സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദുബായില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന ആരോപണം ശക്തമായിരിക്കെ, മാധ്യമങ്ങളെ വിമര്‍ശിച്ച് സഹോദരന്‍ ബിനീഷ് കോടിയേരി രംഗത്ത്. മാധ്യമങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്ത വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുകയാണെന്ന് ബിനീഷ് കോടിയേരി ആരോപിച്ചു. വാര്‍ത്തകള്‍ കെട്ടിച്ചമച്ചു നിരന്തരം വേട്ടയാടുകയാണെന്നും ബിനീഷി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

മലയാളികളുടെ ചായയുടെ കൂടെയുള്ള സ്‌നാക്‌സാണു താനെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ആരോപണങ്ങളില്‍ ഒന്നുപോലും സത്യത്തിനു നിരക്കാത്തതിനാലാണ് ഇപ്പോഴും പൊതുസമൂഹത്തിന്റെ മുന്‍പില്‍ നില്‍ക്കുന്നത്. ആരോപണം ഉന്നയിച്ചര്‍ക്കു തെളിയിക്കാനുള്ള ബാധ്യതയുമുണ്ട്. കടലില്‍ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കാന്‍ നോക്കരുത്. ബിനോയിക്കു ദുബായ് പൊലീസില്‍നിന്നു ലഭിച്ച ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമാണു സമൂഹമാധ്യമത്തില്‍ ബിനീഷ് കുറിപ്പിട്ടത്.