ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പി.ആര്‍ വര്‍ക്ക് കണ്ട് കോര്‍പറേറ്റുകള്‍ പോലും മൂക്കത്ത് വിരല്‍ വെക്കുകയാണിപ്പോള്‍. നൂറുകണക്കിന് കോടി രൂപ നല്‍കി സ്വന്തം ബ്രാന്‍ഡ് കരുപ്പിടിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റുകളെ പിന്നിലാക്കി രാജ്യം ഭരിക്കുന്ന പാര്‍ട്ടി പണം കൊടുത്ത് പരസ്യം നല്‍കുന്നതില്‍ മുമ്പിലെത്തി. ഉപഭോക്തൃ ഉത്പന്നങ്ങളുടെ ഭീമന്‍ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ ലിവറിനെ പോലും പിന്നിലാക്കിയാണ് പത്ര, ചാനലുകളിലൂടെ ബിജെപി പരസ്യം ‘മുന്നേറു’ന്നത്. രാജ്യത്തെ കാര്‍ഷിക പ്രതിസന്ധിയോ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ തകര്‍ച്ചയോ ഒന്നും നൂറുകണക്കിന് കോടി രൂപ മുടക്കി പരസ്യം നല്‍കാന്‍ ബിജെപിയ്ക്ക് തടസമാകുന്നില്ല. ലോക്‌സഭാ തെരഞ്ഞെുടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബിജെപി പരസ്യത്തിലൂടെ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്.

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എല്ലാ ചാനലുകള്‍ക്കും പരസ്യം നല്‍കുന്നതില്‍ മോദിയുടെ പാര്‍ട്ടി ഒന്നാം സ്ഥാനത്താണ്. അതേസമയം കോണ്‍ഗ്രസാകട്ടെ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ പോലും എത്താനാകാത്തയത്ര പാപ്പരാണ് താനും. ദരിദ്രനാരായണന്‍മാരുടെ നാട്ടില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് പരസ്യത്തിന് ചെലവഴിക്കാന്‍ നൂറുകണക്കിന് കോടികള്‍ ആര് നല്‍കി എന്ന ചോദ്യം നേരത്തെ മുതല്‍ ഉയര്‍ന്ന വരുന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ, മിസോറാം തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുളള പ്രത്യേക തെരഞ്ഞെടുപ്പ് പരസ്യങ്ങളാണ് ബിജെപി തുടര്‍ച്ചയായി നല്‍കിയത്. 22099 തവണയാണ് ബിജെപിയുടെ പരസ്യം വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. പരസ്യത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനമായ നെറ്റ്ഫ്‌ളിക്‌സ് ആണ് രണ്ടാമത്. 12951 തവണയാണ് ഈ പരസ്യം വന്നത്. ട്രിവാഗോ (12795) സന്തൂര്‍ സാന്റല്‍ (1122) ഡെറ്റോള്‍ ലിക്വഡ് സോപ്പ് (9487) ഡെറ്റോള്‍ ടോയിലറ്റ് സോപ്പ് (8633) എന്നിങ്ങനെയാണ് വിവിധ കമ്പനികളുടെ പരസ്യങ്ങള്‍ ടിവികള്‍ കാണിച്ചത്.