ഹൈദരാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് ഭീഷണി മുഴക്കിയ തെലുങ്കാന ബിജെപി എംഎല്‍എ രാജാ സിങ് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്ത്. വന്ദേമാതരം പാടാത്തവര്‍ക്ക് ഇന്ത്യയില്‍ ഇടമില്ലെന്നാണ് എംഎല്‍എയുടെ വാദം. ഭോപ്പാലില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും വന്ദേമാതരം പാടണം. പാടാത്തവര്‍ക്ക് ഇന്ത്യയില്‍ നില്‍ക്കാന്‍ അവകാശമില്ല. കഴുത്തില്‍ വാള്‍ വെക്കാതെ തന്നെ അവര്‍ വന്ദേമാതരം പാടുന്നത് കാണാം. അവര്‍ ഇന്ത്യയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരാണ്-ഇതായിരുന്നു ബിജെപി എംഎല്‍എയുടെ വാക്കുകള്‍.

fghdcvcaku-1463668880
വന്ദേമാതരം പാടാത്തവര്‍ക്ക് പ്രത്യേക ‘ഡിസ്‌കൗണ്ട് സ്‌കീമും’ സിങ് നല്‍കുന്നുണ്ട്. രണ്ടു ദിവസം വന്ദേമാതരം പാടാത്തവരെ പഞ്ചാബിനടുത്ത് വാഗാ അതിര്‍ത്തിയിലേക്കും അതുവഴി പാകിസ്താനിലേക്കും അയക്കും. ‘ഓഫര്‍’പ്രകാരം രണ്ടു ദിവസം കഴിഞ്ഞാല്‍ വേണമെങ്കില്‍ അവര്‍ക്ക് തിരിച്ചുവരാമെന്നും രാജാ സിങ് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നവരുടെ തലവെട്ടുമെന്ന് കഴിഞ്ഞ ദിവസം രാജാ സിങ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിനെതിരെ വെല്ലുവിളി മുഴുക്കുന്നവരുടെ തലവെട്ടും. ഇത് ഹിന്ദുസ്ഥാനാണ്. ഇവിടെ ജീവിച്ച് ഹിന്ദുക്കളെ അവഹേളിക്കുന്നവരുടെ വെറുതെ വിടില്ലെന്നുമായിരുന്നു രാജാസിങിന്റെ പ്രസ്താവന.
മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരെ നിരന്തരം വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന ആളാണ് രാജാസിങ്. വിദ്വേഷ പ്രസംഗത്തിനും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കാന്‍ ശ്രമിച്ചതിനും കേസുകള്‍ രാജാസിങിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.