X

അമിത്ഷായുടെ റാലിക്കിടെ ജ്യൂസ് ട്രക്ക് മോഷ്ടിച്ച് ബി.ജെ.പിക്കാര്‍; പൊട്ടിക്കരഞ്ഞ ഡ്രൈവര്‍ക്ക് കോണ്‍ഗ്രസുകാര്‍ 20000 രൂപ പിരിച്ചു നല്‍കി

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര മന്ത്രി അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ ശീതളപാനീയവുമായി എത്തിയ ട്രക്ക് നടുറോഡില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊള്ളയടിച്ചു. 35000 രൂപയോളം വിലമതിക്കുന്ന വെള്ളക്കുപ്പികളും ശീതളപാനീയങ്ങളും ഐസ്‌ക്രീം പെട്ടികളും റാലിക്കെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വണ്ടി വളഞ്ഞ് അടിച്ചുമാറ്റുകയായിരുന്നു.

സാധനങ്ങള്‍ കൊള്ളയടിക്കരുതെന്ന് കരഞ്ഞ് കൊണ്ട് ആള്‍ക്കൂട്ടത്തോട് ഡ്രൈവര്‍ സമീര്‍കാലി അഭ്യര്‍ത്ഥിച്ചെങ്കിലും ഇത് ചെവിക്കൊള്ളാതെ വെള്ളക്കുപ്പികള്‍ കൈക്കലാക്കുകയായിരുന്നു. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലാതയോടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ അണികളില്‍ നിന്ന് 20000 രൂപ പിരിച്ച് സമീറിന്റെ വീട്ടിലെത്തി കൈമാറി ആശ്വാസിപ്പിച്ചതായി ‘ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. വിവാദമായതോടെ തടിയൂരാന്‍ ബി.ജെ.പിയുടെ മൈസൂര്‍-കുടഗ് എം.പി പ്രതാപ് സിംഹ രംഗത്തെത്തിയിരുന്നു.

ഏപ്രില്‍ 28ന് വെള്ളിയാഴ്ച ഗദഗ് ജില്ലയിലെ ലക്ഷമേശ്വറിലാണ് കൊള്ളയടി നടന്നത്. അമിത് ഷായുടെ രാഷ്ട്രീയ റാലി നടക്കുന്നതിനിടയിലൂടെ ട്രക്കുമായി പോവുകയായിരുന്നു സമീര്‍. ഒരു ബി.ജെ.പി നേതാവാണ് ശീതളപാനീയത്തിന് ഓര്‍ഡര്‍ നല്‍കിയിരുന്നത്. എന്നാല്‍, ആള്‍ക്കൂട്ടം വണ്ടിയിലുള്ള സാധനങ്ങള്‍ മൊത്തം കവര്‍ന്നതോടെ പറഞ്ഞ സ്ഥലത്ത് വെള്ളം എത്തിക്കാനായില്ല. ഓര്‍ഡര്‍ ചെയ്ത നേതാവ് പണവും നല്‍കിയതുമില്ല. പൊലീസെത്തി സമീറിനോട് സ്ഥലം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വീഡിയോ വൈറലാവുകയും കോണ്‍ഗ്രസുകാര്‍ രംഗത്തെത്തുകയും ചെയ്തത്.

webdesk13: