കൊച്ചി: നിര്‍ണായക മത്സരത്തില്‍ എഫ്.സി പൂനെ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഒരു റെക്കോര്‍ഡും സ്വന്തമാക്കി. ഐ.എസ്.എല്‍ ചരിത്രത്തില്‍ ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് സച്ചിന്റെ ടീം സ്വന്തം പേരില്‍ കുറിച്ചത്. ഇത് വരെ ഹോം ഗ്രൗണ്ടില്‍ ആരും തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ വിജയിച്ചിട്ടില്ല. കൊച്ചിയില്‍ നടന്ന ഈ സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ ബ്ലാസ്റ്റേഴ്‌സ് തോല്‍വിയോടെയായിരുന്നു തുടങ്ങിയത്.

പിന്നാലെ ഡല്‍ഹിക്കെതിരായ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. മുംബൈ സിറ്റി എഫ്‌സി, എഫ്.സി ഗോവ, ചെന്നൈന്‍ എഫ്.സി, എഫ്.സി പൂനെ സിറ്റി എന്നിവരെയാണ് ഹോം ്ഗ്രൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സ് തോല്‍പിച്ചത്. പൂനെ സിറ്റിക്കെതിരായ മത്സരത്തോടെ ബ്ലാസ്റ്റേഴ്‌സിന് 18 പോയിന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. ഹെയ്തി താരം നാസോണ്‍, നായകന്‍ ആരോണ്‍ ഹ്യൂസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോളുകള്‍ നേടിയത്. 29ന് കൊല്‍ക്കത്തയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ഈ മത്സരം വിജയിച്ചാല്‍ ഏറെകുറേ ടീമിന് സെമി ഉറപ്പിക്കാം. ഡിസംബര്‍ നാലിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന മത്സരം. ഇത് കൊച്ചിയിലാണ് നടക്കുക. ഇതിലും വിജയിച്ചാല്‍ ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ വിജയിക്കുന്ന ടീമെന്ന നേട്ടവും സെമി ബര്‍ത്തും ബ്ലാസ്റ്റേഴ്‌സിന് ലഭിക്കും.