ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയിലെ കിരീടം വെക്കാത്ത രാജാവായിരുന്നു ബ്ലാക്ക്‌ബെറി. ഗുണമേന്മയും തങ്ങളുടേതു മാത്രമായ ഒട്ടേറെ സവിശേഷതകളുമായി ഫോണ്‍പ്രേമികളുടെ ഹൃദയത്തിലിടം നേടിയ കനേഡിയന്‍ ബ്രാന്‍ഡിനു പക്ഷേ, സ്മാര്‍ട്ട്‌ഫോണ്‍ യുഗം പുരോഗമിച്ചപ്പോള്‍ ചുവടുപിഴക്കുന്നതാണ് കണ്ടത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ജനപ്രിയ താരമായപ്പോള്‍ തങ്ങളുടെ സ്വന്തം ഓ.എസില്‍ കടിച്ചുതൂങ്ങിയത് ബ്ലാക്ക്‌ബെറിക്ക് തിരിച്ചടിയായി.

എല്ലാ ഫോണ്‍ നിര്‍മാതാക്കളും മുഴുവനായി ടച്ച് സ്‌ക്രീനിലേക്ക് മാറിയപ്പോള്‍ തങ്ങളുടെ ട്രേഡ്മാര്‍ക്കായ കീബോര്‍ഡ് ഉപേക്ഷിക്കാന്‍ മടിച്ചതും അവര്‍ക്ക് ദോഷം ചെയ്തു. വന്‍വിലയുള്ള ഒന്നാംനിര ഫോണുകള്‍ വിപണിയില്‍ തരക്കേടില്ലാത്ത പ്രകടനം പ്രകടനം കാഴ്ചവെച്ചപ്പോള്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ ഫോണുകളുടെ ശ്രേണിയില്‍ ബ്ലാക്ക്‌ബെറി തീര്‍ത്തും പരാജയപ്പെടുകയായിരുന്നു.

ആന്‍ഡ്രോയ്ഡില്‍ ഒരു പരീക്ഷണം നടത്തി ‘ഇസഡ് 10’ ഇറക്കിയെങ്കിലും വിപണിയിലെ മറ്റ് ബ്രാന്‍ഡുകള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഏറെക്കുറെ പൂര്‍ണമായി തന്നെ അവര്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നു പിന്‍വാങ്ങി.

ക്വാളിറ്റിയില്‍ കോംപ്രമൈസ് ഇല്ല

ഒടുവിലിതാ ഇന്ത്യന്‍ വിപണിയിലേക്കുള്ള തിരിച്ചുവരവ് ബ്ലാക്ക്‌ബെറി പ്രഖ്യാപിച്ചിരിക്കുന്നു. ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്നു ഡിടെക്50 (DTEK50), ഡിടെക്60 (DTEK60) എന്നീ മിഡ്‌റേഞ്ച് ഫോണുകളുമായാണ് കനേഡിയന്‍ കമ്പനിയുടെ തിരിച്ചുവരവ്. ഷവോമി, ലെനവോ തുടങ്ങിയ ബ്രാന്‍ഡുകള്‍ വിലകുറച്ച് വിപണി പിടിക്കുമ്പോള്‍ വലിയ വിലക്കുറവില്ലാതെ, തങ്ങളുടെ ക്വാളിറ്റി തന്നെ മാര്‍ക്കറ്റ് ചെയ്യാനാണ് ബ്ലാക്ക്‌ബെറിയുടെ ശ്രമം. ഡിടെക്50 ന് 21,990 രൂപയും ഡിടെക്60-ന് 46,900 രൂപയുമാണ് കമ്പനി വിലയിട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫോണുകള്‍ ബ്ലാക്ക്‌ബെറി പുറത്തിറക്കി.

ഡിടെക് 60
ഡിടെക് 60

5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേ, 3 ജിബി റാം, 13 എം.പി ക്യാമറ, ഫ്‌ളാഷോടു കൂടിയ 8 എം.പി സെല്‍ഫി ക്യാമറ എന്നിവയാണ് ഡിടെക്50 ന്റെ സവിശേഷതകള്‍. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 2 ടിബി വരെ മെമ്മറി വര്‍ധിപ്പിക്കാമെന്നതാണ് ശ്രദ്ധേയമായ ഒരു പ്രത്യേകത.

21 എംപി ക്യാമറ, 8 എം.പി സെല്‍ഫി ക്യാമറ, അമോള്‍ഡ് ടച്ച്‌സ്‌ക്രീനോടു കൂടിയ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീന്‍, ക്വാഡ്‌കോര്‍ പ്രോസസ്സര്‍, 4 ജിബി റാം എന്നിവയാണ് ഡിടെക് 60-ന്റെ സവിശേഷതകള്‍.