ന്യൂഡല്‍ഹി: പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയം ലോക്‌സഭാ ചര്‍ച്ചക്കെടുക്കാനിരിക്കെ എം.പിമാര്‍ക്ക് വിപ്പ് നല്‍കി ബി.ജെ.പി. എന്‍.ഡി.എ മുന്നണിയിലുള്ള ശിവസേന, അകാലിദള്‍, ലോക് ജനശക്തി പാര്‍ട്ടി, ജെ.ഡി.യു അംഗങ്ങള്‍ക്കാണ് വിപ്പ് നല്‍കിയത്. വെള്ളിയാഴ്ച സഭയില്‍ എന്തായാലും ഉണ്ടാകണമെന്ന് നിര്‍ദേശവും ബി.ജെ.പി നേതൃത്വം എം.പിമാര്‍ക്ക് നല്‍കി.

നേരത്തെ കേന്ദ്ര സര്‍ക്കാറിനെതിരായ അവിശ്വാസപ്രമേയം പാസാകുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബി.ജെ.പി എം.പിമാര്‍ക്ക് വിപ്പ് നല്‍കിയത്.
കേന്ദ്ര സര്‍ക്കാറിനെതിരെ സഭയില്‍ വെച്ച അവിശ്വാസപ്രമേയം പാസാകുമെന്നായിരുന്നു സോണിയാ ഗാന്ധി പറഞ്ഞത്.

അവിശ്വാസ പ്രമേയം പാസാകുമെന്ന് പ്രതീക്ഷയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സോണിയാ ഗാന്ധി. ‘ആര് പറഞ്ഞു ഞങ്ങള്‍ക്ക് ആവശ്യത്തിന് പിന്തുണയില്ലെന്ന്, വെള്ളിയാഴ്ചയിലെ അവിശ്വാസപ്രമേയത്തില്‍ ശുഭ പ്രതീക്ഷയാണുള്ളത്’, സോണിയ ഗാന്ധി പറഞ്ഞു.

ടി.ഡി.പി സമര്‍പ്പിച്ച അവിശ്വാസപ്രമേയ നോട്ടീസ് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സ്വീകരിച്ചിരുന്നു. വെള്ളിയാഴ്ചയായിരിക്കും പ്രമേയത്തില്‍മേല്‍ ചര്‍ച്ച നടക്കുക. അതിനു ശേഷം വോട്ടെടുപ്പും നടക്കും. രാവിലെ 11 മണി മുതല്‍ ആറു വരെ സഭ സമ്മേളിക്കും. ഇതില്‍ ശൂന്യവേളയോ മറ്റു സ്വകാര്യ ബില്ലുകളോ പരിഗണിക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനു ശേഷമാണ് അവിശ്വാസപ്രമേയത്തിന്മേല്‍ വോട്ടെടുപ്പ് നടക്കുക.