kerala

വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു; ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്നും സതീശൻ

By webdesk14

August 03, 2024

വയനാട് ദുരന്തത്തിൽ ബി ജെ പി രാഷ്ട്രീയം കലർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ അതിനുള്ള സമയമല്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. എംപിമാർ ഉൾപ്പെടെ രാജ്യസഭയിലും ലോക്‌സഭയിലും ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചെലുത്തുണ്ട്. സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയം ഇതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ദുരിതാശ്വാസ നിധി കൂടുതൽ സുതാര്യമാക്കണം. കണക്കുകൾ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയാൽ പ്രശ്‌നം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് 100 വീടുകൾ നിർമിച്ച് നൽകും. സർക്കാർ ഭൂമി നൽകിയാൽ അതിൽ വീട് വെക്കും. എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിതിയിലേക്ക് പണം നൽകണം. സിഎംഡിആർഎഫിനെതിരെ കോൺഗ്രസ് നെഗറ്റിവ് ക്യാമ്പയിൻ നടത്തുന്നില്ലെന്നും വി ഡസതീശൻ വ്യക്തമാക്കി.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇതിനെതിരെ വലിയ രീതിയിൽ പ്രചാരണം നടന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ 39 കേസുകളാണ് രജിസ്റ്റർ ചെയ്തത്.