏഴു സംസ്ഥാനങ്ങളിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നവംബര്‍ 11ന് നടക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ബിഹാര്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഈ മാസം 10ന് പുറത്തു വരും. ഒക്ടോബര്‍ 17 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി. സൂക്ഷ്മ പരിശോധന ഒക്ടോബര്‍ 18നു നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയപരിധി ഒക്ടോബര്‍ 20ന് വൈകീട്ട് അഞ്ച് മണി വരെയാണ്. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 13ന് പുറത്തുവരും. ഒക്ടോബര്‍ 20ന് പത്രികാ സമര്‍പ്പണം അവസാനിക്കും. 21ന് സൂക്ഷ്മ പരിശോധന നടക്കും. 23ന് പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിക്കും. ആകെയുള്ള 243 സീറ്റില്‍ 38 സീറ്റുകള്‍ എസ്.സി സംവരണ മണ്ഡലങ്ങളും രണ്ടെണ്ണം എസ്.ടി സംവരണ മണ്ഡലവുമാണ്.
അധികാരക്കേസര ഉറപ്പിക്കാന്‍ അടിക്കടി മുന്നണി മാറുന്ന നിതീഷ് കുമാറിനെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ജനവിധി അതീവ നിര്‍ണായകമാണ്. ഭരണ വിരുദ്ധ വികാരത്തിനൊപ്പം വോട്ടുചോരി അടക്കമുള്ള ആരോപണങ്ങളും ജെ.ഡി.യു എന്‍.ഡി.എ സഖ്യത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഭരണ കക്ഷിയായ എന്‍.ഡി.എക്ക് നിവലില്‍ 131 അംഗങ്ങളാണുള്ളത്. ബി.ജെ.പി (80), ജെ.ഡി.യു (45), എച്ച്.എ.എം(എസ്- 4), രണ്ടു സ്വതന്ത്രരുടെ പിന്തുണയും നിതീഷ് കുമാര്‍ സര്‍ക്കാറിനുണ്ട്. മഹാസഖ്യത്തിന് 111 അംഗങ്ങളാണുള്ളത് .
ആര്‍.ജെ.ഡി 77, കോണ്‍ഗ്രസ് 19. സി.പി.ഐ(എം.എല്‍) 11, സി.പി.ഐ(എം) 2, സി.പി.ഐ (2) എന്നിങ്ങനെയാണ് മഹാ സഖ്യത്തിലെ കക്ഷി നില. കൂടുതല്‍ കക്ഷികളെ ഉള്‍കൊള്ളിച്ച് ഇന്ത്യാ മുന്നണിയുടെ ബാനറിലാണ് ഇത്തവണ ആര്‍.ജെ.ഡി – കോണ്‍ഗ്രസ് സഖ്യം പോരിനിറങ്ങുന്നത്. എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ബിഹാറിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 7.4 കോടിയാണ്. ഇതില്‍ 3.92 കോടി പേര്‍ പുരുഷനമാരും 3.5 കോടി സ്ത്രീകളുമാണ്. 1725 ട്രാന്‍ സ്‌ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്. 14 ലക്ഷമാണ് കന്നി വോട്ടര്‍മാരുടെ എണ്ണം. മൊത്തം വോട്ടര്‍മാരില്‍ നാലു ലക്ഷം പേര്‍ മുതിര്‍ന്ന പൗരന്മാര്‍ ആണ്. ഇതില്‍ തന്നെ 14,000 പേര്‍ നൂറു വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്.